റെയില്‍വേ, ഖനി, രാസവള മന്ത്രാലയങ്ങള്‍ക്ക് കീഴിലെ അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്പന പരിഗണനയില്‍. ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ് എസ്) വഴിയാണ് കേന്ദ്രം ഓഹരികള്‍ വിറ്റഴിക്കുക.
“വിപണി സാഹചര്യങ്ങള്‍ ഒഎഫ്എസിന് നല്ലതാണ്. റൈറ്റ്‌സ്, റെയില്‍ വികാസ് നിഗം ലിമിറ്റഡ് (ആര്‍വിഎന്‍എല്‍) എന്നീ രണ്ട് റെയില്‍വേ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിക്ഷേപ, പബ്ലിക് അസറ്റ് മാനേജ്‌മെന്റ് വകുപ്പ് (ഡിഐപിഎഎം) ഒഎഫ്എസ് ആസൂത്രണം ചെയ്യുന്നു. ഖനി മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനത്തിലും ഒഎഫ്എസ് പരിഗണനയിലുണ്ടെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചതായി ഓൺലൈൻ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
തന്ത്രപരമായ ഓഹരി വിറ്റഴിക്കലിനായി രാഷ്ട്രീയ കെമിക്കല്‍സ് ആന്റ് ഫെര്‍ട്ടിലൈസേഴ്‌സ് ലിമിറ്റഡ് (ആര്‍സിഎഫ്), നാഷണല്‍ ഫെര്‍ട്ടിലൈസേഴ്‌സ് ലിമിറ്റഡ് (എന്‍എഫ്എല്‍) എന്നിവയുള്‍പ്പെടെ എട്ട് വളം പൊതുമേഖലാ സ്ഥാപനങ്ങളെ 2022 ല്‍ സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു. ആര്‍സിഎഫ്, എന്‍എഫ്എല്‍ എന്നിവയാണ് ഈ സാമ്പത്തിക വര്‍ഷത്തില്‍ ഒഎഫ്എസ് നടത്താന്‍ ഉദ്ദേശിക്കുന്ന വളം പൊതുമേഖലാ സ്ഥാപനങ്ങള്‍. ആര്‍സിഎഫിന്റെ 10 ശതമാനവും എന്‍എഫ്എല്ലിന്റെ 20 ശതമാനവും ഓഹരികള്‍ വിറ്റഴിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുക.
നാല്‍കോ, ഹിന്ദുസ്ഥാന്‍ കോപ്പര്‍ എന്നിവയാണ് ഖനന മന്ത്രാലയത്തിന് കീഴിലുള്ള പ്രധാന പൊതുമേഖലാ സ്ഥാപനങ്ങള്‍.
പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റ് 51,000 കോടി രൂപ സമാഹരിക്കാനാണ് 2023–24 കേന്ദ്ര ബജറ്റ് ലക്ഷ്യമിടുന്നത്. എന്നാല്‍ സ്വകാര്യവല്‍ക്കരണം വേണ്ടത്ര വിജയകരമാകാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഒഎഫ്എസ് പരിഗണിക്കുന്നത്. കോള്‍ ഇന്ത്യയുടെ മൂന്ന് ശതമാനം ഓഹരികള്‍ ഈയിടെ ഒഎഫ്എസ് വഴി വിറ്റഴിച്ചിരുന്നു.
English Summary: Central Public Sector Undertakings are reselling
You may also like this video