കുതിച്ചുയരുന്ന പൊതുകടത്തിന് പിന്നാലെ 2025 സാമ്പത്തിക വർഷത്തേക്കുള്ള മൂലധന ചെലവ് വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍.
2024 സാമ്പത്തിക വർഷത്തേക്കുള്ള പുതുക്കിയ എസ്റ്റിമേറ്റായ 9.48 ലക്ഷം കോടിയിൽ നിന്ന് 16.9 ശതമാനം വര്‍ധനയോടെ 2025 സാമ്പത്തിക വർഷത്തിൽ 11.11 ലക്ഷം കോടി രൂപ മൂലധന ചെലവായി കേന്ദ്രസർക്കാർ ലക്ഷ്യം വച്ചിരുന്നു. എന്നാല്‍ കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്‌സ് (സിജിഎ) കണക്കുകള്‍ പ്രകാരം ഓഗസ്റ്റ് വരെ 3.09 ലക്ഷം കോടി രൂപ മാത്രമേ ചെലവഴിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുള്ളൂ. ഇത് സാമ്പത്തികവർഷ ലക്ഷ്യത്തിന്റെ 27 ശതമാനം മാത്രമാണ്.
നടപ്പ് സാമ്പത്തിക വർഷത്തിൽ ഇനി ഏഴ് മാസം മാത്രം ശേഷിക്കുമ്പോൾ 73 ശതമാനം ലക്ഷ്യം കൈവരിക്കേണ്ട സാഹചര്യം നിലനില്‍ക്കുന്നു. കഴിഞ്ഞ വർഷം ഇതേകാലയളവിൽ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യത്തിന്റെ 37.4 ശതമാനം നേടിയിരുന്നു. മൂലധനച്ചെലവിലെ കുറവ് രാജ്യത്തെ പശ്ചാത്തല വികസനരംഗത്ത് ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കും.
അതേസമയം കേന്ദ്രസര്‍ക്കാരിന്റെ പൊതുകടം ക്രമാനുഗതമായി ഉയരുന്നതായി സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 2023–24ൽ കേന്ദ്ര സർക്കാർ എടുത്തിട്ടുള്ള വായ്‌പ ജിഡിപിയുടെ 5.6 ശതമാനമാണ്. 2022–23ലെ അന്തിമ കണക്കിൽ 6.4 ശതമാനമാണ് കടമെടുത്തത്. 2023–24ലെ മൊത്തം കടം 171.78 ലക്ഷം കോടി രൂപയാണ്. ജിഡിപിയുടെ 58.2 ശതമാനം. ഈവർഷം അത് 185.27 ലക്ഷം കോടി രൂപ കവിയുമെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
സംസ്ഥാനങ്ങളുടെ മൂലധനച്ചെലവിലും തളര്‍ച്ച സംഭവിക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 21 സംസ്ഥാനങ്ങളുടെ ചെലവില്‍ 6.5 ശതമാനം വളര്‍ച്ച മാത്രമാകും ഉണ്ടാവുകയെന്ന് നാഷണൽ സ്റ്റോക്ക് എക്സ്‌ചേഞ്ച് റിപ്പോർട്ടില്‍ പറയുന്നു. ഇത് പ്രധാനമായും കേന്ദ്രത്തിൽ നിന്നുള്ള ബജറ്റ് ഗ്രാന്റുകൾ കുറയ്ക്കുന്നതിന്റെയും നികുതി വിഭജനത്തിലെ കുറവിന്റെയും പ്രതിഫലനമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം റവന്യുചെലവ് 8.9 ശതമാനം വര്‍ധനയോടെ 44.2 ലക്ഷം കോടി രൂപയായി ഉയരും. പലിശ, പെൻഷന്‍ തുടങ്ങിയ പ്രതിബദ്ധതയുള്ള ചെലവുകളില്‍ 10.2 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നും എന്‍എസ്ഇ കണക്കുകൂട്ടുന്നു. പഞ്ചാബിന്റെ മൂലധനചെലവില്‍ 6.2 ശതമാനം മാത്രം വളര്‍ച്ചയാണ് എന്‍എസ്ഇ റിപ്പോര്‍ട്ട് പ്രവചിക്കുന്നത്.
പതിനഞ്ചാം ധനകാര്യ കമ്മിഷൻ കേന്ദ്ര നികുതി വരുമാനത്തിന്റെ 41 ശതമാനം 28 സംസ്ഥാനങ്ങൾക്കായി വിഭജിച്ചു നൽകണമെന്നാണ് ശുപാർശ ചെയ്തത്. ധനകാര്യ കമ്മിഷൻ ശുപാർശ ചെയ്തതിലും കുറവാണ് കേന്ദ്രം സംസ്ഥാനങ്ങൾക്കായി നീക്കിവച്ചത്. നികുതി വരുമാനത്തിന്റെ വലിയ പങ്ക് കേന്ദ്രം തന്നെ കൈയ്യടക്കി. ഇതോടെ പല സംസ്ഥാനങ്ങളും സാമ്പത്തിക ഞെരുക്കത്തിലായി.
വികസനത്തിന്റെയും വളർച്ചയുടെയും സാമൂഹ്യ പുരോഗതിയുടെയും അടിസ്ഥാനത്തിൽ വളർച്ച നേടിയ സംസ്ഥാനങ്ങളുടെ വിഹിതം ഏകപക്ഷീയമായി വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ കേരളമടക്കം വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിഷേധം അറിയിച്ചിരുന്നു.