കേരള ഹൈക്കോടതിവിധിയുടെ വെളിച്ചത്തിൽ മുണ്ടക്കൈ — ചൂരൽമല നിവാസികളോട് തുടരുന്ന മാപ്പില്ലാത്ത തെറ്റ് കേന്ദ്രസർക്കാർ അടിയന്തരമായി തിരുത്തണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു. കേരള ഹൈക്കോടതിയുടെ അസന്നിഗ്ധമായ വിധി കേന്ദ്രസർക്കാരിന്റെ ദേശവിരുദ്ധവും കേരളദ്രോഹപരവുമായ നിലപാടിന്റെ കരണത്തേറ്റ അടിയാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. ഇനിയും മുടന്തൻ ന്യായങ്ങൾ പറയാൻ നിൽക്കാതെ എല്ലാം തകർന്നുപോയ മുണ്ടക്കൈ-ചൂരൽമലയിലെ ഇന്ത്യാക്കാരായ പാവങ്ങളോട് നീതി കാണിക്കാൻ കേന്ദ്രസർക്കാർ അമാന്തിക്കരുത്.
പ്രകൃതിക്ഷോഭത്തിന്റെ മുൻപിൽ ഗുജറാത്തിനോടും രാജസ്ഥാനോടും കാണിച്ച സമീപനം കേരളത്തോട് കാണിക്കാൻ എന്തുകൊണ്ടാണ് ബിജെപി സർക്കാർ തയ്യാറാകാത്തത്? സഹോദരി, സഹോദരൻമാരെ എന്ന് നിത്യേന പ്രസംഗിക്കുന്ന മോഡി രാഷ്ട്രീയം നോക്കിയാണോ സാഹോദര്യം തീരുമാനിക്കുന്നതെന്ന് കേരളത്തിലെ ജനങ്ങൾക്കറിയണം. ഇക്കാര്യത്തിൽ മോഡി ഗവൺമെന്റിന്റെ കേരളദ്രോഹനയങ്ങൾക്കെതിരെ സമരം ചെയ്യാൻ സംസ്ഥാന ബിജെപി തയ്യാറുണ്ടോ? നീതിന്യായവ്യവസ്ഥയെപ്പോലും ധിക്കരിച്ചുകൊണ്ട് കേരളത്തോട് വൈര്യം പുലർത്തുന്ന ബിജെപിയ്ക്ക് ജനങ്ങൾ ബാലറ്റിലൂടെ മറുപടി പറയുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു.

