കേന്ദ്രസര്‍ക്കാരിന്റെ പ്രതീക്ഷകള്‍ തെറ്റിച്ച് ആര്‍ബിഐ. 2021–22 സാമ്പത്തിക വര്‍ഷത്തെ ലാഭവിഹിത മിച്ചമായി റിസര്‍വ് ബാങ്ക് 30,307 കോടി രൂപയായിരിക്കും നല്‍കുക. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ ഏറെ കുറവാണിത്. റിവേഴ്സ് റീപോ ഇനത്തില്‍ ബാങ്കുകള്‍ക്ക് കൂടുതലായി തുക നല്‍കേണ്ടിവന്നത് ആര്‍ബിഐയുടെ മിച്ചധനത്തില്‍ കുറവുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍.
2022ലെ ബജറ്റില്‍ 2023 സാമ്പത്തിക വര്‍ഷം റിസര്‍വ് ബാങ്കില്‍ നിന്നും പൊതുമേഖലാ ബാങ്കുകളില്‍ നിന്നും ലാഭവിഹിത ഇനത്തില്‍ 73,948 കോടി രൂപ ലഭിക്കുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടിയിരുന്നു. കഴിഞ്ഞ വര്‍ഷം കേന്ദ്രത്തിന് ലഭിച്ച 1.01 ലക്ഷം കോടി രൂപയേക്കാള്‍ 27 ശതമാനം കുറവാണിത്. 99,122 കോടി രൂപയാണ് അന്ന് ആര്‍ബിഐ സംഭാവന ചെയ്തത്. അതില്‍നിന്നും 69 ശതമാനം കുറവാണ് ഇത്തവണ ആര്‍ബിഐ നല്‍കിയിരിക്കുന്നത്.
12 മാസ സാമ്പത്തിക വര്‍ഷത്തേതാണ് 30,307 കോടി രൂപ മിച്ചമായി നല്‍കിയത്. 2020ല്‍ റിസര്‍വ് ബാങ്കിന്റെ സാമ്പത്തിക വര്‍ഷം ജൂലൈ മുതല്‍ ജൂണ്‍ എന്നതില്‍ നിന്ന് ഏപ്രില്‍-മാര്‍ച്ച് എന്നതിലേക്ക് മാറ്റി. വെട്ടിച്ചുരുക്കിയ അക്കൗണ്ടിങ് വര്‍ഷമായിരുന്നിട്ടും കഴിഞ്ഞ വര്‍ഷം ഇതിലേറെ ലാഭവിഹിതം കേന്ദ്രത്തിന് കൈമാറാന്‍ റിസര്‍വ് ബാങ്കിന് കഴിഞ്ഞിരുന്നു.
കഴിഞ്ഞദിവസം ചേര്‍ന്ന ആര്‍ബിഐ കേന്ദ്ര ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് ലാഭവിഹിത മിച്ചം സര്‍ക്കാരിന് കൈമാറുന്നതിന് അംഗീകാരം നല്‍കിയത്. അടിയന്തര കരുതല്‍ ധനം 5.50 ശതമാനമായി നിലനിര്‍ത്താനും തീരുമാനിച്ചു. ഉക്രെയ്ന്‍ യുദ്ധം, ആഗോള സാമ്പത്തിക സമ്മര്‍ദ്ദം എന്നിവ കാരണം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ഞെരുക്കത്തിലായ സാഹചര്യത്തിലാണിത്.
English Summary:Central government disappoints; RBI cuts dividend
You may also like this video