Site icon Janayugom Online

കല്‍ക്കരി ക്ഷാമം ; കോള്‍ ഇന്ത്യയെ പഴിചാരി കേന്ദ്ര സര്‍ക്കാര്‍

രാജ്യത്ത് തുടരുന്ന അതിരൂക്ഷമായ കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്നുണ്ടായ ഊര്‍ജ പ്രതിസന്ധിയില്‍ കോള്‍ ഇന്ത്യ ലിമിറ്റഡി(സിഐഎല്‍)നെ പഴിചാരി കേന്ദ്ര സര്‍ക്കാര്‍. കല്‍ക്കരി ഉല്പാദന, വിതരണ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതില്‍ സിഐഎല്‍ പരാജയപ്പെട്ടുവെന്നാണ് മോഡി സര്‍ക്കാരിന്റെ കുറ്റപ്പെടുത്തല്‍. ഇതുസംബന്ധിച്ച് രണ്ടാഴ്ച മുമ്പ് കേന്ദ്ര കല്‍ക്കരി സെക്രട്ടറി അനില്‍ കുമാര്‍ ജെയ്ന്‍ സിഐഎല്‍ മേധാവി പ്രമോദ് അഗര്‍വാളിന് എഴുതിയ കത്ത് ദ വയര്‍ പുറത്തുവിട്ടു.

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ സെപ്റ്റംബര്‍ 21 വരെ 260.4 മെട്രിക് ടൺ കല്‍ക്കരി ഉല്പാദനമാണ് ലക്ഷ്യമിട്ടിരുന്നെതെങ്കിലും ഉല്പാദനം 237.35 മെട്രിക് ടൺ ആയിരുന്നു. കല്‍ക്കരി വിതരണത്തില്‍ ഈ കണക്ക് യഥാക്രമം 351.04 മെട്രിക് ടണ്ണും 293.10 മെട്രിക് ടണ്ണുമാണ്. 58 മെട്രിക് ടണ്ണിന്റെ കുറവ് കല്‍ക്കരി വിതരണത്തില്‍ ഉണ്ടായിയെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. വൈദ്യുതി നിലയങ്ങളില്‍ കല്‍ക്കരി ക്ഷാമം രൂക്ഷമായെങ്കിലും സെപ്റ്റംബര്‍ 21ന് സിഐഎല്ലിന്റെ കല്‍ക്കരി ശേഖരം 44.25 മെട്രിക് ടണ്‍ മാത്രമായിരുന്നുവെന്നും കത്തില്‍ പറയുന്നു.നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ ലക്ഷ്യം വച്ചിരുന്ന കല്‍ക്കരി ഉല്പാദനം 700 മെടിക് ടണ്‍ ആയിരുന്നെങ്കിലും പിന്നീടിത് 660 മെട്രിക് ടണ്‍ ആയി കുറയ്ക്കുകയായിരുന്നു. ഈ കുറവ് രൂക്ഷമായ പ്രതിസന്ധിക്കു കാരണമാകില്ലെന്ന കണക്കുകൂട്ടലിലായിരുന്നു സര്‍ക്കാരിന്റെ നടപടി. 2018–19 വര്‍ഷത്തിലെ കല്‍ക്കരി ഉല്പാദനം 606 മെട്രിക് ടണ്‍ ആയിരുന്നു. അടുത്ത രണ്ടു വര്‍ഷങ്ങളില്‍ യഥാക്രമം 602, 596 മെട്രിക് ടണ്‍ വീതമായിരുന്നു ഉല്പാദനം. 

അതേസമയം കല്‍ക്കരി പ്രതിസന്ധിയുടെ യഥാര്‍ത്ഥ കാരണം മറ്റൊന്നാണെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. 2014–15, 2015–16 വര്‍ഷങ്ങളിലാണ് രാജ്യത്തെ കല്‍ക്കരി ഉല്പാദനത്തില്‍ വര്‍ധനവ് ഉണ്ടായിരുന്നത്. സുതീര്‍ത്ഥ ഭട്ടാചാര്യ സിഐഎല്ലിന്റെ മാനേജിങ് ഡയറക്ടര്‍ ആയിരുന്ന സമയത്തായിരുന്നു ഇത്. ഇദ്ദേഹത്തിന്റെ സേവന കാലാവധി നീട്ടി നല്‍കേണ്ടതായിരുന്നുവെങ്കിലും അതുണ്ടായില്ല. ഭട്ടാചാര്യയുടെ കാലാവധി പൂര്‍ത്തിയായ 2017നു ശേഷം നരേന്ദ്ര മോഡി സര്‍ക്കാര്‍ സിഎംഡിയെ ഒരു വർഷത്തിലേറെയായി നിയമിച്ചിട്ടില്ല. കൂടാതെ ഏതാനും ഡയറക്ടർമാരെയും നിയമിച്ചില്ല. ഇത് കോള്‍ ഇന്ത്യയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. 

കല്‍ക്കരി ഉല്പാദനം വര്‍ധിപ്പിക്കണമെങ്കില്‍ പുതിയ ഖനികളില്‍ ഖനനങ്ങള്‍ ആരംഭിക്കേണ്ടതായിരുന്നെങ്കിലും ഭട്ടാചാര്യ പോയതിനുശേഷം ഈ വിപുലീകരണ പദ്ധതിയും കേന്ദ്രം പിൻവലിച്ചു. കൂടാതെ മൂന്ന് രാസവള നിര്‍മ്മാണ പ്ലാന്റുകളിലേക്കു കൂടി കല്‍ക്കരി നല്‍കേണ്ട അധിക ചുമതല സിഐഎല്ലിന് നല്‍കുകയും ചെയ്തു.
സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി രാജ്യത്തെ സ്കൂളുകളില്‍ ശൗചാലയം നിര്‍മ്മിക്കുന്നതിന്റെ മേല്‍നോട്ടവും മോഡി സര്‍ക്കാര്‍ ഖനി മാനേജര്‍മാര്‍ക്ക് നല്‍കിയെന്നും ദ പ്രിന്റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് സിഐഎല്ലിന് അധികഭാരമായി.ഞങ്ങള്‍ ടോയലറ്റുകള്‍ നിര്‍മ്മിക്കുന്നു, കല്‍ക്കരിയും ഉല്പാദിപ്പിക്കുന്നു എന്നാണ് മുന്‍ ഐഎഎസ് ഓഫീസറായ അനില്‍ സ്വരൂപിന്റെ ‘എത്തിക്കല്‍ ഡിലെമ ഓഫ് എ സിവില്‍ സര്‍വന്റ്’ (ഒരു സിവിൽ ജീവനക്കാരന്റെ ധാർമ്മിക പ്രതിസന്ധികൾ) എന്ന പുസ്തകത്തില്‍ ഇതിനെ കുറിച്ച് ചൂണ്ടിക്കാട്ടിയിരുന്നത്.
eng­lish sum­ma­ry; Cen­tral gov­ern­ment blames Coal India in Coal shortage
you may also like this video;

Exit mobile version