Site iconSite icon Janayugom Online

വിമര്‍ശകരെ കുടുക്കാന്‍ കേന്ദ്രത്തിന്റെ ചാരപ്പണി; പുതിയ ചാര സോഫ്റ്റ്‌വേര്‍ വാങ്ങുന്നു

spyspy

പ്രതിപക്ഷ നേതാക്കളുടെയും സര്‍ക്കാര്‍ വിരുദ്ധ നയം സ്വീകരിക്കുന്നവരുടെയും വിവരങ്ങള്‍ ചോര്‍ത്തി വന്‍ വിവാദം സൃഷ്ടിച്ച ഇസ്രയേല്‍ ചാര സോഫ്റ്റ്‌വേര്‍ പെഗാസസിന് പകരം പുതിയ സോഫ്റ്റ്‌വേര്‍ വാങ്ങാന്‍ പദ്ധതിയിട്ട് മോഡി സര്‍ക്കാര്‍.
986 കോടി രൂപ മുടക്കിയാണ് ഏതിരാളികളുടെ വ്യക്തിഗത വിവരങ്ങള്‍ അടക്കം ചോര്‍ത്താനുള്ള സോഫ്റ്റ്‌വേര്‍ വാങ്ങാന്‍ ബിജെപി സര്‍ക്കാര്‍ നീക്കം ആരംഭിച്ചിരിക്കുന്നതെന്ന് ഫൈനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. പെഗാസസിന്റെ അത്ര വിലയില്ലാത്ത, കൂടുതല്‍ അറിയപ്പെടാത്ത കമ്പനികളില്‍ നിന്നും ഇതിനായി രഹസ്യമായി താല്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്. പുതിയ ചാര സോഫ്റ്റ്‌വേര്‍ ലഭ്യമാക്കാന്‍ സന്നദ്ധത അറിയിച്ച് ഇന്റലക്സ, ക്വാഡ്രീം, കോഗ്നെറ്റ് എന്നീ കമ്പനികള്‍ മുന്നോട്ട് വന്നുകഴിഞ്ഞതായാണ് സൂചന. 

ഇസ്രയേലി സഹകരണത്തോടെ നിര്‍മ്മിക്കപ്പെട്ട ചാര സോഫ്റ്റ്‌വേറായ പ്രഡേറ്ററിന്റെ നിര്‍മ്മാതാക്കളാണ് ഗ്രീസ് ആസ്ഥാനമാക്കിയ ഇന്റലക്സ. മനുഷ്യാവകാശ ലംഘനങ്ങളേറിയ രാജ്യങ്ങളായ ഈജിപ്റ്റ്, സൗദി അറേബ്യ, മഡഗാസ്കര്‍, ഒമാന്‍ എന്നിവ പ്രഡേറ്റര്‍ ചാര സോഫ്റ്റ്‌വേര്‍ ഉപയോഗിക്കുന്നുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ ജമാല്‍ ഖഷോഗിയുടെ വധവുമായി ബന്ധപ്പെട്ട് ക്വാഡ്രീം ചാര സോഫ്റ്റ്‌വേര്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇസ്രയേലില്‍ നിന്നുള്ള കമ്പനി തന്നെയാണ് കോഗ്നൈറ്റ്.
പുതിയ ചാര സോഫ്റ്റ്‌വേര്‍ വാങ്ങാനുള്ള പദ്ധതി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിലാണ് പുരോഗമിക്കുന്നത്. ചാര സോഫ്റ്റ്‌വേര്‍ രംഗത്തെ കിടമത്സരവും മറ്റ് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നതിനായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അടുത്തിടെ ഒരു എക്സിക്യൂട്ടീവ് ഉത്തരവ് പുറത്തിറക്കിയിരുന്നു. മാര്‍ച്ച് 30 നടന്ന ലോക ജനാധിപത്യ സമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോഡി ചാര സോഫ്റ്റ്‌വേര്‍ ഉപയോഗം നിയന്ത്രിക്കാന്‍ ചട്ടക്കൂട് രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. 

ഇസ്രയേല്‍ ആസ്ഥാനമായ എന്‍എസ്ഒ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് പെഗാസസ്. 2017ല്‍ മോഡി സര്‍ക്കാര്‍ ഏതിരാളികളുടെ വിവരങ്ങള്‍ ചോര്‍ത്താനായി രണ്ട് ദശലക്ഷം ഡോളര്‍ നല്കിയാണ് പെഗാസസ് ചാര സോഫ്റ്റ്‍വേര്‍ വാങ്ങിയതെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ചാരനിരീക്ഷണം പുറത്തായതോടെ മാധ്യമപ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരും സുപ്രീം കോടതിയിലെത്തി. എന്നാല്‍ ദേശീയ സുരക്ഷ കണക്കിലെടുത്ത് വിവരങ്ങള്‍ പരസ്യമാക്കാനാകില്ല എന്ന നിലപാടായിരുന്നു കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. തുടര്‍ന്ന് സംഭവം വിശദമായി പഠിക്കാന്‍ സമിതിയെ ചുമതലപ്പെടുത്തി. എന്നാല്‍ അന്വേഷണവുമായി കേന്ദ്രസര്‍ക്കാര്‍ സഹകരിച്ചിരുന്നില്ല.

Eng­lish Sum­ma­ry: Cen­ter’s spy­ing to trap crit­ics; Buy­ing new spy software

You may also like this video

Exit mobile version