Site icon Janayugom Online

ക്ഷേമ പദ്ധതികള്‍ക്കുള്ള കേന്ദ്ര വിഹിതത്തില്‍ 25 ലക്ഷം ടണ്‍ ഭക്ഷ്യധാന്യം കുറച്ചു

rice

രാജ്യത്ത് ദാരിദ്ര്യം വര്‍ധിക്കുമ്പോഴും ജനസംഖ്യ കൂടുമ്പോഴും കേന്ദ്രം പൊതുവിതരണ സംവിധാനം വഴി വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യത്തിന്റെ അളവില്‍ 25 ലക്ഷം ടണ്ണിന്റെ കുറവു വരുത്തി.
അഞ്ചുവര്‍ഷത്തിനിടെയാണ് വിവിധ ക്ഷേമ പദ്ധതികളിലൂടെ വിതരണം ചെയ്യുന്ന ധാന്യത്തിന്റെ അളവില്‍ ഇത്രയും കുറവ് വരുത്തിയത്. 2016–17ല്‍ 630 ലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങളാണ് പൊതുവിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്യുന്നതിന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചിരുന്നത്. അടുത്തവര്‍ഷം അത് 16 ലക്ഷം ടണ്‍ കുറച്ച് 614 ലക്ഷമാക്കി.
2018–19ല്‍ 614, 2019–20ല്‍ 607 ലക്ഷം ടണ്‍ വീതമാണ് സംസ്ഥാനങ്ങള്‍ക്ക് നല്കിയത്. കോവിഡ് വ്യാപനം രൂക്ഷമായ 2020–21ല്‍ 612 ലക്ഷം ടണ്‍ ആക്കി വിഹിതം ഉയര്‍ത്തിയെങ്കിലും കഴിഞ്ഞ വര്‍ഷം അത് 608 ലക്ഷം ടണ്ണിലേയ്ക്ക് കുറച്ചു. നടപ്പു സാമ്പത്തിക വര്‍ഷം 605 ലക്ഷം അനുവദിക്കുന്നതിനാണ് നീക്കി വച്ചിരിക്കുന്നത്. അങ്കണവാടികളിലൂടെയും മറ്റും വിതരണം ചെയ്യുന്ന സമഗ്ര ശിശു വികസന പദ്ധതി, പ്രധാനമന്ത്രി പോഷണ്‍ പദ്ധതി, ഉച്ചഭക്ഷണ പദ്ധതി, പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഭക്ഷണ പദ്ധതി, പെണ്‍കുട്ടികള്‍ക്കുള്ള അന്നപൂര്‍ണ പദ്ധതി എന്നിവയിലൂടെ വിതരണം ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന വിഹിതമാണ് കുറച്ചിരിക്കുന്നത്.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കേന്ദ്രം അനുവദിച്ചിരുന്ന സൗജന്യനിരക്കിലുള്ള ഭക്ഷ്യധാന്യ വിതരണം അടുത്തമാസം അവസാനിപ്പിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കോവി‍ഡ് രൂക്ഷമായിരുന്ന രണ്ടു സാമ്പത്തിക വര്‍ഷത്തിലും പ്രധാനമന്ത്രി കല്യാണ്‍ യോജന പദ്ധതി പ്രകാരം പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യധാന്യ വിതരണത്തിന് അധിക വിഹിതമായി അരിയും ഗോതമ്പും അനുവദിച്ചിരുന്നു. ഈ കണക്കുകൂടി ചേര്‍ത്താല്‍ യഥാര്‍ത്ഥത്തില്‍ വെട്ടിക്കുറച്ച അളവ് ഇതിനെക്കാള്‍ കൂടുതലായിരിക്കുമെന്ന് ന്യൂസ് ക്ലിക്ക് പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പറയുന്നു. കോവിഡ് കാലത്തെ സൗജന്യ ഭക്ഷ്യധാന്യ വിതരണത്തിനായി 2020–21ല്‍ 339 ലക്ഷം ടണ്‍, 2021–22ല്‍ 454 ലക്ഷം ടണ്‍വീതമാണ് അനുവദിച്ചത്. നടപ്പുവര്‍ഷം അത് 244 ലക്ഷം ടണ്ണായി കുത്തനെ വെട്ടിക്കുറച്ചു.
ജനസംഖ്യാ അനുമാനമനുസരിച്ച് നിലവിലുള്ള 80 കോടിക്കു പകരം കോവിഡിന്റെയും രൂക്ഷമായ വിലക്കയറ്റത്തിന്റെയും പുതിയ സാഹചര്യത്തില്‍ 90 കോടി പേര്‍ക്ക് ധാന്യങ്ങള്‍ വിതരണം ചെയ്യണമെന്ന അവസ്ഥ സംജാതമായിരിക്കേയാണ് വെട്ടിക്കുറച്ച നടപടി. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി അവസാനിച്ചിട്ടില്ലാത്തതിനാൽ സൗജന്യ ഭക്ഷ്യധാന്യ വിതരണ പദ്ധതി അവസാനിപ്പിക്കുന്നതും കേന്ദ്ര വിഹിതം കുറച്ചതും രാജ്യത്ത് പട്ടിണിയിലാകുന്ന കുടുംബങ്ങളുടെ എണ്ണം കൂട്ടുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട വിളനാശം കൂടിയാകുമ്പോള്‍ അവസ്ഥ കൂടുതൽ വഷളാകും.

Eng­lish Sum­ma­ry: Cen­tral allo­ca­tion for wel­fare schemes reduced by 25 lakh tonnes of food grains

You may like this video also

Exit mobile version