Site icon Janayugom Online

ടെലികോം കുത്തക കമ്പനികള്‍ക്ക് വാരിക്കോരി ഇളവുകള്‍‍

കോവിഡിനെത്തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയിലും ടെലികോം കമ്പനികളുടെ എജിആര്‍ കുടിശികയ്ക്ക് മൊറട്ടോറിയം അടക്കമുള്ള ആനുകൂല്യങ്ങളും ഇളവുകളും അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. ഒരു മാസം മുമ്പ് സുപ്രീംകോടതി നിരസിച്ച ടെലികോം കമ്പനികളുടെ ആവശ്യങ്ങളാണ് കേന്ദ്രമന്ത്രിസഭാ യോഗം ഇന്നലെ അംഗീകരിച്ചിട്ടുള്ളത്. 

യൂസേജ്, ലൈസന്‍സ് ഫീസ് അടക്കമുള്ള വരുമാനം പങ്കുവയ്ക്കല്‍ കരാര്‍ (അഡ്ജസ്റ്റഡ് ഗ്രോസ് റവന്യു-എജിആര്‍) ഇനത്തില്‍ നല്‍കേണ്ട കുടിശികയ്ക്ക് നാലു വര്‍ഷത്തേക്കാണ് മൊറട്ടോറിയം. ടെലികോം സേവനദാതാക്കള്‍ക്കുള്ള ഒമ്പത് ഘടനാപരമായ പരിഷ്‌കാരങ്ങളും അഞ്ച് നടപടിക്രമ പരിഷ്‌കാരങ്ങളും ആശ്വാസ നടപടികളുമാണ് മന്ത്രിസഭാ യോഗം ഇന്നലെ അംഗീകരിച്ചത്. 

വന്‍ കടക്കെണിയിലായ വോഡഫോണ്‍ ഐഡിയ(വിഐ) അടക്കമുള്ള ടെലകോം കമ്പനികള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി നിലവില്‍ സര്‍ക്കാരിന് നല്‍കാനുള്ള എജിആര്‍ കുടിശികയായിരുന്നു. 58,000 കോടി രൂപയാണ് വിഐയുടെ എജിആര്‍ കുടിശിക. ഈയിനത്തില്‍ കേന്ദ്രസര്‍ക്കാരിന് 1.47 ലക്ഷം കോടി രൂപയാണ് ആകെ ലഭിക്കാനുള്ളത്. സുപ്രീം കോടതിയിലെ കേസില്‍ കുടിശിക ഉടന്‍ തിരിച്ചടയ്ക്കണമെന്ന് കര്‍ശന ഉത്തരവുണ്ടായിരുന്നു. എന്നിട്ടും കമ്പനികളെ സഹായിക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 

ടെലികോം ഇതര വരുമാനം മൊത്തവരുമാനത്തിന്റെ നിര്‍വചനത്തില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചത് കമ്പനികള്‍ക്ക് വലിയ നേട്ടമാകും. നേരത്തെ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് അംഗീകരിച്ചുകൊണ്ടായിരുന്നു സുപ്രീംകോടതി ഈ ആവശ്യം തള്ളിയത്. ഇപ്പോള്‍ കേന്ദ്രം കമ്പനികള്‍ക്ക് അനുകൂലമായി നിലപാട് മാറ്റുകയായിരുന്നു. കൂടാതെ ബാങ്ക് ഗ്യാരന്റിയിലും പലിശനിരക്കുകളും ഇളവുകള്‍ പ്രഖ്യാപിച്ചു. അടുത്തവര്‍ഷം ഏപ്രിലില്‍ അടയ്‌ക്കേണ്ട സ്പെക്ട്രം ഫീസിന് ഒരു വര്‍ഷത്തെ മൊറട്ടോറിയവും അനുവദിച്ചിട്ടുമുണ്ട്. 

ഇനിയുള്ള ലേലങ്ങളില്‍ സ്പെക്ട്രം കാലാവധി 20 ല്‍ നിന്ന് 30 വര്‍ഷമായി ഉയര്‍ത്തി. കൂടാതെ സ്പെക്ട്രം ഉപയോഗ നിരക്ക് (എസ്‌യുസി) ഉണ്ടാകില്ല. സ്പെക്ട്രം 10 വര്‍ഷത്തിന് ശേഷം തിരിച്ചേല്പിക്കുന്നതിനും സാധിക്കും. സ്പെക്ട്രം പങ്കിടലിനായി ഈടാക്കിയിരുന്ന 0.5 ശതമാനം അധിക സ്പെക്ട്രം ഉപയോഗ നിരക്കും ഒഴിവാക്കി. വയര്‍ലെസ് ഉപകരണങ്ങള്‍ക്കായി ലഭ്യമാക്കേണ്ട ലൈസന്‍സുകള്‍ ഒഴിവാക്കിയതും ടെലികോം ടവറുകള്‍ക്കുള്ള എസ്എസിഎഫ്എ ക്ലിയറന്‍സ് ലഘൂകരിച്ചതുമടക്കം നടപടിക്രമങ്ങളിലും കമ്പനികള്‍ക്ക് അനുകൂലമായി നിരവധി പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുണ്ട്. 

നൂറു ശതമാനം വിദേശ നിക്ഷേപം

സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ ടെലികോം മേഖലയില്‍ നൂറു ശതമാനം വിദേശ നിക്ഷേപത്തിനും അനുമതി നല്‍കി. കേന്ദ്ര സര്‍ക്കാരിന്റെയോ റിസര്‍വ് ബാങ്കിന്റെയോ അനുമതി വേണ്ടാത്ത ഓട്ടോമാറ്റിക് റൂട്ടിലൂടെ ടെലികോം മേഖലയില്‍ വിദേശ നിക്ഷേപം നടത്താനാണ് അനുവാദം.
പുതിയ തീരുമാനങ്ങള്‍ നിലവിലെ തൊഴിലവസരങ്ങള്‍ സംരക്ഷിക്കുകയും പുതിയവ സൃഷ്ടിക്കുകയും, ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് കേന്ദ്ര ടെലികോം വകുപ്പു മന്ത്രി അശ്വിനി വൈഷ്ണവ് വിശദീകരിച്ചു. 

Eng­lish Sum­ma­ry : cen­tral govt giv­ing con­ces­sions for tele­com companies

You may also like this video :

Exit mobile version