അഗ്നിപഥ് പദ്ധതി പ്രഖ്യാപനത്തിനു പിന്നാലെ വ്യോമസേനയിലെ എയര്‍മെന്‍ പരീക്ഷാ ഫലങ്ങള്‍ തടഞ്ഞുവച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. 2021 ജൂലെെയില്‍ നടന്ന പരീക്ഷയുടെ ഫലം ഇതുവരെയും പ്രസിദ്ധീകരിച്ചിട്ടില്ല. ആറ് ലക്ഷത്തിലധികം ഉദ്യോഗാര്‍ത്ഥികളാണ് പരീക്ഷാ ഫലത്തിനായി കാത്തിരിക്കുന്നത്. എയര്‍മെന്‍ എക്സ്, വെെ കാറ്റിഗറി തസ്തികയിലേക്കുള്ള റിക്രൂട്ട്മെന്റിനായിരുന്നു പരീക്ഷ നടത്തിയത്. അഗ്നിപഥ് പദ്ധതി കണക്കിലെടുത്ത് റിക്രൂട്ട്മെന്റ് നടപടികള്‍ തടഞ്ഞുവച്ചിരിക്കുകയാണെന്ന് ഉദ്യോഗാര്‍ത്ഥികളില്‍ ഒരാള്‍ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് ഡയറക്‌ടറേറ്റ് ഓഫ് പേഴ്‌സണൽ സർവീസസ് മറുപടി നല്‍കിയിട്ടുണ്ട്.
കൂടാതെ വ്യോമസേനയിലേക്കുള്ള റിക്രൂട്ട്മെന്റ് പ്രക്രിയ അഗ്നിപഥ് പദ്ധതി വഴിയാണ് നടത്തുന്നതെന്നും മറുപടിയില്‍ പറയുന്നു. വര്‍ഷത്തില്‍ രണ്ട് തവണ നടത്തിയിരുന്ന റിക്രൂട്ട്മെന്റ് പ്രകിയ 2020 ലും 2021 ലും ഒരു തവണ മാത്രമാണ് നടത്തിയത്. 2021 ജൂലൈ 12 മുതൽ ജൂലൈ 18 വരെയായിരുന്നു പരീക്ഷ. വിജ്ഞാപനമനുസരിച്ച് പരീക്ഷ നടത്തി ഒരുമാസത്തിനുള്ളില്‍ ഫലം പ്രഖ്യാപിക്കണം. സാങ്കേതിക കാരണങ്ങളാല്‍ ഫലം വെെകുമെന്നാണ് ബന്ധപ്പെട്ട വെബ്സെെറ്റിലുള്ളത്. ഫലപ്രഖ്യാപനം വെെകുന്നതിന് ഔദ്യോഗികമായ വിശദീകരണം ഇതുവരെയും നല്‍കിയിട്ടില്ല. ബന്ധപ്പെട്ട വെബ്‌സൈറ്റ് നീക്കം ചെയ്തതായും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. പരീക്ഷയ്ക്ക് സർക്കാർ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് പിരിച്ചെടുത്ത 15.85 കോടി രൂപയുടെ കാര്യത്തിലും വിശദീകരണമില്ല. 250 രൂപയായിരുന്നു രജിസ്ട്രേഷന്‍ ഫീസ്.
English Summary: Center withholds Airmen exam results
You may also like this video