ഇന്ത്യ- ചൈന തര്‍ക്കത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇരട്ടത്താപ്പ് പുറത്ത്. ഇന്ത്യ‑ചൈന അതിര്‍ത്തി തര്‍ക്കം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും തമ്മില്‍ ധാരണയിലെത്തിയിട്ടുണ്ടെന്നാണ് ചൈനയുടെ പ്രസ്താവന. അതിർത്തിയിലെ സംഘർഷം പരിഹരിക്കാതെ ഇന്ത്യ‑ചൈന നയതന്ത്ര ബന്ധം അസാധ്യമാണെന്ന ദേശീയ ഉപദേഷ്ടാവ് അജിത്ത് ഡോവലിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് ചൈന പ്രസ്താവന പുറത്തിറക്കിയത്.
ചൈനീസ് നയതന്ത്ര പ്രതിനിധിയും, ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഉന്നത അധികാരസമിതി അംഗവുമായ വാങ് യി യുമായി നടന്ന കൂടിക്കാഴ്‌ചയിലാണ് അജിത് ഡോവല്‍ വിഷയം ഉന്നയിച്ചത്. മൂന്ന് ദിവസമായി ജൊഹന്നാസ്ബർഗിൽ നടന്ന ബ്രിക്സ് രാഷ്‌ട്രങ്ങളുടെ സമ്മേളനത്തോടനുബന്ധിച്ചുള്ള കൂടിക്കാഴ്ചയിലായിരുന്നു ഇന്ത്യ‑ചൈന അതിർത്തി സംഘർഷം ചർച്ചയായത്.
എന്നാല്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ ബാലിയില്‍ നടന്ന യോഗത്തില്‍ നരേന്ദ്രമോഡിയും ഷി ജിന്‍പിങും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും അതിര്‍ത്തി തര്‍ക്കം സംബന്ധിച്ച വിഷയത്തില്‍ ധാരണയായെന്നുമാണ് ചൈന പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്.
2020 ഏപ്രിലിലുണ്ടായ ഗല്‍വാന്‍ സംഘര്‍ഷത്തിന് ശേഷം മോഡിയും ഷി ജിന്‍പിങ്ങും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നില്ല. എന്നാല്‍ ബാലിയില്‍ നടന്ന ജി20 നേതാക്കന്മാരുടെ യോഗത്തിനിടെ അത്താഴം കഴിക്കുമ്പോള്‍ ഇരുവരും ഏതാനും വിഷയത്തെക്കുറിച്ച് സംസാരിച്ചുവെന്നാണ് ചൈനയുടെ പക്ഷം. പരസ്പരം ഭീഷണിയാകാനോ വികസന അവസരങ്ങള്‍ക്ക് തടസം നിക്കാനോ ആഗ്രഹിക്കുന്നില്ലെന്നും ആരോഗ്യപ്രദവും സുസ്ഥിരവുമായ പാതയില്‍ അതിര്‍ത്തിയില്‍ സമാധാനം പുനസ്ഥാപിച്ചുവരികയാണെന്നും പ്രസ്താവനയില്‍ പറയുന്നു. ഇരുനേതാക്കളും വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
ദിവസങ്ങൾക്ക് മുൻപ് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറും വാങ് യി യുമായി ചർച്ച നടത്തിയിരുന്നു.
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക, തുടങ്ങിയ രാജ്യങ്ങളുടെ സാമ്പത്തിക കൂട്ടായ്മയാണ് ബ്രിക്സ്. അടുത്തമാസം ദക്ഷിണാഫ്രിക്കയിലാണ് ബ്രിക്സ് ഉച്ചകോടി നടക്കുക.
english summary;Center’s double standards in India-China dispute
you may also like this video;