Site icon Janayugom Online

കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധം: ഡി രാജ

ഡല്‍ഹി സര്‍ക്കാരിന്റെ അധികാരങ്ങള്‍ കവര്‍ന്നെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധവും സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കാനുള്ള ഗൂഢലക്ഷ്യത്തോടെയെന്നും സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. ഓര്‍ഡിനന്‍സിനെതിരെ പാര്‍മെന്റിനകത്തും പുറത്തും പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ തേടി ആം ആദ്മി പാര്‍ട്ടി അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാജ ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്നലെ ഉച്ചയോടെയാണ് പിന്തുണ തേടി അരവിന്ദ് കെജ്‌രിവാള്‍ പാര്‍ട്ടി ആസ്ഥാനമായ അജോയ് ഭവനില്‍ എത്തിയത്. ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ പാര്‍ട്ടി നേതാക്കള്‍ ഊഷ്ണളമായ സ്വീകരണം നല്‍കി. തുടര്‍ന്ന് നേതാക്കള്‍ ചര്‍ച്ച നടത്തി. ദേശീയ സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ നാരായണ, ഡോ ബി കെ കാംഗോ, ആര്‍ കെ പാണ്ഡ, സ്റ്റേറ്റ് കൗണ്‍സില്‍ സെക്രട്ടറി പ്രൊഫ ദിനേഷ് വര്‍ഷ്ണെ തുടങ്ങിയവര്‍ പങ്കെടുത്തു. ആപ്പ് നേതാക്കളായ സഞ്ചയ് സിങ്, രാഘവ് ഛദ്ദ എം പി എന്നിവരാണ് ആപ്പിനെ പ്രതിനിധീകരിച്ചത്.

ഓര്‍ഡിനന്‍സിനെതിരെയുള്ള ആപ്പിന്റെ പോരാട്ടത്തിന് എല്ലാ പിന്തുണയും ഉണ്ടെന്ന് അജോയ് ഭവനില്‍ വിളിച്ചു ചേര്‍ത്ത സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ഡി രാജ വ്യക്തമാക്കി. ഡല്‍ഹിക്കും പുതുച്ചേരിക്കും പൂര്‍ണ്ണ സംസ്ഥാന പദവി ലഭിക്കണം എന്നതാണ് പാര്‍ട്ടി നിലപാടെന്നും അദ്ദേഹം പറഞ്ഞു. സിപിഐ തീരുമാനത്തെ സ്വാഗതം ചെയ്ത കേജ്‌രിവാള്‍ പിന്തുണയ്ക്ക് നന്ദി പറയാനും മറന്നില്ല.

Eng­lish Sum­ma­ry: Cen­tral Gov­ern­ment Ordi­nance Uncon­sti­tu­tion­al: D Raja
You may also like this video

Exit mobile version