Site icon Janayugom Online

ട്വിറ്ററിന് കേന്ദ്രത്തിന്റെ അന്ത്യശാസനം

കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ പുറപ്പടുവിച്ച ഉത്തരവുകള്‍ ജൂലൈ നാലിനുള്ളില്‍ പാലിച്ചില്ലെങ്കില്‍ ഇടനിലക്കാരന്‍ എന്ന നിയമ പരിരക്ഷ ഇല്ലാതാകുമെന്ന് ട്വിറ്ററിന് കേന്ദ്ര സര്‍ക്കാരിന്റെ അന്ത്യ ശാസനം. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ട്വിറ്റര്‍ അക്കൗണ്ടുകളും പോസ്റ്റുകളും നീക്കംചെയ്യാത്തതിനാലാണ് നടപടിയെന്നാണ് സൂചന. സമൂഹ മാധ്യമമായ ട്വിറ്ററിലെ പോസ്റ്റുകള്‍ക്ക് ഇടനിലക്കാരന്‍ എന്ന നിലയില്‍ കമ്പനിക്ക് നിയമ പരിരക്ഷയുണ്ട്. 

എന്നാല്‍ സര്‍ക്കാര്‍ നല്‍കിയ മുന്‍കാല ഉത്തരവുകള്‍ പാലിക്കാന്‍ വിസമ്മതിച്ച് മുന്നേറുന്ന ട്വിറ്ററിനെ രാജ്യത്തെ നിയമത്തിന്റെ പരിധിയില്‍ എത്തിക്കാനാണ് സര്‍ക്കാര്‍ നീക്കം. ട്വിറ്ററിലെ ചില പോസ്റ്റുകള്‍ നീക്കം ചെയ്യണമെന്ന സര്‍ക്കാര്‍ ഉത്തരവുകള്‍ പൂര്‍ണമായും പാലിക്കാത്ത ട്വിറ്ററിന്റെ നടപടിക്ക് എതിരെയാണ് അന്ത്യശാസനവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത് എത്തിയിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തക റാണാ അയൂബിന്റേത് ഉള്‍പ്പെടെയുള്ള അക്കൗണ്ടുകള്‍ ഇന്ത്യയില്‍ മാത്രമാണ് മരവിപ്പിച്ചിരിക്കുന്നത്. മറ്റ് രാജ്യങ്ങളില്‍ ഇവ ലഭ്യമാകും. 

സര്‍ക്കാര്‍ നിര്‍ദേശപ്രകാരം നീക്കം ചെയ്യാത്ത പോസ്റ്റുകള്‍ ഏതെന്ന് പരാമര്‍ശിക്കാതെയാണ് ജൂണ്‍ 27ന് ട്വിറ്ററിന് കേന്ദ്രം നോട്ടീസ് നല്‍കിയിരിക്കുന്നത്. നോട്ടീസ് പ്രകാരം നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ വിവാദ പോസ്റ്റുകള്‍ക്ക് ഉത്തരവാദി ട്വിറ്റര്‍ മാത്രമാകും. തുടര്‍ന്ന് രാജ്യത്തെ ഐടി നിയമ പ്രകാരം ട്വിറ്ററിനെതിരെ കേന്ദ്രത്തിന് നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്യാം.കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് 2021ല്‍ 80 അക്കൗണ്ടുകളും പോസ്റ്റുകളും റദ്ദാക്കിയതായി ട്വിറ്റര്‍ ജൂണ്‍ 26ന് വ്യക്തമാക്കിയിരുന്നു. 

ഫ്രീഡം ഹൗസ്, മാധ്യമ പ്രവര്‍ത്തകര്‍, രാഷ്ട്രീയക്കാര്‍, കര്‍ഷക സമരത്തെ പിന്തുണച്ചവര്‍ തുടങ്ങിയവരുടെ അക്കൗണ്ടുകളാണ് മരവിപ്പിച്ചതെന്ന് ട്വിറ്റര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേരുടെയും അക്കൗണ്ടുകള്‍ മരവിപ്പിക്കാത്ത ട്വിറ്ററിന്റെ തീരുമാനമാണ് പുതിയ ഏറ്റുമുട്ടലിന് കാരണമെന്നാണ് വിലയിരുത്തല്‍.

Eng­lish Summary:Center’s ulti­ma­tum to Twitter
You may also like this video

Exit mobile version