Site iconSite icon Janayugom Online

സൗജന്യ ഭക്ഷ്യധാന്യ പ്രഖ്യാപനം; അധികഭാരം

കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യ ഭക്ഷ്യധാന്യ പദ്ധതി പ്രഖ്യാപനം ദരിദ്രവിഭാഗങ്ങള്‍ക്ക് തിരിച്ചടിയാകും. കുടുംബങ്ങളില്‍ ആവശ്യമുള്ള കൂടുതല്‍ ധാന്യം അധികവിലകൊടുത്ത് വാങ്ങേണ്ടിവരുന്നത് പാവപ്പെട്ടവരുടെ നട്ടെല്ലൊടിക്കും. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനയുടെ (പിഎംജികെഎവൈ) കാലാവധി അവസാനിക്കാനിരിക്കെയാണ് ദേശീയ ഭക്ഷ്യസുരക്ഷാ നിയമം (എൻഎഫ്എസ്എ) പ്രകാരം ഒരു വര്‍ഷത്തേക്ക് സൗജന്യ റേഷൻ നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. കോവിഡിന് ശേഷം സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും ചെയ്തതിനാൽ പിഎംജികെഎവൈ അവസാനിപ്പിക്കുകയാണെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. എന്നാല്‍ ഭക്ഷ്യസുരക്ഷാ നിയമം നേരത്തെ നിലവിലുള്ളാണ്. അത് കൂടാതെയാണ് പാവപ്പെട്ടവർക്ക് സബ്‌സിഡി നിരക്കിൽ ഭക്ഷ്യധാന്യം നൽകിയിരുന്നത്. ഇതിന്റെ ഗുണം ഗ്രാമീണ ജനസംഖ്യയുടെ 75 ശതമാനത്തിനും നഗര ജനതയുടെ 50 ശതമാനത്തിനും ലഭിച്ചിരുന്നു. എൻഎഫ്എസ്എയുടെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം 80 കോടി ആളുകൾക്ക് അരി, ഗോതമ്പ്, ധാന്യം എന്നിവ കിലോയ്ക്ക് യഥാക്രമം മൂന്ന്, രണ്ട്, ഒന്ന് രൂപ നിരക്കിൽ ലഭിച്ചിരുന്നു.

രണ്ട് പദ്ധതികള്‍ക്കുമായി സര്‍ക്കാര്‍ 2021–22ൽ 2.9 ലക്ഷം കോടിയുടെ ഭക്ഷ്യ സബ്‌സിഡിയാണ് നല്‍കിയത്. ഇപ്പോൾ രണ്ട് പദ്ധതികളും ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന് കീഴില്‍ ലയിപ്പിച്ച് 81 കോടി ദരിദ്രര്‍ക്ക് അഞ്ച് കിലോ ഭക്ഷ്യധാന്യം വീതം സൗജന്യമായി നൽകുമെന്നാണ് പ്രഖ്യാപനം. സൗജന്യ ഭക്ഷ്യധാന്യം ലഭിക്കുമെങ്കിലും ഭക്ഷ്യസുരക്ഷാ നിയമത്തിന്‍ കീഴില്‍ സൗജന്യനിരക്കില്‍ ലഭിച്ചിരുന്ന ധാന്യങ്ങളുടെ അളവ് വെട്ടിക്കുറയ്ക്കും. ഇതുവഴി സബ്സിഡി നല്‍കിയിരുന്ന 1.09 ലക്ഷം കോടി രൂപ ലാഭിക്കുകയാണ് സർക്കാർ ലക്ഷ്യം. 2019–20ലെ സാമ്പത്തിക സർവേ പ്രകാരം ധാന്യങ്ങളുടെ ശരാശരി ലഭ്യത ഒരാൾക്ക് പ്രതിമാസം 13.9 കിലോഗ്രാം ആയിരുന്നു. ഇത് ഭക്ഷ്യധാന്യങ്ങളുടെ ശരാശരി ഉപഭോഗത്തെയാണ് സൂചിപ്പിക്കുന്നത്. സൗജന്യമായി ലഭിക്കുന്ന അഞ്ച് കിലോയ്ക്ക് പുറമേ ഒരാൾക്ക് പ്രതിമാസം 8.9 കിലോ ഭക്ഷ്യധാന്യം വിപണിയില്‍ നിന്ന് വാങ്ങേണ്ടിവരും.

നിലവിലെ വിലയനുസരിച്ച് ഗോതമ്പ് വാങ്ങുന്ന കുടുംബത്തിന് 575 രൂപയായിരിക്കും അധിക പ്രതിമാസ ചെലവ്. പയര്‍ ഉള്‍പ്പെടെയുള്ള ധാന്യങ്ങളുടെ വിതരണം അവസാനിപ്പിക്കുന്നതോടെ പൂര്‍ണമായും പൊതുവിപണിയെ ആശ്രയിക്കേണ്ട അവസ്ഥയുണ്ടാകും. ലോകബാങ്ക് ഇന്ത്യയിലെ ദാരിദ്ര്യരേഖ പ്രതിദിനം 1.9 ഡോളറിൽ നിന്ന് 2.15 ഡോളറായി ഉയർത്തിയിരുന്നു. ഇതനുസരിച്ച് അഞ്ച് പേരടങ്ങുന്ന ഒരു കുടുംബത്തിന് പ്രതിമാസം 13,250 രൂപയാണ് ചെലവ്. 2018 ലെ ഡൽഹി സോഷ്യോ ഇക്കണോമിക് സർവേ പ്രകാരം 90 ശതമാനം ഇന്ത്യൻ കുടുംബങ്ങളും പ്രതിമാസം 10,000 രൂപയിൽ താഴെയും 98 ശതമാനം 20,000 രൂപയിൽ താഴെയുമാണ് ചെലവഴിക്കുന്നത്. ഇ ‑ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്ത 28 കോടി അസംഘടിത മേഖലയിലെ തൊഴിലാളികളിൽ 94 ശതമാനം പേരും പ്രതിമാസം 10,000 രൂപയിൽ താഴെ വരുമാനം രേഖപ്പെടുത്തിയവരാണ്. അന്താരാഷ്ട്ര നിലവാരമനുസരിച്ച്, 90 ശതമാനം ഇന്ത്യക്കാരും ദരിദ്രരാണ്. രാജ്യത്ത് 81 കോടി ദരിദ്രരുണ്ടെന്ന് സർക്കാരും അംഗീകരിച്ചിരിക്കുന്നു. ശക്തമായ സാമ്പത്തിക വളർച്ചയെന്ന് അവകാശപ്പെടുന്ന സര്‍ക്കാര്‍ തന്നെയാണ് രാജ്യത്ത് 81 കോടി ദരിദ്രരുണ്ടെന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

Eng­lish Sum­ma­ry: Cen­tral Govt Free Food­grain Scheme
You may also like this video

Exit mobile version