Site icon Janayugom Online

നികുതി പിരിവിലും കേന്ദ്രത്തിന്റെ ഇരട്ടത്താപ്പ്; കൂടിയത് വ്യക്തിഗത നികുതി

നികുതി പിരിവിലും ഇരട്ടത്താപ്പുമായി മോഡി സര്‍ക്കാര്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വ്യക്തിഗത നികുതി പിരിവില്‍ ഊര്‍ജസ്വലത കാട്ടിയ ധനകാര്യ മന്ത്രാലയം രാജ്യത്തെ കുത്തക കമ്പനികളുടെ മുന്നില്‍ പത്തിമടക്കി. 2018–19 മുതല്‍ 2022–23 വരെ വ്യക്തിഗത നികുതി പിരിവില്‍ 76 ശതമാനം നേട്ടം കൈവരിച്ചപ്പോള്‍ കോര്‍പറേറ്റ് നികുതിയിനത്തില്‍ കേവലം 24.45 ശതമാനം മാത്രമാണ് പിരിച്ചെടുത്തത്. 

ആദായ, സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ നികുതി ഉള്‍പ്പെടെ 4,73,179 കോടി രൂപയാണ് 2018–19ല്‍ പിരിച്ചെടുത്തതെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സ് രേഖകള്‍ വ്യക്തമാക്കുന്നു. 2022–23 സാമ്പത്തിക വര്‍ഷം ഈ തുക 8,33,307 കോടിയായി വര്‍ധിച്ചുവെന്നും കണക്കുകള്‍ പറയുന്നു. എന്നാല്‍ കോര്‍പറേറ്റ് നികുതിയിനത്തില്‍ 2018–19ല്‍ 6,63,572 കോടിയും 22–23ല്‍ 8,25,834 കോടിയും മാത്രമാണ് പിരിച്ചെടുത്തത്. 

രാജ്യത്തെ സാധാരണ പൗരന്‍മാരില്‍ നിന്നും നികുതി പിഴിഞ്ഞെടുക്കുന്ന കേന്ദ്രസര്‍ക്കാര്‍ കുത്തക കമ്പനികള്‍ക്ക് മുന്നില്‍ മുട്ടുമടക്കിയെന്നാണ് വ്യക്തമാകുന്നത്. കുത്തക സ്ഥാപനങ്ങള്‍ക്ക് ചുമത്തിയിരുന്ന നികുതി നിരക്ക് 30ല്‍ നിന്ന് 22 ശതമാനം ആയി കുറയ്ക്കുകയും ചെയ്തിരുന്നു. പ്രത്യക്ഷ നികുതിയില്‍ കോര്‍പറേറ്റ് ആനുകൂല്യം നല്‍കിയ മോഡി സര്‍ക്കാര്‍ ഇന്ധന നികുതി നിരക്കിലും പാചക വാതക വിലയിലും നികുതി ഏര്‍പ്പെടുത്തി 2014–15ല്‍ 99,000 കോടി രൂപയാണ് ജനങ്ങളെ കൊള്ളയടിച്ചതെന്നും കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.

Eng­lish Sum­ma­ry: Cen­tral dou­ble stan­dards in tax col­lec­tion; Max­i­mum per­son­al tax

You may also like this video

Exit mobile version