Site iconSite icon Janayugom Online

സമ്പുഷ്ടീകരിച്ച പുഴുക്കലരി അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്രത്തിന്റെ സമ്മര്‍ദ്ദതന്ത്രം

സംസ്ഥാനത്ത് സമ്പുഷ്ടീകരിച്ച പുഴുക്കലരി വള‌ഞ്ഞ വഴിയിലൂടെ അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്രത്തിന്റെ സമ്മര്‍ദ്ദതന്ത്രം. എഫ്‌സിഐ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളില്‍, പുഴുക്കലരിയെക്കാളും പച്ചരിയുടെ അനുപാതം വര്‍ധിപ്പിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം ഇതിന്റെ ഭാഗമായിരുന്നുവെന്നാണ് സൂചന. കഴിഞ്ഞ മൂന്ന്-നാല് മാസക്കാലമായാണ് സംസ്ഥാനത്തിന് അനുവദിക്കുന്ന പച്ചരിയുടെ അളവ് 70 മുതല്‍ 80 ശതമാനം വരെയായി വര്‍ധിപ്പിച്ചത്. തുടക്കത്തില്‍ ചില ജില്ലകളില്‍ മാത്രമായിരുന്നു ഈ പ്രശ്നം. പിന്നീട് എല്ലായിടത്തും പച്ചരിയുടെ അളവ് പുഴുക്കലരിയെക്കാള്‍ വളരെ കൂടുതലാകുന്ന സാഹചര്യമായി. ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ നേരത്തെ പലതവണ ഈ വിഷയം കേന്ദ്രത്തിന്റെയും എഫ്‌സിഐയുടെയും ശ്രദ്ധയില്‍പെടുത്തിയിരുന്നു. പച്ചരിയുടെ അനുപാതം ക്രമാതീതമായി വര്‍ധിപ്പിച്ചുകൊണ്ടുള്ള നീക്കം, സമ്പുഷ്ടീകരിച്ച പുഴുക്കലരി ഏറ്റെടുക്കാന്‍ സംസ്ഥാനത്തിനെ നിര്‍ബന്ധിക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയതാണെന്നാണ് പുറത്തുവരുന്ന സൂചനകള്‍.

സമ്പുഷ്ടീകരിച്ച അരി റേഷന്‍കടകളിലൂടെ വിതരണം ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. പദ്ധതി നടപ്പിലാക്കുന്നതിനായി എല്ലാ സംസ്ഥാനങ്ങളിലെയും ഓരോ ജില്ലകള്‍ തെരഞ്ഞെടുത്തതില്‍ കേരളത്തിലെ വയനാട് ജില്ലയും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ വിഷയത്തില്‍ വലിയ ആശങ്കകള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ വിശദമായ ചര്‍ച്ചകള്‍ നടത്തി. തലാസീമിയ, സിക്കിള്‍ സെല്‍ അനീമിയ രോഗബാധിതര്‍ക്ക് സമ്പുഷ്ടീകരിച്ച അരി വിതരണം ചെയ്യേണ്ടതില്ലെന്ന് ജനപ്രതിനിധികള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടുകയും ചെയ്തു. ഇത് സംബന്ധിച്ച് പഠനം നടത്തുന്നതിനായി ആരോഗ്യവകുപ്പ് ഒമ്പത് അംഗങ്ങള്‍ ഉള്‍പ്പെടുന്ന വിദഗ്ധ സമിതിയെ നിയോഗിക്കുകയും ചെയ്തു.

പുഴുക്കലരി കൂടുതല്‍ നല്‍കണമെന്ന ആവശ്യം സംസ്ഥാനം ഉന്നയിച്ചപ്പോള്‍, സമ്പുഷ്ടീകരിച്ച പുഴുക്കലരി എഫ്‌സിഐയില്‍ ആവശ്യത്തിന് ലഭ്യമാണെന്നായിരുന്നു അധികൃതര്‍ മറുപടി നല്‍കിയത്. ഉത്തരേന്ത്യയിലെ ആരോഗ്യാവസ്ഥ പരിഗണിച്ചാണ്‌ സമ്പുഷ്ടീകരണം കൊണ്ടുവന്നത്‌. ഫോർട്ട്‌ഫൈഡ് അരിക്കുള്ള കൃത്രിമ പോഷകം ഉല്പാദിപ്പിക്കുന്നവരെ സഹായിക്കാനുള്ള പദ്ധതിയാണെന്നും ആക്ഷേപമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ്, പുഴുക്കലരി ആവശ്യത്തിന് നല്‍കാതെ സമ്പുഷ്ടീകരിച്ച അരി നിര്‍ബന്ധിതമായി ഏറ്റെടുപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന സംശയം ശക്തമാകുന്നത്.

വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി: മന്ത്രി ജി ആര്‍ അനില്‍

സംസ്ഥാനത്ത് റേഷന്‍ കടകളില്‍ പുഴുക്കലരി ലഭ്യമാകാത്ത വിഷയത്തില്‍ ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുന്നുവെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ നിയമസഭയില്‍. ഈ മാസം മുതൽ ആവശ്യത്തിന് പുഴുക്കലരി റേഷൻ കടകളിലൂടെ വിതരണം ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പി മമ്മിക്കുട്ടിയുടെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായി മന്ത്രി പറഞ്ഞു.

വിഷയം കേന്ദ്ര ഭക്ഷ്യമന്ത്രിയെ നേരിൽക്കണ്ടും എഫ്‌സിഐ അധികാരികളുടെ യോഗം വിളിച്ചും ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് സംസ്ഥാനത്തിനുള്ള ആകെ അലോട്ട്മെന്റിന്റെ 50 ശതമാനം പുഴുക്കലരി നൽകണമെന്ന് കേന്ദ്രം എഫ്‌സിഐ അധികാരികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഈ വിവരം കേന്ദ്ര സർക്കാർ ജനുവരി 19ലെ കത്ത് മുഖാന്തരം സംസ്ഥാനത്തെ അറിയിച്ചിട്ടുണ്ടെന്നും ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.

Eng­lish Summary:Center’s pres­sure to give worst rice 

You may also like this video

Exit mobile version