രാജ്യത്ത് ഭക്ഷ്യധാന്യ ഉല്പാദനം വളരെയധികം വര്‍ധിച്ചെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ സംഭരണസംവിധാനം ഫലപ്രദമല്ലാത്തതിനാല്‍ പൊതുവിതരണ സംവിധാനമുള്‍പ്പെടെ താളം തെറ്റുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ച കാര്‍ഷിക മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം നടപ്പുസാമ്പത്തിക വര്‍ഷം 3,305 ലക്ഷം ടണ്‍ എന്ന റെക്കോഡ് ഭക്ഷ്യ ധാന്യ വിളവെടുപ്പ് രാജ്യം കൈവരിക്കും. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം 150 ലക്ഷം ടണ്‍ അരിയും ഗോതമ്പും കൂടുതലായിരിക്കും. നിലവില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഗോതമ്പ് വില കുറയും, കര്‍ഷകര്‍ക്ക് മികച്ച വരുമാനം ലഭിക്കും, പൊതുവിതരണ സംവിധാനം വഴി ഭക്ഷ്യ ധാന്യങ്ങള്‍ വാങ്ങുന്നവര്‍ക്ക് (ഏകദേശം 80 കോടി പേര്‍ക്ക്) മതിയായ അളവില്‍ ലഭ്യമാകും തുടങ്ങി വലിയൊരു വിഭാഗത്തെ ആഹ്ലാദിപ്പിക്കേണ്ടതാണ് ഈ റിപ്പോര്‍ട്ടെങ്കിലും, സര്‍ക്കാരിന്റെ സംഭരണ സംവിധാനത്തിലെ പോരായ്മ കാരണം ഫലം വിപരീതമാകുമെന്ന് ന്യൂസ് ക്ലിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍ വര്‍ഷങ്ങളിലെ സംഭരണ തോത് വിലയിരുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
കുറച്ച് വർഷങ്ങളായി ഗോതമ്പിന്റെയും അരിയുടെയും സംഭരണത്തിൽ വ്യക്തമായ കുറവുണ്ടായി. 2020–21 ൽ 602 ലക്ഷം ടണ്‍ അരി സംഭരിച്ചിരുന്നത്, 2021–22 ൽ 576 ലക്ഷം ടണ്ണായി കുറഞ്ഞു. 2022–23 ൽ 533 ലക്ഷം ടണ്‍ സംഭരണം മാത്രമേ നടന്നുള്ളൂ. ഗോതമ്പിന്റെയും സ്ഥിതി ഇതുതന്നെ. 2020–21ല്‍ 433 ലക്ഷം ടണ്‍ സംഭരിച്ചിടത്ത് തൊട്ടടുത്ത വര്‍ഷം 188 ലക്ഷം ടണ്ണും കഴിഞ്ഞ വര്‍ഷം 262 ലക്ഷം ടണ്ണുമായി കുറഞ്ഞിരുന്നു.
കഴിഞ്ഞ വര്‍ഷം ഉക്രെയ്‌ന്‍ യുദ്ധകാരണത്താലുണ്ടാകാനിടയുള്ള ആഗോള കയറ്റുമതി പ്രതീക്ഷിച്ച് വന്‍കിടക്കാര്‍ ഗോതമ്പ് കൂടുതല്‍ സംഭരിച്ചതാണ് സംഭരണത്തോതില്‍ കുറവുണ്ടായതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ആ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, ലോകത്തെയാകെ ഇന്ത്യ ഊട്ടുമെന്ന് പ്രഖ്യാപിച്ച് സ്വകാര്യ സംരംഭകരെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. പിന്നീട് ആഭ്യന്തര വിപണിയില്‍ ഗോതമ്പ് ക്ഷാമവും വിലക്കയറ്റവും ഉണ്ടായപ്പോഴാണ് കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.
കയറ്റുമതി നിരോധനം ഇപ്പോഴും നിലവിലുണ്ട്, എന്നാൽ സംഭരണം വളരെ മന്ദഗതിയിലാണ്. വിപണന സീസൺ തുടരുകയാണെങ്കിലും 2021–22ൽ ലക്ഷ്യംവച്ചതിന്റെ ഏകദേശം 40 ശതമാനമാണ് ഇതുവരെയുണ്ടായത്. ഖാരിഫ് വിളവെടുപ്പിനെ തുടര്‍ന്ന് ഈ മാസം കൂടുതൽ ഗോതമ്പ് വിപണികളിലെത്തും. എന്നാൽ സംഭരിക്കുന്നതിന് സർക്കാർ എത്രമാത്രം സംവിധാനമൊരുക്കുമെന്നതിനെ ആശ്രയിച്ചിരിക്കും എല്ലാ കാര്യങ്ങളും. മുന്‍വര്‍ഷങ്ങളെ പോലെയാണ് സംവിധാനങ്ങളെങ്കില്‍ കര്‍ഷകര്‍ക്ക് സ്വകാര്യ സംരംഭകരുടെയും ഇടനിലക്കാരുടെയും ചൂഷണത്തിന് ഇരകളായി കുറഞ്ഞ വിലയ്ക്ക് വിറ്റൊഴിവാക്കേണ്ട സ്ഥിതിയാണുണ്ടാവുക. ഇത് കൂടുതല്‍ വില കിട്ടുമെന്ന കര്‍ഷകരുടെ പ്രതീക്ഷ അസ്ഥാനത്താക്കും. എഫ്‌സിഐ നടത്തിയ സംഭരണത്തില്‍, നടപ്പുവർഷം ഇതുവരെ ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ വലിയ തോതില്‍ കുറവുണ്ടായി. കൂടുതല്‍ ഗോതമ്പ് ഉല്പാദിപ്പിക്കുന്ന പഞ്ചാബിലും ഹരിയാനയിലും സംഭരണം 2021–22നെ അപേക്ഷിച്ച് യഥാക്രമം 11, 20 ലക്ഷം ടണ്‍ കുറവാണ്. ഈ സംസ്ഥാനങ്ങളില്‍ മതിയായ സംഭരണ സംവിധാനമൊരുക്കുന്നില്ലെങ്കില്‍ കര്‍ഷകര്‍ കുറഞ്ഞ താങ്ങുവിലയ്ക്ക് വില്‍ക്കാന്‍ നിര്‍ബന്ധിതരാകുകയും ഉപഭോക്താക്കൾക്ക് പൊതുവിതരണ സംവിധാനത്തിലൂടെയുള്ള വിതരണത്തില്‍ ക്ഷാമം നേരിടുകയും ചെയ്യും.
English Summary: Central government’s policy will disrupt public distribution
You may also like this video