Site iconSite icon Janayugom Online

ന്യൂനപക്ഷ മന്ത്രാലയം ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം

modimodi

ന്യൂനപക്ഷ മന്ത്രാലയം ഒഴിവാക്കാന്‍ നരേന്ദ്ര മോഡിസര്‍ക്കാരിന്റെ നീക്കം. സാമൂഹിക നീതി-ശാക്തീകരണ മന്ത്രാലയത്തില്‍ ലയിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി ഡെക്കാൻ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.
2006ല്‍ യുപിഎ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ചതാണ് ന്യൂനപക്ഷ മന്ത്രാലയം. ന്യൂനപക്ഷ കാര്യങ്ങള്‍ക്ക് മാത്രമായി സ്വതന്ത്ര മന്ത്രാലയം ആവശ്യമില്ലെന്നാണ് നരേന്ദ്ര മോഡി സര്‍ക്കാരിന്റെ അഭിപ്രായം. അതേസമയം ന്യൂനപക്ഷ മന്ത്രാലയം നടപ്പാക്കുന്ന പദ്ധതികള്‍ നിലയ്ക്കയില്ലെന്നും സാമൂഹി­ക നീതി മന്ത്രാലയത്തിന് കീഴില്‍ ന്യൂനപക്ഷ കാര്യ വകുപ്പായി ഇനി പ്രവര്‍ത്തിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
യുപിഎ സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാന്‍ വേണ്ടി രൂപീകരിച്ചതാണ് ന്യൂനപക്ഷ മന്ത്രാലയമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. മുമ്പും സാമൂഹിക നീതി മന്ത്രാലയത്തിന് കീഴിലായിരുന്നു ന്യൂനപക്ഷ വകുപ്പ്. രാജ്യത്തെ ജനസംഖ്യയുടെ വലിയൊരു ഭാഗം വരുന്ന ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ പ്രത്യേക മന്ത്രാലയം തന്നെ വേണമെന്ന സാഹചര്യത്തിലായിരുന്നു 2006ല്‍ പുതിയ തീരുമാനം ഉണ്ടായത്. മുസ്‌ലിം, ക്രിസ്ത്യന്‍, ബുദ്ധ, ജൈന, സിഖ്, പാഴ്‌സി എന്നീ മതസ്ഥരാണ് ന്യൂനപക്ഷ വിഭാഗത്തിന് കീഴില്‍ വരിക.
മുഖ്താര്‍ അബ്ബാസ് നഖ്‌വി ആയിരുന്നു ന്യൂനപക്ഷ വകുപ്പ് മന്ത്രി. അദ്ദേഹത്തിന്റെ രാജ്യസഭാ കാലാവധി പൂര്‍ത്തിയായതോടെ കഴിഞ്ഞ ജൂലൈയില്‍ മന്ത്രിപദവി ഒഴിയേണ്ടി വന്നു. പുതിയ അവസരം ബിജെപി നല്‍കിയതുമില്ല. തുടര്‍ന്ന് ന്യൂനപക്ഷ വകുപ്പ്, വനിതാ-ശിശു വികസന മന്ത്രി സ്മൃതി ഇറാനിക്ക് അധിക ചുമതല നല്‍കുകയായിരുന്നു. മോഡി സര്‍ക്കാരിലെ ഏക മുസ്‌ലിം എംപിയും മന്ത്രിയുമായിരുന്നു നഖ്‌വി.
നീക്കത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. സമൂഹത്തില്‍ ധ്രുവീകരണമുണ്ടാക്കുന്ന മറ്റൊരു നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്ന് കോണ്‍ഗ്രസ് രാജ്യസഭാംഗം സയ്യിദ് നസീര്‍ ഹുസൈന്‍ പ്രതികരിച്ചു. ന്യൂനപക്ഷങ്ങളെ മുഖ്യധാരയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് യുപിഎ സര്‍ക്കാര്‍ പ്രത്യേക മന്ത്രാലയം രൂപീകരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭരണഘടനയുടെ അന്തഃസത്തയ്ക്ക് വിരുദ്ധമായ നീക്കമാണ് മോഡി സര്‍ക്കാര്‍ നടത്തുന്നതെന്ന് ജമാഅത്തെ ഇസ്‌ലാമി സെക്രട്ടറി സയ്യിദ് തന്‍വീര്‍ അഹമ്മദ് പറഞ്ഞു. രാജ്യത്തിന്റെ മാനവ വിഭവ ശേഷിയെ ഇത് ബാധിക്കും. ന്യൂനപക്ഷ മന്ത്രാലയം ഇല്ലാതാക്കുന്നതിന് പകരം ന്യൂനപക്ഷ ക്ഷേമത്തിന് കൂടുതല്‍ പണം അനുവദിക്കുകയാണ് ചെയ്യേണ്ടതെന്നും തന്‍വീര്‍ അഹമ്മദ് അഭിപ്രായപ്പെട്ടു. 

Eng­lish Sum­ma­ry: Cen­tral gov­ern­ment moves to abol­ish minor­i­ty ministry

you may like this video also

Exit mobile version