Site iconSite icon Janayugom Online

തെരുവ് നായ ശല്യം പോലുള്ള ജനകീയ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ നിസഹായരാക്കി മാറ്റിയത് കേന്ദ്ര സര്‍ക്കാർ: മന്ത്രി എം ബി രാജേഷ്

തെരുവ് നായ ശല്യം പോലുള്ള ജനകീയ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ നിസഹായരാക്കി മാറ്റിയത് കേന്ദ്ര സര്‍ക്കാരാണെന്ന് മന്ത്രി എം ബി രാജേഷ്. കേന്ദ്രത്തിന്റെ എബിസി ചട്ടത്തിനു പുറത്ത് എന്ത് അധികാരമാണ് സര്‍ക്കാര്‍ പ്രയോഗിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. നാട്ടുകാരുടെ എതിര്‍പ്പുകള്‍ അവഗണിച്ചാണ് പലയിടത്തും എബിസി കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. എബിസി കേന്ദ്രങ്ങള്‍ തുടങ്ങുക എന്നതു മാത്രമാണ് സര്‍ക്കാരിന് ചെയ്യാന്‍ സാധിക്കുകയെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 

പൊതു സ്ഥലത്ത് മാലിന്യം വലിച്ചെറിയാതിരിക്കാന്‍ ജനങ്ങളും ശ്രദ്ധിക്കണം. ലക്ഷക്കണക്കിന് ആളുകള്‍ മാലിന്യം വലിച്ചെറിയുന്ന പ്രവണതയ്ക്ക് ഇപ്പോഴും മാറ്റം വന്നിട്ടില്ല. എന്നാല്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തില്‍ മാറ്റം വരികയും മെച്ചപ്പെടുകയും ചെയ്തു. പക്ഷെ മാലിന്യം വലിച്ചെറിയുന്നതില്‍ മാറ്റം ഉണ്ടായിട്ടില്ല. കേരളത്തില്‍ ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള അഞ്ചു മാസം മാലിന്യം വലിച്ചെറിഞ്ഞതിന് പിഴയായി ചുമത്തിയത് 9.55 കോടി രൂപയാണ്. ഒരു ലക്ഷത്തോളം പരിശോധനകളാണ് നടത്തിയത്. തദ്ദേശ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ തെളിവാണ് ഇതെന്നും മന്ത്രി പറഞ്ഞു. 

തെരുവ് നായ്ക്കളെ ദയാവധം നടത്താമെന്ന സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി തടഞ്ഞു. നിലവിലെ നിയമമാണ് ഇതിന് തടസമായത്. കേന്ദ്ര സര്‍ക്കാര്‍ തന്നെ ഈ കുരുക്ക് അഴിക്കണമെന്നും മന്ത്രി പറഞ്ഞു. എബിസി പദ്ധതി വന്നതിനുശേഷം നായ്ക്കളുടെ കടിയേല്‍ക്കുന്ന സംഭവത്തില്‍ ഗണ്യമായ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. നിയമപരമായ പരിധിക്കുള്ളില്‍ നിന്നും സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിനപ്പുറം നിയമപരമായ സാധ്യത തേടിക്കൊണ്ടിരിക്കുകയാണെന്നും കേരളത്തിന്റെ എംപിമാര്‍ പാര്‍ലമെന്റില്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്നും മന്ത്രി പറഞ്ഞു. 

Exit mobile version