കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 150 കോടി രൂപയ്ക്ക് മുകളിലുള്ള 376 വമ്പന്‍ പദ്ധതികള്‍ മുടന്തി നീങ്ങുന്നത് കാരണം പ്രവര്‍ത്തന മൂലധന ചെലവ് ഗണ്യമായി വര്‍ധിക്കുന്നു. 376 പദ്ധതികള്‍ക്കായി 4.64 ലക്ഷം കോടി അധികം ചെലവഴിക്കേണ്ടിവരുമെന്ന് കേന്ദ്ര സ്ഥിതിവിവര-പദ്ധതി നിര്‍വഹണ മന്ത്രാലയം പുറത്തുവിട്ട രേഖകള്‍ പറയുന്നു. രാജ്യത്താകെ 1605 പദ്ധതികള്‍ ആരംഭിച്ചതില്‍ 376 പദ്ധതികളുടെ മൂലധന ചെലവാണ് പദ്ധതി തുകയെ കടത്തിവെട്ടി മുന്നേറിയത്.
കേന്ദ്ര പദ്ധതികളില്‍ 800 എണ്ണം അനിശ്ചിതമായി വൈകുന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 1605 പദ്ധതികളുടെ മൊത്തം അടങ്കല്‍ തുകയായി 22,85,674,25 കോടി രൂപയാണ് കേന്ദ്രം വകയിരുത്തിയിട്ടുള്ളത്. എന്നാലിപ്പോള്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ 27,50,591.38 കോടി വേണ്ടിവരും. പല പദ്ധതികളും മുടന്തി നീങ്ങുന്നതിന്റെ ഫലമായാണ് മൊത്തം തുകയുടെ 20.34 ശതമാനം (4,64,917.13 കോടി) അധികചെലവ് വന്നുചേര്‍ന്നിരിക്കുന്നതെന്ന് 2023 ഏപ്രിലിലെ കണക്കുകള്‍ ഉദ്ധരിച്ച് മന്ത്രാലയം വ്യക്തമാക്കുന്നു.
പദ്ധതികള്‍ക്കായി വകയിരുത്തിയ ഫണ്ടിന്റെ 51. 39 ശതമാനവും (14.13 ലക്ഷം കോടി) ചെലവഴിച്ചിട്ടുണ്ട്. 800 പ്രഖ്യാപിത പദ്ധതികളില്‍ 194 എണ്ണം ഒരുമാസം മുതല്‍ 12 മാസം വരെയും 175 എണ്ണം 13 മുതല്‍ 24 മാസം വരെയും 306 പദ്ധതികള്‍ 25 മുതല്‍ 60 മാസം വരെയും 125 പദ്ധതികള്‍ 60 മാസത്തില്‍ കൂടുതലും വൈകുന്നുണ്ട്. ഭൂമിയേറ്റെടുക്കല്‍, വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വൈകല്‍, അടിസ്ഥാന സൗകര്യ വികസനത്തിന്റെ അഭാവം എന്നിവയാണ് പല പദ്ധതികളുടെയും വൈകിയോട്ടത്തിന് കാരണം.
വമ്പന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് കയ്യടി നേടുന്ന കേന്ദ്രസര്‍ക്കാര്‍ ഇവ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ശ്രദ്ധ ചെലുത്തുന്നില്ല എന്നുള്ളതിന്റെ പരിണിത ഫലമാണ് നിശ്ചിത അടങ്കല്‍ തുകയില്‍ ഉണ്ടാകുന്ന വര്‍ധനവെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. സര്‍ക്കാര്‍ ഖജനാവിനും പൊതുജനത്തിനും ബാധ്യതയാവുന്ന ഇത്തരം നിര്‍മ്മാണങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ചാല്‍ അധിക സാമ്പത്തിക ഭാരം താങ്ങേണ്ടി വരില്ലെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.
English Summary: The schemes announced by the central government are not implemented
You may also like this video