Site iconSite icon Janayugom Online

മേരി സഹേലിയും സിസി ടിവി കാമറയും കാണാമറയത്ത്; സ്ത്രീസുരക്ഷ ഉറപ്പാക്കാനായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ പാഴായി

ട്രെയിന്‍ സര്‍വ്വീസുകളില്‍ സ്ത്രീസുരക്ഷ ഉറപ്പാക്കാനായി ഇന്ത്യന്‍ റെയില്‍വെ രൂപീകരിച്ച പദ്ധതികളെല്ലാം ഇരുട്ടത്ത് തന്നെ. സ്ത്രീസുരക്ഷയ്ക്കും ശാക്തീകരണത്തിന് വേണ്ടിയും കേന്ദ്രസര്‍ക്കാര്‍ ഘോരംഘോരമായി പ്രസംഗിക്കുകയും പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ടെങ്കിലും പദ്ധതികളുടെ നിലവിലെ അവസ്ഥ പരിശോധിച്ചാല്‍ സര്‍ക്കാരിന്റെ പൊള്ളയായ വാഗ്ദാനങ്ങളാണ് മറനീക്കി പുറത്ത് വരുന്നത്. തീവണ്ടിയാത്രയില്‍ സ്ത്രീസുരക്ഷ ഉറപ്പാക്കാനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്സിന്റെ സഹകരണത്തോടെ റെയില്‍വെ രൂപീകരിച്ച പദ്ധതിയാണ് മേരി സഹേലി. യാത്രക്കാരായ സ്ത്രീകൾക്കൊപ്പം ട്രെയിൻ സർവ്വീസിൽ ആർപിഎഫിന്റെ വനിതാ പൊലീസ് ഉദ്യോഗസ്ഥർ സഞ്ചരിക്കുന്നതാണ് മേരിസഹേലി പദ്ധതി. യാത്ര തുടങ്ങുന്ന സ്റ്റേഷനിൽ നിന്നും തന്നെ ആർപിഎഫിലെ യുവ വനിതാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം ട്രെയിനുകളിൽ കയറും. അവസാന സ്റ്റേഷൻ വരെ ഇവർ ഒപ്പമുണ്ടാകും. വനിതാ യാത്രക്കാരോട് സംസാരിച്ച് സുരക്ഷാ ബോധവത്കരണം നടത്തുകയും ചെയ്യുക എന്നതാണ് പദ്ധതി വഴി ചെയ്യാന്‍ ഉദ്ദേശിച്ചത്.

ആർപിഎഫ് സംഘം വനിതാ യാത്രക്കാരുടെ സീറ്റ് നമ്പറുകൾ ശേഖരിച്ച് വഴി മധ്യേയുള്ള സ്റ്റോപ്പുകളിൽ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് കൈമാറുകയും സ്റ്റേഷനുകളിൽ പ്ലാറ്റ് ഫോം ഡ്യൂട്ടിയിലുള്ളവർ ഇതിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട് ക്വാട്ടകളും ബർത്തുകളും നിരീക്ഷിക്കണമെന്നും ആവശ്യമെങ്കിൽ വനിതാ യാത്രക്കാരെ സഹായിക്കണമെന്നുള്ള നിര്‍ദ്ദേശവും പദ്ധതിയുടെ ഭാഗമായുണ്ടായിരുന്നു. മേരി സഹേലി പദ്ധതിയുടെ ഭാഗമായി ദക്ഷിണ റെയിൽവേ 17 സംഘങ്ങൾ രൂപീകരിക്കുകയും ചെയ്തിരുന്നു. പദ്ധതിയെ ഏറെ കൈയ്യടിയോടെയാണ് സ്വീകരിച്ചത്. എന്നാല്‍ ഏറെ അഭിമാനത്തോടെ കൊണ്ടുവന്ന ഈ പദ്ധതി കടലാസ് പദ്ധതിയായി മാത്രം അവശേഷിച്ചിരിക്കുകയാണ്.

കോവിഡിന് ശേഷം ഇതെല്ലാം നിലക്കുകയായിരുന്നു. ഇത് മാത്രമല്ല യാത്രക്കാരുടെ സുരക്ഷയ്ക്കായി ട്രെയിനുകളിലും സ്റ്റേഷനുകളിലും പന്ത്രണ്ട് ലക്ഷം സി സി ടി വി കാമറ സ്ഥാപിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയും എങ്ങുമെത്തിയില്ല. യാത്രക്കാരുടെ സുരക്ഷക്കായി സ്റ്റേഷനുകളില്‍ സി സി ടി വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പല സ്റ്റേഷനുകളിലും ഇവ പ്രവര്‍ത്തന രഹിതവുമാണ്. ഓരോ പദ്ധതികളിന്‍മേലും പ്രതീക്ഷയര്‍പ്പിക്കുന്ന യാത്രക്കാര്‍ക്ക് നിലവില്‍ നിരാശമാത്രമാണ് ഫലം. പകല്‍പോലും പേടിയില്ലാതെ തീവണ്ടി യാത്ര ചെയാനാകാത്ത സ്ഥിതിയാണ് നിലനില്‍ക്കുന്നത്. മദ്യപസംഘം, പിടിച്ചുപറിക്കാര്‍, സാമൂഹിക വിരുദ്ധര്‍, കഞ്ചാവ് സംഘം തുടങ്ങിയവര്‍ ജനറല്‍ കോച്ചുകളില്‍ ഇടംപിടിക്കുമ്പോള്‍ ഇവരെ നിയന്ത്രിക്കാന്‍ റെയില്‍വേ സുരക്ഷാസംഘത്തിന് സാധിക്കുന്നില്ല എന്നത് വലിയ വീഴ്ചയാണ്.

കഴിഞ്ഞ ചൊവ്വാഴ്ച കണ്ണൂരില്‍ നിന്നു 5.30ന് പുറപ്പെടുന്ന കണ്ണൂര്‍ ചെറുവത്തൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ നഗ്നതാപ്രദര്‍ശനം നടത്തിയതിന് ന്യൂമാഹി സ്വദേശിയെ പൊലിസ് അറസ്റ്റുചെയ്തിരുന്നു. മംഗലാപുരത്ത് നിന്നു രാത്രി 11.45നു പുറപ്പെടുന്ന മംഗളൂരു ചെന്നൈ വെസ്റ്റ് കോസ്റ്റ് ട്രെയിനില്‍ മദ്യപിച്ചു കയറിയ മൂന്നോളം ആളുകള്‍ സ്ത്രീയാത്രക്കാരോട് മോശമായി പെരുമാറി. മറ്റുള്ള യാത്രക്കാര്‍ പ്രശനത്തില്‍ ഇടപെട്ടപ്പോള്‍ വലിയ കയ്യാങ്കളിയില്‍ അവസാനിക്കുകയാണ് ഉണ്ടായത്. ഈ സമയം റെയില്‍വേ പൊലിസിന്റെ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ ഫോണ്‍ എടുക്കുക പോലും ചെയ്തില്ല. രാത്രിസമയം ട്രെയിനില്‍ ഇത്തരം സംഭവം ആവര്‍ത്തിക്കപ്പെടുകയാണ്. പലതും വാര്‍ത്തകളാകാത്തതിനാല്‍ ചര്‍ച്ച ചെയ്യപ്പെടാതിരിക്കുന്നു.

2011 ഫെബ്രുവരിയില്‍ ട്രെയിനില്‍ സൗമ്യ എന്ന പെണ്‍കുട്ടി ക്രൂരമായി പീഡനത്തിനിരയായി മരണപെട്ടതിനുശേഷം ട്രെയിനിലെ സുരക്ഷ കൂടുതല്‍ കര്‍ശനമാക്കിയതായി ഉത്തരവാദപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോഴും സ്ത്രീകള്‍ പട്ടാപ്പകല്‍ പോലും ആക്രമിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്യുന്നുണ്ട്.

Eng­lish Sum­ma­ry: cen­tral gov­ern­met Schemes for wom­en’s safe­ty not ful­ly implemented
You may also like this video

Exit mobile version