Site icon Janayugom Online

കൊടകര കുഴല്‍പ്പണ കേസില്‍ കേന്ദ്രത്തിന്റെ വാദങ്ങള്‍ പൊളിയുന്നു; വിവരങ്ങള്‍ ഇഡിക്ക് 2021ല്‍ തന്നെ കൈമാറിയിരുന്നുവെന്ന് കേരള പൊലീസ്

കൊടകര കുഴൽപ്പണ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും കൈമാറിയിട്ടുണ്ടെന്ന് കേരള പൊലീസ്. സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്തിന്റെ ഓഫീസ് പുറത്തു വിട്ട വാ‍ര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2021 ജൂൺ ഒന്നിനും ഓഗസ്റ്റ് രണ്ടിനുമാണ് രേഖകള്‍ കൈമാറിയതെന്ന് പൊലീസ് വ്യക്തമാക്കി .

അതേസമയം കൊടകര കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട രേഖകളും വിവരങ്ങളും പലതവണ ആവശ്യപ്പെട്ടിട്ടും കേരള പൊലീസ് നല്‍കിയിട്ടില്ലെന്ന് കേന്ദ്രസർക്കാര്‍ കഴിഞ്ഞ ദിവസം പാ‍ര്‍ലമെൻ്റിൽ പറഞ്ഞത്. ഹൈബി ഈഡൻ എംപിയുടെ ചോദ്യത്തിനാണ് ധനമന്ത്രാലയം ഇക്കാര്യം പാ‍ര്‍ലമെന്റില്‍ മറുപടിയായി പറഞ്ഞത്. കള്ളപ്പണക്കേസില്‍ പരാതികളുടെ അടിസ്ഥാനത്തില്‍ ഇഡി നടത്തുന്ന അന്വേഷണം തുടരുകയാണെന്നും കേന്ദ്ര ധനകാര്യ സഹമന്ത്രിപങ്കജ് ചൗധരി അറിയിച്ചു. 

2021 ഏപ്രില്‍ ഏഴിനാണ് കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ 22 പേരെ പ്രതികളാക്കി 2021 ജൂലൈ 23ന് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തുടര്‍ന്ന് ഒരാള്‍ കൂടി അറസ്റ്റിലായതിന്റെ അടിസ്ഥാനത്തില്‍ 2022 നവംബര്‍ 15ന് അധികമായി ഒരു കുറ്റപത്രം കൂടി സമര്‍പ്പിച്ചു. തൃശ്ശൂര്‍ റെയ്ഞ്ച് ഡിഐജിയുടെ നേതൃത്വത്തില്‍ തൃശൂര്‍ പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ അന്വേഷണ ഉദ്യോഗസ്ഥനായി രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം 2021 മെയ് 10ന് ചുമതല ഏറ്റെടുത്തത്. സംഭവത്തില്‍ 1,58,48,801 രൂപയാണ് വീണ്ടെടുത്തിട്ടുള്ളത്. 56,64,710 രൂപ മറ്റുള്ളവര്‍ക്ക് കൈമാറിയതായും കണ്ടെത്തി. 

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2021 ഏപ്രില്‍ മൂന്നിന് പുലർച്ചെ 4.40നാണ് കൊടകരയിൽ കാർ തട്ടിക്കൊണ്ട് പോയി അതിലുണ്ടായിരുന്ന മൂന്നരക്കോടി കവർന്നത്. ഇതിൽ 1.4 കോടി അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. ഈ തുക വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് ബിജെപി പ്രവർത്തകന്‍ ധർമ്മരാജനും യുവമോർച്ച മുൻ സംസ്ഥാന ഖജാൻജി സുനിൽ നായികും കോടതിയെ സമീപിച്ചിരുന്നത്. കവർച്ച ചെയ്യപ്പെട്ടതിൽ മൂന്നേകാൽ കോടി ധർമ്മരാജന്റേതും 25 ലക്ഷം സുനിൽ നായികിന്റേതുമാണെന്നാണ് കോടതിയിൽ സത്യവാങ്മുലം നല്കിയിരുന്നത്.

അതേസമയം കുഴൽപ്പണകേസിൽ നിന്ന് തലയൂരാന്‍ ബിജെപി മെനഞ്ഞ കഥ പൊളിയുകയായിരുന്നു. പൊലീസ് കണ്ടെടുത്ത പണം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ധർമ്മരാജൻ, സുനിൽ നായിക് എന്നിവര്‍ സമര്‍പ്പിച്ച ഹർജി കോടതി തള്ളി. കാർ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ധർമ്മരാജന്റെ ഡ്രൈവർ ഷംജീർ സമർപ്പിച്ച ഹർജിയും തള്ളിയിരുന്നു. പണം തങ്ങളുടേതാണെന്ന് തെളിയിക്കാനാവശ്യമായ രേഖകൾ ഹാജരാക്കാൻ ഹർജിക്കാർക്ക് കഴിയാത്തതിനാലാണ് ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് അലിഷാ മാത്യു ഹർജികൾ തള്ളിയത്.

രേഖകൾ ഹാജരാക്കാൻ സമയം ആവശ്യപ്പെട്ടതിനാൽ 2021 ജൂൺ 23 മുതൽ പലതവണ ഇതിന് കോടതി അവസരം നല്കിയിട്ടും രേഖകള്‍ ഹാജരാക്കാന്‍ ധര്‍മ്മരാജന് കഴിഞ്ഞില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കൊച്ചിയിലെ ഒരു വ്യവസായിക്ക് കൈമാറാന്‍ മുംബൈയില്‍ നിന്ന് കൊടുത്തുവിട്ട പണമാണിതെന്നും ബിജെപി ഇലക്ഷന്‍ ഫണ്ടുമായി ഇതിന് ബന്ധമില്ലെന്നുമാണ് കേസിന്റെ തുടക്കത്തില്‍ ധര്‍മ്മരാജന്‍ വാദിച്ചത്. ബിജെപിയെയും കെ സുരേന്ദ്രനടക്കമുള്ള നേതാക്കളെയും രക്ഷപ്പെടുത്താനായിരുന്നു ഈ വാദം. ഹര്‍ജി തള്ളിയതോടെ ബിജെപിയുടെ ഈ തന്ത്രമാണ് പൊളിഞ്ഞത്. 

ഏപ്രിൽ മൂന്നിന് നടന്ന കവർച്ചയിൽ 500 മീറ്റർ അകലെ പൊലീസ് സ്റ്റേഷൻ ഉണ്ടായിരുന്നിട്ടും ഏപ്രിൽ ഏഴിനാണ് കാർ ഡ്രൈവറായ ജംഷീർ കൊടകര പൊലീസിൽ പരാതി നല്കിയത്. ഇത് തന്നെ സംശയത്തിന് ഇട നല്കിയിരുന്നു. കേസ് അത്ര പ്രാധാന്യമില്ലാത്തതാണെന്നും അതിനാലാണ് ഇഡിയും ആദായ നികുതി വകുപ്പും അന്വേഷിക്കാത്തതെന്നും ഹർജിക്കാർ വാദിച്ചിരുന്നു. എന്നാൽ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ ബാധിക്കുന്നതാണ് ഈ ഹവാല ഇടപാടെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ കെ ഉണ്ണികൃഷ്ണൻ വാദിച്ചു. പണം കള്ളക്കടത്താണെന്ന് തെളിയിക്കുന്നതാണ് കാറിലെ രഹസ്യ അറയെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു. കറൻസി നശിച്ചു പോകുന്ന വസ്തുവല്ലെന്നും അതിനാൽ കേസ് തീരും വരെ സുരക്ഷിതമായി സൂക്ഷിക്കാനാകുമെന്നും കോടതി അന്ന് നിരീക്ഷിച്ചു. കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെയും ഇഡി ചോദ്യം ചെയ്തിരുന്നു. 

Eng­lish Summary:Center’s argu­ments fall apart in Kodakara hawala mon­ey; Ker­ala Police said that the infor­ma­tion was hand­ed over to ED in 2021 itself
You may also like this video

Exit mobile version