Site icon Janayugom Online

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്ര അനുമതി പ്രധാനം: മുഖ്യമന്ത്രി

CM

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്ര അനുമതി വളരെ പ്രധാനമാണെന്നും അല്ലാത്ത പക്ഷം മുന്നോട്ട് പോകുവാന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇഎംഎസ് അക്കാദമിയിൽ നടന്ന നവകേരളം സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാര്‍ നേരത്തെ അനുകൂല നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ വലിയ എതിര്‍പ്പുകള്‍ ഉയര്‍ത്തി ബിജെപി കൂടെ ചേരുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഒന്ന് ശങ്കിച്ചു നില്‍ക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വികസന പദ്ധതികള്‍ നടപ്പാക്കുന്നത് തങ്ങള്‍ക്ക് ദോഷം ചെയ്യുമെന്ന് കേരളത്തിലെ പ്രതിപക്ഷം ചിന്തിക്കുന്നു. യുഡിഎഫും ബിജെപിയും ഇത്തരത്തില്‍ ഒരേ പോലെ ചിന്തിക്കുന്നവരാണ്. വികസനം എല്‍ഡിഎഫിന് മേന്മയുണ്ടാക്കും എന്ന സങ്കുചിതമായ നിലപാടാണ് അവര്‍ സ്വീകരിക്കുന്നത്. അതിന്റെ ഭാഗമായി വികസന സംരംഭങ്ങളെ അട്ടിമറയ്ക്കുവാന്‍ അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ ഇനി വരാതിരിക്കുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കണം എന്നതില്‍ ഏറ്റവും പ്രധാനമായി അവര്‍ കാണുന്നത് വികസന പ്രവര്‍ത്തനങ്ങള്‍ നടക്കാതിരിക്കുക, അതിന് കഴിയാവുന്നത്ര തടസങ്ങള്‍ സൃഷ്ടിക്കുക എന്നതാണ്. എതിര്‍പ്പിന്റെ അടിസ്ഥാന കാരണം ഇതാണെന്ന് നാം മനസിലാക്കണം. കൃത്യമായ രാഷ്ട്രീയ സമരമാണ് നടത്തുന്നത്. രാഷ്ട്രീയ സമരങ്ങളുടെ കാര്യത്തില്‍ നാം നിശബ്ദരായിരിക്കരുത്. രാഷ്ട്രീയമായി തന്നെ അതിനെ നേരിടണം. എന്താണ് അവരുടെ ഉദ്ദേശമെന്നത് സമൂഹത്തിന് മുന്നില്‍ കൃത്യമായി തുറന്നുകാണിക്കാന്‍ സാധിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.

Eng­lish Sum­ma­ry: Cen­tral approval for Sil­ver Line project is impor­tant: CM

You may like this video also

Exit mobile version