Site iconSite icon Janayugom Online

കേന്ദ്ര സർക്കാർ വിവേചനം അവസാനിപ്പിക്കണം: രാമകൃഷ്ണ പണ്ഡ

ദുരന്തങ്ങളെ അതിജീവിക്കുന്നതിനായി സഹായം അനുവദിക്കുന്നതിൽ കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്ന് എഐടിയുസി ദേശീയ സെക്രട്ടറി രാമകൃഷ്ണ പണ്ഡ ആവശ്യപ്പെട്ടു. കല്പറ്റയിൽ നടന്ന എഐടിയുസി വർഗ ബഹുജന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുണ്ടക്കൈ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം. പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാർ പിന്തുണ നൽകണം. ഫെഡറൽ സംവിധാനത്തിൽ കേന്ദ്രം സർക്കാർ അതിന്റെ ഉത്തരവാദിത്തം കാണിക്കണം. 

ബിജെപി ഇതര സംസ്ഥാന സർക്കാരുകളെ മോഡി സർക്കാർ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. കേന്ദ്ര ഏജൻസികളെയും ഗവർണർമാരെയും ഉപയോഗിച്ച് തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നു. തൊഴിലാളി വിരുദ്ധ സമീപനമാണ് കേന്ദ്ര സർക്കാർ പിൻതുടരുന്നത്. തൊഴിലില്ലായ്മ രാജ്യത്ത് വർധിച്ചു. ജോലി സുരക്ഷിതത്വം ഇല്ലാതാക്കി. ലേബർ കോഡുകൾക്കെതിരെ രാജ്യത്ത് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും വിവിധ തൊഴിലാളി സംഘടനകളുടെ ദേശീയ ഐക്യത്തിന് എഐടിയുസി മുൻകൈ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് വിജയൻ ചെറുകര അധ്യക്ഷനായി. സെക്രട്ടറി സി എസ് സ്റ്റാൻലി, സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു, സംസ്ഥാന സെക്രട്ടറിമാരായ സി പി മുരളി, അഡ്വ. ആർ സജിലാൽ, സി കെ ആശ എംഎൽഎ, എം വി ബാബു പ്രസംഗിച്ചു.

Exit mobile version