Site iconSite icon Janayugom Online

ആയുധശാലകളെ കോർപ്പറേറ്റ്‌വൽക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണം: എഐടിയുസി

ആയുധ നിർമാണ ശാലകളെ കോർപ്പറേറ്റ്‌വൽക്കരിക്കാനുള്ള നീക്കം കേന്ദ്രസർക്കാർ ഉപേക്ഷിക്കണമെന്ന് എഐടിയുസി ദേശീയ സമ്മേളനം ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ സർക്കാർ ഏകപക്ഷീയമായ തീരുമാനമാണ് സ്വീകരിക്കുന്നത്. നിലവിൽ ആയുധ നിർമാണ ബോർഡിന്റെ കീഴിലുള്ള 41 ഫാക്ടറികളാണ് കോർപ്പറേറ്റുകൾക്ക് തീറെഴുതി നൽകിയിരിക്കുന്നത്. സർക്കാരിന്റെ ദുരുദ്ദേശപരമായ തീരുമാനം രാജ്യ സുരക്ഷക്ക് തന്നെ ഭീഷണിയാണ്. രാജ്യത്തിന്റെ തന്ത്രപ്രധാനമായ ഈ പ്രതിരോധ വ്യവസായത്തെ തച്ചു തകർക്കുന്ന സമീപനം അവിടുത്തെ തൊഴിലാളികൾക്ക് പോലും ഭീഷണിയാണ്. ആയുധനിർമാണ ഫാക്ടറി ബോർഡിനെ ഒന്നിലധികം പൊതുമേഖല സ്ഥാപനങ്ങളായി വിഭജിച്ച് കഴിഞ്ഞു. അവയെ സ്വകാര്യ വൽക്കരിക്കുകയെന്ന നയത്തിന്റെ ഭാഗമാണ് ഇത്.

രാജ്യത്ത് ഇന്ന് 76,000 41 പേരാണ് ആയുധ നിർമാണ ഫാക്ടറികളിൽ തൊഴിലെടുക്കുന്നത്. ഇതിൽ സിവിലിയൻ ജീവനക്കാരാണ് ഭൂരിഭാഗവും. അവര്‍ അനാവശ്യമായ മാനസിക പീഡനങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും വിധേയരാവുകയാണ്. ആയുധ നിർമാണ ഫാക്ടറികളെ കോർപ്പറേറ്റ് വൽക്കരിക്കുന്നതിലെ പ്രശ്നങ്ങൾ ചുണ്ടിക്കാട്ടി ഡിആർഡിഎ പ്രതിരോധ മന്ത്രിക്ക് കത്ത് നൽകിയിരുന്നു. അത് പോലും കേന്ദ്രം പരിഗണിച്ചില്ല. സ്വീഡൻ ആസ്ഥാനമായുള്ള സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ലോകത്തിലെ ഏറ്റവും മികച്ച 100 പ്രതിരോധ നിർമ്മാണ വ്യവസായങ്ങളുടെ ഏറ്റവും പുതിയ പട്ടികയിൽ നിന്ന് ഇന്ത്യൻ ഓർഡനൻസ് ഫാക്ടറികളുടെ പേര് നീക്കം ചെയ്തതും രാജ്യത്തിന് തിരിച്ചടിയായി. മേഖലയെ കോർപ്പറേറ്റ് വൽക്കരിക്കാനുള്ള തെറ്റായ തീരുമാനം പിൻവലിക്കും വരെ എഐടിയുസി ശക്തമായ പ്രക്ഷോഭം തുടരുമെന്നും സമ്മേളനം മുന്നറിയിപ്പ് നൽകുന്നു.

Exit mobile version