ഒരു രാജ്യം ഒരു നിയമം, ഒരു തിരിച്ചറിയല്‍ കാര്‍ഡ്, ഒരു തെരഞ്ഞെടുപ്പ് തുടങ്ങി ഫെഡറല്‍ സംവിധാനത്തെ ഇല്ലാതാക്കുന്ന മോഡി സര്‍ക്കാര്‍ രാജ്യത്തെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നു. കണ്‍കറന്റ് പട്ടികയിലുള്ള വിദ്യാഭ്യാസരംഗത്ത് സംസ്ഥാനങ്ങളുമായി ആലോചിക്കാതെ പുതിയ നയമുണ്ടാക്കി ഏകീകൃത സിലബസിന് ശ്രമിക്കുന്നതിനു പിന്നാലെയാണ് ഒരേ തിരിച്ചറിയല്‍ കാര്‍ഡ് സംവിധാനവും ഏര്‍പ്പെടുത്താന്‍ പദ്ധതിയിടുന്നത്.
പുതുക്കിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര വിദ്യാഭ്യാസ വകുപ്പാണ് തിരിച്ചറിയല്‍ കാര്‍ഡ് പദ്ധതി ആവിഷ്ക്കരിച്ച് നടപ്പിലാക്കുക. ആട്ടോമേറ്റഡ് പെര്‍മനന്റ് അക്കാദമിക് അക്കൗണ്ട് രജിസ്ട്രി (എപിഎഎആര്‍ അഥവാ അപാര്‍) എന്ന പേരില്‍ പ്രൈമറിതലം മുതല്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് വരെ തിരിച്ചറിയല്‍ കാര്‍ഡ് സംവിധാനമാണ് ഉദ്ദേശിക്കുന്നത്. എഡ്യുലോക്കര്‍ എന്ന രീതിയില്‍ കണക്കാക്കുന്ന അപാര്‍ ഐഡി വിദ്യാര്‍ത്ഥികള്‍ക്ക് ജീവിതകാലം മുഴുവനുമുള്ള തിരിച്ചറിയല്‍ കാര്‍ഡായിരിക്കും. ഇതിലൂടെ കുട്ടിയുടെ അക്കാദമിക് വിവരങ്ങളും നേട്ടങ്ങളും അറിയാനാകുമെന്ന് എഐസിടിഇ ചെയര്‍മാന്‍ ടി ജി സീതാരാമന്‍ പറഞ്ഞു.
കാര്‍ഡ് ഏര്‍പ്പെടുത്താനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. ആധാര്‍ വിവരങ്ങള്‍ തന്നെയാകും അപാര്‍ കാര്‍ഡിലും ഉള്‍പ്പെടുത്തുക. പുറമെ സ്കൂള്‍ വിവരങ്ങളും രേഖപ്പെടുത്തും. വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സി മാത്രമാകും കൈകാര്യം ചെയ്യുകയെന്നും രക്ഷാകര്‍ത്താക്കള്‍ ആവശ്യപ്പെടുന്ന പക്ഷം തിരിച്ചറിയല്‍ കാര്‍ഡ് പിന്‍വലിക്കാന്‍ സൗകര്യം ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അപാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട് കുട്ടികളുടെ രക്ത ഗ്രൂപ്പിന്റെ വിവരങ്ങള്‍, ഉയരം, ഭാരം തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കാനും കേന്ദ്ര സര്‍ക്കാരിന്റെ യൂണിഫൈഡ് ഡിസ്‌ട്രിക്‌ട് ഇൻഫോര്‍മേഷൻ സിസ്റ്റം ഫോര്‍ എജ്യുക്കേഷൻ വെബ്‌സൈറ്റില്‍ നല്‍കാനും അധ്യാപകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം പോര്‍ട്ടലില്‍ കുട്ടികളുടെ ആധാര്‍ വിവരങ്ങള്‍ നല്‍കാൻ തന്നെ പാടുപെടുകയാണെന്ന് സ്കൂള്‍ മേധാവികള്‍ പറയുന്നു.
English Summary: Centre now plans ‘One Nation, One ID’ for all school students
You may also like this video