Site iconSite icon Janayugom Online

രാജ്യത്ത് എല്ലാ മുതിര്‍ന്നവരും ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്ന് കേന്ദ്രം

കോവിഡ് നാലാംതരംഗത്തെ പ്രതിരോധിക്കുന്നതിന് നല്‍കുന്ന കരുതല്‍ (ബൂസ്റ്റര്‍) വാക്സിന് വില നല്‍കണം. പതിനെട്ട് വയസ് കഴിഞ്ഞ എല്ലാവര്‍ക്കും നാളെ മുതല്‍ കരുതല്‍ ഡോസ് സ്വീകരിക്കാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പതിനെട്ടോ അതില്‍ കൂടുതലോ പ്രായമുള്ളവര്‍ക്കും രണ്ടാം ഡോസ് എടുത്ത് ഒമ്പത് മാസം പിന്നിട്ടവര്‍ക്കും കരുതല്‍ ഡോസ് എടുക്കാം. എന്നാല്‍, ബൂസ്റ്റര്‍ ഡോസ് സൗജന്യമായിരിക്കില്ലെന്നും സ്വകാര്യ കേന്ദ്രങ്ങള്‍ വഴിയാണ് വിതരണം ചെയ്യുന്നതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.

ഒന്നും രണ്ടും ഡോസുകള്‍ക്കും മുന്‍കരുതല്‍ ഡോസുകള്‍ക്കുമായി സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ വഴി നടക്കുന്ന സൗജന്യ വാക്സിനേഷന്‍ പരിപാടി തുടരും. ആരോഗ്യപ്രവര്‍ത്തകര്‍, മുന്‍നിര പ്രവര്‍ത്തകര്‍, അറുപത് വയസിന് മുകളിലുള്ളവര്‍ എന്നിവര്‍ക്കുള്ള ബൂസ്റ്റര്‍ ഡോസ് വിതരണവും സൗജന്യമായി തുടരും. പല രാജ്യങ്ങളിലും കോവിഡ് വ്യാപനം വീണ്ടും വർധിക്കുകയും മൂന്നാം ഡോസ് ഇല്ലാതെ വിദേശത്തേക്ക് യാത്ര ചെയ്യാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് എല്ലാ മുതിർന്നവർക്കും ബൂസ്റ്റർ നൽകാനുള്ള തീരുമാനം. ഇസ്രായേൽ പോലുള്ള രാജ്യങ്ങൾ ബൂസ്റ്റർ ഡോസ് സ്വീകരിക്കാത്തവർക്ക് വാക്സിനേഷൻ പൂർത്തിയായതായി കണക്കാക്കുന്നില്ല.

ഇതുവരെ 2.4 കോടിയിലധികം കരുതല്‍ ഡോസുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്‍നിര പ്രവര്‍ത്തകര്‍ക്കുമായി നല്‍കി. രാജ്യത്തെ ജനസംഖ്യയില്‍ ഏകദേശം 96 ശതമാനം പേര്‍ കോവിഡ് വാക്സിന്റെ ആദ്യ ഡോസും 83 ശതമാനം പേര്‍ രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,109 പുതിയ കേസുകളാണ് കണ്ടെത്തിയത്. 4.3 കോടിയിലധികം പേർക്കാണ് ഇന്ത്യയിൽ ഇതേവരെ കോവിഡ് ബാധിച്ചത്. 5.21 ലക്ഷം മരണങ്ങളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ശാസ്ത്രീയ നിര്‍ദേശമില്ല
പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടത് ശാസ്ത്രീയ നിര്‍ദേശങ്ങള്‍ അനുസരിച്ചല്ലെന്ന് വിമര്‍ശനം. 18 വയസിന് മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതുമായി ബന്ധപ്പെട്ട് ഒരു ശുപാര്‍ശയും നല്‍കിയിരുന്നില്ലെന്ന് കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട ദേശീയ സാങ്കേതിക ഉപദേശക ഗ്രൂപ്പ് അംഗം ഡോ. ജെ പി മുലിയില്‍ പറ‍ഞ്ഞു. ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും സര്‍ക്കാരിന് ഒരു നിര്‍ദേശവും നല്‍കിയിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

കോവിഷീല്‍ഡ് ബൂസ്റ്റര്‍ ഡോസിന് 600 രൂപ

കോവിഷീല്‍ഡ് ബൂസ്റ്റര്‍ ഡോസിന് 600 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഇതിനുപുറമെ നികുതി കൂടി നല്‍കണം. ആശുപത്രികള്‍ക്ക് കുറഞ്ഞ വിലയ്ക്കാകും വാക്സിന്‍ ഡോസുകള്‍ ലഭ്യമാക്കുകയെന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അഡാര്‍ പൂനാവാല അറിയിച്ചു.

780 രൂപ വീതമാണ് ആദ്യ രണ്ട് കോവിഷീല്‍ഡ് ഡോസുകള്‍ക്ക് സ്വകാര്യ ആശുപത്രികള്‍ ഈടാക്കിയിരുന്നത്. കോവാക്സിന്‍ ഡോസുകള്‍ക്ക് 1410 രൂപയായിരുന്നു സ്വകാര്യ മേഖലയില്‍ വില.

Eng­lish Summary:Center urges all adults in the coun­try to take boost­er dose
You may also like this video

Exit mobile version