Site iconSite icon Janayugom Online

ആരോഗ്യ ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ തീര്‍പ്പാക്കാന്‍ കേന്ദ്രീകൃത സംവിധാനം

ആരോഗ്യ ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ തീര്‍പ്പാക്കുന്നതിലെ വിവേചനം ഒഴിവാക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കീഴില്‍ നാഷണല്‍ ഹെല്‍ത്ത് ക്ലെയിംസ് എക്സ്ചേഞ്ച് എന്ന സംവിധാനം ഉടന്‍ നിലവില്‍ വരും. ആശുപത്രികളും ഇന്‍ഷുറന്‍സ് കമ്പനികളും സംയുക്തമായി ഇതിലൂടെയാകും ക്ലെയിമുകള്‍ തീര്‍പ്പാക്കുക. നിലവില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കുന്ന കമ്പനികള്‍ അവരുടെ സൈറ്റിലൂടെയാണ് തീര്‍പ്പാക്കുന്നത്. ഉപഭോക്താവ് പോളിസിയുടെ വിവരങ്ങളോ ഹെല്‍ത്ത് കാര്‍ഡോ ആശുപത്രിയില്‍ നല്‍കി ബന്ധപ്പെട്ട ഇന്‍ഷുറന്‍സ് കമ്പനിയുടെ പോര്‍ട്ടലില്‍ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്തശേഷമാണ് നിലവില്‍ പ്രവേശനം അനുവദിക്കുക. ക്ലെയിമുകള്‍ തീര്‍പ്പാക്കുന്നതും ഇതേ സംവിധാനത്തിലൂടെയാണ്. ഇതില്‍ പാകപ്പിഴകള്‍ കടന്നുകൂടുന്നത് സ്വാഭാവികമാണ്. വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നതില്‍ തെറ്റുകള്‍ വരുമ്പോള്‍ നഷ്ടം ഹെല്‍ത്ത് കാര്‍ഡ് ഉടമയ്ക്കാകും. ക്ലെയിം തീര്‍പ്പാക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുന്നതും ഉപഭോക്താവിനെയാണ് പ്രതികൂലമായി ബാധിക്കുന്നത്. ക്ലിയറന്‍സ് ലഭിക്കാനുള്ള പ്രക്രിയ സങ്കീര്‍ണമായതുമൂലം ക്ലെയിം നിഷേധിക്കാനുള്ള സാധ്യതയും കൂടുതലാണ്. 

നാഷണല്‍ ഹെല്‍ത്ത് അതോറിട്ടിയാണ് എന്‍എച്ച്സിഎക്സ് എന്ന സംവിധാനം വികസിപ്പിച്ചത്. ഇതിലൂടെയാകും വിവരങ്ങള്‍ പങ്കുവയ്ക്കുക. ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്‍ മുഖേനയുള്ള ഡിജിറ്റല്‍ ഹെല്‍ത്ത് ഐഡി ഉപയോഗിച്ചാകും ആശുപത്രികളും ഇന്‍ഷുറന്‍സ് കമ്പനികളും ക്ലെയിമുകള്‍ തീര്‍പ്പാക്കുക. എന്‍എച്ച്സിഎക്സില്‍ ഉള്‍ക്കൊള്ളിക്കുന്ന ചികിത്സാവിവരങ്ങളും ആരോഗ്യരേഖകളും ഉപഭോക്താവിന് ലഭ്യമാകുമെന്ന പ്രത്യേകതയുമുണ്ട്. ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ തീര്‍പ്പാക്കുക മാത്രമല്ല, ആശുപത്രികളുടെ ചൂഷണം വലിയൊരളവില്‍ ഒഴിവാക്കാന്‍ കഴിയുമെന്നതും ഈ സംവിധാനത്തിന്റെ പ്രത്യേകതയാണ്. 

ഇന്‍ഷുറന്‍സ് റഗുലേറ്ററി ആന്റ് ഡവലപ്മെന്റ് അതോറിട്ടിയുടെ സഹായത്തോടെയാണ് നാഷണല്‍ ഹെല്‍ത്ത് അതോറിട്ടി ഈ സംവിധാനം വികസിപ്പിച്ചെടുത്തത്. മൂന്നുമാസത്തിനുള്ളില്‍ എന്‍എച്ച്സിഎക്സ് എന്ന ‍ഡിജിറ്റല്‍ പ്ലാറ്റ്ഫോം പ്രവര്‍ത്തനക്ഷമമാകും. പ്രമുഖ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികളായ സ്റ്റാര്‍ ഹെല്‍ത്ത്, ആദിത്യ ബിര്‍ള, ബജാജ് അലയന്‍സ്, ന്യുഇന്ത്യ അഷ്വറന്‍സ്, യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ്, ഐസിഐസിഐ, എച്ച്ഡിഎഫ്‌സി എന്നിവയെല്ലാം എന്‍എച്ച്സിഎക്സിലേക്കുള്ള സംയോജനം പൂര്‍ത്തിയാക്കിക്കഴിഞ്ഞിട്ടുണ്ട്. സംവിധാനം നിലവില്‍ വരുന്നതോടെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ തീര്‍പ്പാക്കുന്നത് ഇതിലൂടെയാകും. 

Eng­lish Summary:Centralized sys­tem for set­tle­ment of health insur­ance claims
You may also like this video

Exit mobile version