ജുഡിഷ്യറിയെ പോലും തങ്ങളുടെ നിയന്ത്രണത്തിലാക്കാനുള്ള കേന്ദ്ര ഭരണകൂടത്തിന്റെ ശ്രമം അത്യന്തം ഗൗരവകരമെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു.തളിപ്പറമ്പിൽ നടന്ന എൻ ഇ ബാലറാം-പി പി മുകുന്ദൻ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജൂഡിഷ്യറിയെ മാത്രമല്ല സുപ്രധാനമായ ഇലക്ഷൻ കമ്മീഷനെ പോലും തങ്ങളുടെ കയ്യിലെ കളിപ്പാവയാക്കുന്ന സമീപനമാണ് ബിജെപി സ്വീകരിക്കുന്നത്. ബീഹാറിലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ ഒക്കെ ഏറെ ഗൗരവമുള്ളതും ജനാധിപത്യത്തിന്റെ പരിശുദ്ധിയെ തന്നെ കളങ്കപ്പെടുത്തുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു.
തങ്ങളുടെ രാഷ്ട്രീയ താല്പര്യങ്ങൾക്കനുസരിച്ചു കൊണ്ട് അന്വേഷണ ഏജൻസികളെ ഉപയോഗപ്പെടുത്തി രാഷ്ട്രീയ എതിരാളികളെ തകർത്തു കളയാമെന്ന മനോഭാവമാണ് ബിജെപിക്ക്. അത്തരത്തിൽ ഇന്ത്യൻ ഇന്ത്യൻ ജനാധിപത്യത്തെ തന്നെ വെല്ലുവിളിക്കുന്ന രീതിയിലാണ് രാജ്യത്തെ ഭരണകൂടം മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യം മുഴുവൻ ഫാസിസ്റ്റ് വാഴ്ചയിൽ ആണ്ടിറങ്ങി കൊണ്ടിരിക്കുകയാണ്. മോഡിക്ക് മടിയിലിരിക്കുന്ന മാധ്യമങ്ങളെ മാത്രം മതിയെന്നും അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റുകാർക്കിടയിലെ പണ്ഡിതനും പണ്ഡിതന്മാർക്കിടയിലെ കമ്മ്യൂണിസ്റ്റുമായിരുന്നു എൻ ഇ ബാലറാം. 14 വർഷം ബാലറാം കമ്മ്യൂണിസ്റ്റ്പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു.പ്രത്യയശാസ്ത്രമില്ലാത്ത പിൻബലമില്ലാത്ത പാർട്ടി വേരില്ലാത്ത മരം പോലെയാണെന്ന് ബാലറാം തിരിച്ചറിഞ്ഞു.മൂല്യങ്ങളിൽ വെള്ളം ചേർക്കാൻ ബാലറാം തയ്യാറായിരുന്നില്ല.കാർക്കശ്യത്തിന്റെ ആൾരൂപമായിരുന്നു അദ്ദേഹം.ജനാധിപത്യം മാർക്സിസത്തിൻ്റെ അവിഭാജ്യഘടകമായി ബാലറാം കണ്ടു.
കമ്മ്യൂണിസ്റ്റ്പാർട്ടിയുടെയും ട്രേഡ് യൂണിയന്റെയും സമുന്നത നേതാവായിരുന്നു പി പി മുകുന്ദൻ. ജീവിതകാലം മുഴുവനും പാർട്ടി വളർത്തുന്നതിന് അദ്ദേഹം അക്ഷീണം പ്രവർത്തിച്ചു.അവർ സംരക്ഷിച്ചുപോന്ന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ സാധിക്കണം. കമ്മ്യൂണിസ്റ്റ് നൈതികത ഉയർത്തിപ്പിടിക്കാൻ നമുക്ക് സാധിക്കണമെന്നും പ്രകാശ്ബാബു പറഞ്ഞു. സിപിഐ ദേശീയ എക്സിക്യൂട്ടീവംഗം അഡ്വ. പി സന്തോഷ് കുമാർ എം പി അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന കൗൺസിൽ അംഗം സി എൻ ചന്ദ്രൻ അധ്യക്ഷനായി.
സിപിഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു. സംസ്ഥാന കൺട്രോൾ കമ്മീഷൻ അംഗം സി പി മുരളി, സംസ്ഥാന കൗൺസിൽ അംഗം സി പി ഷൈജൻ, എ പ്രദീപൻ,മുൻ ജില്ലാ സെക്രട്ടറി സി രവീന്ദ്രൻ, താവം ബാലകൃഷ്ണൻ, കെ വി ബാബു, വേലിക്കാത്ത് രാഘവൻ, എൻ ഉഷ, അഡ്വ പി അജയകുമാർ, സി വിജയൻ, അഡ്വ വി ഷാജി,പി കെ മധുസൂദനൻ,വെള്ളോറ രാജൻ,വി കെ സുരേഷ് ബാബു,വി വി കണ്ണൻ,ടി വി നാരായണൻ,കോമത്ത് മുരളീധരൻ,പി എ ഇസ്മായിൽ,പി പി മുകുന്ദന്റെ മകൾ നടാഷാ മുകുന്ദൻ തുടങ്ങിയവർ സംബന്ധിച്ചു.സ്വാഗത സംഘം ചെയർമാൻ പി കെ മുജീബ് റഹ്മാൻ നന്ദി പറഞ്ഞു.

