Site iconSite icon Janayugom Online

കേന്ദ്രസമ്മര്‍ദ്ദമേറി; സ്മാര്‍ട്ട് മീറ്ററുമായി കെഎസ്‌ഇബി

KSEBKSEB

കേന്ദ്രസർക്കാരിന്റെ നിരന്തര സമ്മർദ്ദത്തെത്തുടർന്ന് സംസ്ഥാനത്ത് സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടപ്പാക്കാന്‍ കെഎസ്ഇബി ഒരുങ്ങുന്നു. വൈദ്യുതിവിതരണ രംഗത്തെ സ്വകാര്യവത്കരണ നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയരുന്നതിനിടെ സ്മാർട്ട് മീറ്റർ പദ്ധതി ഏപ്രിൽ ഒന്നുമുതൽ നടപ്പാക്കും. ആദ്യഘട്ടത്തിൽ ചെറുകിട‑വൻകിട വ്യവാസായിക ഉപഭോക്താക്കൾക്കായിരിക്കും പദ്ധതി നടപ്പിലാക്കുക. കൂടിയ വൈദ്യുതി ഉപയോഗിക്കുന്നവരിൽ അടുത്ത ഘട്ടവും അവസാന ഘട്ടത്തില്‍ സാധാരണക്കാരിലും പദ്ധതി നടപ്പാക്കും.
കൊച്ചി സ്മാര്‍ട്ട്മിഷന്‍ പദ്ധതിയുടെ ഭാഗമായി എറണാകുളം, മ‍ട്ടാഞ്ചേരി ഡിവിഷനുകളിലെ നാല് സെക്ഷന്‍ ഓഫീസുകളില്‍ ഈ പദ്ധതി നടപ്പാക്കി തുടങ്ങിയിട്ടുണ്ട്.
മുൻകൂറായി പണം നൽകി കാർഡ് വാങ്ങി റീചാർജ് ചെയ്ത് വൈദ്യുതി ഉപയോഗിക്കാവുന്ന സംവിധാനമാണ് സ്മാർട്ട് മീറ്റർ പദ്ധതി. ഈ സംവിധാനം വരുന്നതോടെ ഉപയോഗശേഷം പണം നല്‍കുന്ന നിലവിലെ സമ്പ്രദായം അവസാനിക്കും. പദ്ധതി നടപ്പിലാക്കുന്നതിനായി സ്മാർട്ട് മീറ്റർ വാങ്ങുന്നതും വിതരണശൃംഖല ശക്തിപ്പെടുത്തുന്നതും ഉൾപ്പെടെ അധികച്ചെലവ് വരുന്ന സാഹചര്യത്തില്‍ 3000 കോടി രൂപയുടെ വിശദമായ പദ്ധതി കേന്ദ്രസർക്കാരിന് സമർപ്പിക്കാനൊരുങ്ങുകയാണ് കെഎസ്ഇബി ലിമിറ്റഡ്.
പദ്ധതി നിലവില്‍ വരുന്നതോടെ കെഎസ്ഇബിയില്‍ രണ്ടു തസ്തികകള്‍ പൂര്‍ണ്ണമായും മറ്റു പലതും ഭാഗികമായും ഇല്ലാതാകും. മീറ്റർറീഡറായി 52 സ്ഥിരം ജീവനക്കാർ മാത്രമാണ് ബോർഡിലുള്ളത്. ബാക്കി കരാർ തൊഴിലാളികളാണ്. ഇവരെ മാത്രമല്ല സെക്ഷൻ ഓഫിസുകളിലെ മീറ്റർ റീഡർ, കാഷ്യർ, സീനിയർ അസിസ്റ്റൻറ് , സീനിയർ സൂപ്രണ്ട്, റവന്യു ഓവർസിയർ, ഒരുവിഭാഗം ലൈൻമാൻ‑വർക്കർ തസ്തികൾ ഉൾകൊള്ളുന്ന റവന്യൂവിഭാഗം സ്മാർട്ട്മീറ്റർ പദ്ധതി പ്രതികൂലമായി ബാധിക്കും. ഉപഭോക്താക്കളെ നഷ്ടത്തിലേക്ക് തള്ളിവിടുന്നതോടൊപ്പം തൊഴിലാളികളെയും പ്രതികൂലമായി ബാധിക്കും. പദ്ധതിക്കെതിരെ പ്രതിഷേധവുമായി തൊഴിലാളി സംഘടനകള്‍ രംഗത്തുണ്ട്.
വൈദ്യുതി വിതരണ രംഗത്ത് കാര്യക്ഷമതയും ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനവും ഉറപ്പുനൽകുന്നതാണ് പദ്ധതിയെന്ന് അവകാശപ്പടുന്നുണ്ടെങ്കിലും കേന്ദ്രസർക്കാരിന്റെ വൈദ്യുതി വിതരണ മേഖലയെ സ്വകാര്യ മുതലാളിമാർക്കും കോർപറേറ്റുകൾക്കും തീറെഴുതാനുള്ള സ്വകാര്യവൽകരണ നീക്കത്തിന്റെ ഭാഗമാണിതെന്ന് കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്സ് ഫെഡറേഷന്‍ സംസ്ഥാന ട്രഷറര്‍ ജേക്കബ് ലാസര്‍ പറഞ്ഞു. കേന്ദ്ര ഫണ്ട് ലഭിക്കാനുള്ള റേറ്റിങ്ങിൽ മുൻനിരയിലെത്താനുള്ള നടപടിയെന്ന നിലയിൽ കേന്ദ്രസർക്കാരിന്റെ നിരന്തര സമ്മർദത്തെത്തുടർന്നാണ് നടപടിയെന്ന് കെഎസ്ഇബി അധികൃതർ പറയുന്നു.
2022 ഏപ്രിൽ ഒന്നിൽ തുടങ്ങി 2025 മാർച്ച് 31ന് പൂർത്തിയാകും വിധം മൂന്നുവർഷ സമയമാണ് പദ്ധതി പൂർത്തീകരണത്തിന് നിശ്ചയിച്ചിട്ടുള്ളത്. ഒന്നേകാൽ കോടി ഉപഭോക്താക്കളുടെ വൈദ്യുതി മീറ്റർ മാറ്റുകയെന്നത് എളുപ്പമല്ല. സംസ്ഥാനത്ത് മെറ്റല്‍ മീറ്ററില്‍ നിന്നും ഇലക്ട്രോണിക് മീറ്റര്‍ ആയി മാറിയത് ഒരു വ്യാഴവട്ടക്കാലമെടുത്താണ്. അതിനാൽ ഘട്ടംഘട്ടമായി നടപ്പാക്കാനാണ് ബോർഡ് തീരുമാനം.

Eng­lish Sum­ma­ry: Cen­tral pres­sure; KSEB with smart meter

You may like this video also

Exit mobile version