വയനാട് ദുരന്തം ദേശീയ പരിഗണന അർഹിക്കുന്നതല്ലെന്ന കേന്ദ്ര സർക്കാർ പ്രഖ്യാപനത്തിനെതിരെ സിപിഐ ജില്ലാ കൗൺസിൽ നേതൃത്വത്തിൽ കോഴിക്കോട് ആദായ നികുതി ഓഫീസിലേക്ക് ഉജ്ജ്വല ബഹുജന മാർച്ച്. സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള പ്രതിഷേധ മാർച്ചിൽ നൂറുകണക്കിനുപേർ പങ്കെടുത്തു. കോഴിക്കോട് മുതലക്കുളം കേന്ദ്രീകരിച്ച് ആരംഭിച്ച മാർച്ച് ആദായനികുതി ഓഫീസ് പരിസരത്ത് പൊലീസ് തടഞ്ഞു. തുടർന്ന് നടത്തിയ ധർണ സിപിഐ ദേശീയ കൗൺസിൽ അംഗം സത്യൻ മൊകേരി ഉദ്ഘാടനം ചെയ്തു.
കേരളത്തോടുള്ള കേന്ദ്രസർക്കാർ അവഗണന നമ്മുടെ ഫെഡറൽ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. ഭരണപരാമായ ബാധ്യത നിർവ്വഹിക്കുന്നതിൽ നിന്നും കേന്ദ്രം പിറകോട്ടുപോവുകയാണ്. വയനാട് ദുരന്തത്തിനുശേഷം പ്രകൃതി ദുരന്തം നേരിട്ട ബീഹാറിനും ആന്ധ്രയ്ക്കും തെലങ്കാനയ്ക്കുമെല്ലാം മുൻകാറായി സഹായമെത്തിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടുണ്ട്. ഇവിടങ്ങളിലുള്ള എംപിമാർ കേന്ദ്രഭരണകൂടത്തെ പിന്തുണയ്ക്കുന്നു എന്ന കാരണത്താലാണ് മോഡി സർക്കാർ ഈ നിലപാട് സ്വീകരിച്ചത്. എന്നാൽ താരതമ്യേന വലിയ ദുരന്തം നേരിട്ട വയനാടിനെ പാടെ അവഗണിച്ചു. ഒരു പ്രദേശം ഒന്നാകെ മണ്ണിനടിയിലായ മഹാദുരന്തമുണ്ടായിട്ടും കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും ഒരു സഹായവും ലഭിച്ചിട്ടില്ല. തങ്ങൾക്ക് ഇഷ്ടമല്ലാത്ത സംസ്ഥാനങ്ങളോട് വൈര്യനിര്യാതന ബുദ്ധിയോടെ പെരുമാറുകയാണ് കേന്ദ്ര സർക്കാർ.
ദുന്തത്തെത്തുടർന്ന് വയനാട്ടിലെത്തിയ പ്രധാനമന്ത്രിയിൽ ജനങ്ങൾ ആശ്വാസം പ്രതീക്ഷിച്ചു. ദുരന്തത്തിന്റെ ആഘാതം പ്രധാനമന്ത്രിക്കു മനസ്സിലായെന്ന് നാം കരുതി. എന്നാൽ സംസ്ഥാനത്തിന് സ്പെഷ്യൽ പാക്കേജ് അനുവദിക്കുന്നകാര്യത്തിൽ ഒരു നടപടിയുമുണ്ടായില്ല. വയനാട് ദുന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനും തയ്യാറായില്ല. കേന്ദ്ര പൂളിൽ നിന്നും സംസ്ഥാനങ്ങൾക്ക് വർഷാവർഷം നൽകുന്ന സാധാരണ രീതിയിലുള്ള സാമ്പത്തിക സഹായം മാത്രം അനുവദിക്കുകയാണ് സർക്കാർ ചെയ്തത്. അതിതീവ്ര ദുരന്തങ്ങൾക്ക് പ്രത്യേക പരിഗണന നൽകി ദേശീയ ദുരന്തമായി പ്രഖ്യാപിക്കാമെന്ന് നിയമത്തിൽ വ്യവസ്ഥയുണ്ട്. വയനാട്ടിലേത് അതിതീവ്രദുരന്തമല്ലെന്ന മുൻ കേന്ദ്ര മന്ത്രി വി മുരളീധരന്റെ പരാമർശം കേരളത്തോടുള്ള വെല്ലുവിളിയാണ്. ദുരന്തത്തെ ലഘൂകരിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം.
ലോകത്തിനുതന്നെ മാതൃകയാവുന്ന തരത്തിലുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളാണ് വയനാട് ചൂരൽമലയിൽ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടത്തിയത്. സംസ്ഥാന സർക്കാർ ക്യാബിനറ്റ് ഉപസമിതി രൂപീകരിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയായിരുന്നു. ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് വിശദമായ റിപ്പോർട്ടാണ് സംസ്ഥാനം സമർപ്പിച്ചത്. എന്നാൽ ഇതുസംബന്ധിച്ച് ഒരക്ഷരം മിണ്ടാൻ കേന്ദ്രം തയ്യാറായിട്ടില്ല. ഹൈക്കോടതിയിൽ കേസ് വന്നപ്പോൾ വൈകാതെ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കിയെങ്കിലും കേന്ദ്രം അനങ്ങാപ്പാറ നയം തുടരുകതന്നെയാണ്.
ദേശീയ ദുരന്തനിവാരണ അതോറിറ്റിക്ക് പണം നൽകുന്നത് പാർലമെന്റാണ്. അത് ജനങ്ങളുടെ നികുതിപ്പണമാണ്. ആ പണം ഉപയോഗിച്ച് രാഷ്ട്രീയം കളിക്കരുത്. ഒരു സംസ്ഥാനത്തെ ജനതയെയാകെ അവഗണിക്കുന്ന ഈ നിലപാടിനെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കുകയാണ് വേണ്ടത്. ജനങ്ങളുടെ ജീവൽപ്രശ്നങ്ങളെപ്പോലും രാഷ്ട്രീയവത്കരിച്ച് അവഗണിക്കാനുള്ള നീക്കത്തിൽ ശക്തമായ ചെറുത്തുനിൽപ്പ് ഉയർന്നുവരണം. ദുരന്തബാധിതർക്കായി ഒരു ടൗൺഷിപ്പ് ഉയർത്തിക്കൊണ്ടുവരികയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം. എന്നാൽ രാഷ്ട്രീയം കലർത്തി ഇതിനേയും തടയാനാണ് കേന്ദ്ര നീക്കം.കോഴിക്കോട് വിലങ്ങാടുണ്ടായ ദുരന്തത്തിലും വലിയ നഷ്ടമാണ് കർഷകർക്ക് നേരിട്ടിട്ടുള്ളത്. ഇവിടേയും കോടിക്കണക്കിനു രൂപയുടെ കൃഷിനാശം നേരിട്ടു. നിരവധി വീടുകൾ വാസയോഗ്യമല്ലാതായി. ദുരന്തബാധിതരെ സഹായിക്കാൻ കേന്ദ്രസർക്കാർ തയ്യാറായില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭത്തിന് സിപിഐ നേതൃത്വം നൽകുെന്നും സത്യൻ മൊകേരി കൂട്ടിച്ചേർത്തു.
സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ അധ്യക്ഷനായി. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അഡ്വ. പി വസന്തം, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ഇ കെ വിജയൻ എംഎൽഎ, ടി കെ രാജൻ മാസ്റ്റർ എന്നിവർ സമരത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സിപിഐ ജില്ലാ അസി. സെക്രട്ടറിമാരായ അഡ്വ. പി ഗവാസ് സ്വാഗതവും പി കെ നാസർ നന്ദിയും പറഞ്ഞു. മാർച്ചിന് സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ആർ ശശി , പി സുരേഷ് ബാബു , പി കെ കണ്ണൻ , രജീന്ദ്രൻ കപ്പള്ളി , ചൂലൂർ നാരായണൻ ‚ആർ സത്യൻ, ഇ സി സതീശൻ തുടങ്ങിയവര്‍ നേതൃത്വം നൽകി.