Site icon Janayugom Online

കേന്ദ്ര സർക്കാർ പൊതുമൂലധനം സ്വകാര്യ മൂലധനമാക്കുന്നു: കാനം

സ്വകാര്യവൽക്കരണം മുഖമുദ്രയാക്കിയ കേന്ദ്ര സർക്കാർ രാജ്യത്തിന്റെ പൊതുസ്വത്തുക്കൾ വിറ്റഴിച്ച് സ്വകാര്യവൽക്കരണത്തിന് ഒത്താശ ചെയ്യുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സിപിഐ കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റി കൊടുങ്ങൂരിൽ നിർമ്മിക്കുന്ന കെട്ടിട നിർമ്മാണ ഫണ്ട് ശേഖരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പെട്രോൾ, ഡീസൽ ഉൾപ്പെടെയുള്ള ഇന്ധനങ്ങളുടെ വിലനിർണ്ണയാവകാശം സർക്കാരിൽ നിന്ന് എടുത്തുമാറ്റി സ്വകാര്യ കുത്തകകൾക്ക് അടിയറവച്ചു. ആഗോള തലത്തിൽ ക്രൂഡോയിലിന് വില താഴുമ്പോഴും ഇന്ത്യയിൽ ഇന്ധന വില കുത്തനെ ഉയർത്തുന്നു. കർഷക സമരങ്ങളെ അടിച്ചമർത്തി കാർഷിക മേഖലയെ നശിപ്പിക്കാനുള്ള ശ്രമം നടക്കുന്നു. മിനിമം വില ലഭിക്കുന്നതിനുള്ള കർഷകരുടെ അവകാശത്തെ ഇല്ലാതാക്കുന്നു. കർഷക സമരങ്ങളെ അടിച്ചമർത്തുന്നു. രാജ്യത്ത് കർഷകർക്ക് മിനിമം കൂലിയും ആനുകൂല്യങ്ങളും നൽകുന്ന സംസ്ഥാനമാണ് കേരളം. 

ആരോഗ്യ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും സംസ്ഥാനം മുന്നോട്ട് കുതിക്കുന്നു. പൊതുവിദ്യാഭ്യാസ മേഖലയുടെ നിലവാരം പടിപടിയായി ഉയർത്തുന്നതിന് നടപടി സ്വീകരിച്ചു. വർഗ്ഗീയതക്കെതിരെ പോരാടുന്നതിനും മതേതര മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും ഇടതുപക്ഷം ശക്തിപ്രാപിക്കണം. വിദ്യാർത്ഥികൾക്കിടയിൽ പോലും വർഗീയ വിഷം കുത്തിവയ്ക്കുന്നതിനുള്ള ആസൂത്രിതമായ നീക്കം നടക്കുന്നു. എല്ലാ മതവിഭാഗങ്ങളിലും പെട്ട വളരെ ചെറിയ ശതമാനം ആളുകളാണ് ഇത്തരം പ്രവൃത്തികൾക്ക് ചുക്കാൻ പിടിക്കുന്നത്. ഇവരെ പരാജയപ്പെടുത്തേണ്ടത് രാജ്യത്തിന്റെ മതേതര മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും വികസന പുരോഗതിക്കും അത്യാവശ്യമാണെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. 

ENGLISH SUMMARY:Central Gov­ern­ment makes pub­lic cap­i­tal pri­vate cap­i­tal: Kanam
You may also like this video

Exit mobile version