പൊതുജനങ്ങളില്‍ നിന്ന് വിവരങ്ങള്‍ മറച്ചുപിടിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പോയവര്‍ഷവും മാറ്റമില്ല. ഒമ്പത് കേന്ദ്ര മന്ത്രാലയങ്ങളുടെ വാര്‍ഷിക റിപ്പോര്‍ട്ടുകളാണ് പുറത്തുവിടാതെ പൂഴ്ത്തിയിരിക്കുന്നത്. 2024 കഴിഞ്ഞിട്ടും 16 മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ടുള്ള അടിസ്ഥാന വിവര സമാഹരണം ഇഴഞ്ഞുനീങ്ങുന്നു. രാജ്യപുരോഗതിയുടെ അവിഭാജ്യഘടകമായ സെന്‍സസ് മുടങ്ങിയിട്ട് മൂന്ന് വര്‍ഷം പിന്നിട്ടിട്ടും വിഷയത്തില്‍ യാതൊരു നടപടിയും ആരംഭിക്കാന്‍ മോഡി സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ആരോഗ്യം — പരിസ്ഥിതി, ജനസംഖ്യാ പഠനം, കാര്‍ഷിക മേഖല, നിയമ — നീതിന്യായം തുടങ്ങിയ മന്ത്രാലയങ്ങളുടെ വസ്തുതകളാണ് കേന്ദ്രഭരണകൂടത്തിന്റെ അലക്ഷ്യ നിലപാടുകളെ തുടര്‍ന്ന് ഫയലില്‍ ഉറങ്ങുന്നത്. വാര്‍ഷികാടിസ്ഥാനത്തില്‍ പ്രസിദ്ധീകരിക്കേണ്ട നിര്‍ണായക വിവരങ്ങളാണിവ.
2011ന് ശേഷം ജനസംഖ്യാ സെന്‍സസും അഞ്ചുവര്‍ഷവമായി ദേശീയ കന്നുകാലി സെന്‍സസും പ്രസിദ്ധീകരിച്ചിട്ടില്ല. സുതാര്യമല്ലാത്ത രേഖകള്‍, ദേശീയ തലത്തില്‍ വിവരശേഖരണത്തിലെ അപാകം എന്നിവ വസ്തുതകള്‍ പ്രസിദ്ധീകരിക്കുന്നതിന് വിഘാതം സൃഷ്ടിക്കുന്നുവെന്ന് സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്റ് പീസ് (സിജെപി) റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. 1969ലെ ജനന — മരണ നിരക്ക് ചട്ട പ്രകാരം മരണ കാരണം സംബന്ധിച്ചുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, രോഗങ്ങളുടെ വര്‍ഗീകരണം എന്നിവ പ്രസിദ്ധീകരിക്കാന്‍ മോഡി സര്‍ക്കാര്‍ വര്‍ഷങ്ങളായി വീഴ്ച വരുത്തി. ഗവേഷണം, ആരോഗ്യ സംരക്ഷണ പദ്ധതികള്‍, രോഗ പ്രതിരോധ ചികിത്സ തുടങ്ങിയവയുടെ കാര്യക്ഷമമായ നടത്തിപ്പിന് ആവശ്യമായ വിവരങ്ങളും സര്‍ക്കാര്‍ പൂഴ്ത്തിയിരിക്കുകയാണ്.
കേന്ദ്ര നിയമ — നീതിന്യായ മന്ത്രാലയമാണ് വിവരശേഖരണത്തിലും പ്രസിദ്ധീകരണത്തിലും ഏറ്റവും പിന്നില്‍. 2017- 18 മുതലുള്ള രേഖകകളും അടിസ്ഥാന വസ്തുതകളും മന്ത്രാലയം ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ല. ഉപഭോക്തൃ വില സൂചിക ഇടിഞ്ഞതുമായ രേഖകള്‍ പൂഴ്ത്തിവയ്ക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം ജനങ്ങള്‍ ചോദ്യം ചെയ്യണമെന്നും വസ്തുതകള്‍ വെളിച്ചത്ത് കൊണ്ടുവരണമെന്നും പൗരാവകാശ പ്രവര്‍ത്തക അഞ്ജലി ഭരദ്വാജ് ചൂണ്ടിക്കാട്ടി. ഇത്തരം സുപ്രധാന വിഷയങ്ങളില്‍ ഭരണാധികാരികളുടെ മുന്നില്‍ ചോദ്യം ആവര്‍ത്തിക്കാന്‍ കൂട്ടായ പരിശ്രമം ആവശ്യമാണ്. രാജ്യ പുരോഗതി, ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക, പിന്നാക്കാവസ്ഥ പരിഹരിക്കുക, മര്‍ദിത — ആദിവാസി വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് നയിക്കുക തുടങ്ങിയവയ്ക്ക് ആവശ്യമായ സെന്‍സസ് യഥാസമയം നടത്താന്‍ കേന്ദ്രഭരണകൂടം കാട്ടുന്ന വൈമനസ്യം അക്ഷന്തവ്യമാണ്.