Site iconSite icon Janayugom Online

മൂലധന നിക്ഷേപങ്ങൾക്കുള്ള കേന്ദ്ര സഹായ പദ്ധതി; കേരളത്തിന് 360 കോടി രൂപ അനുവദിച്ചു

സംസ്ഥാനങ്ങളിലെ മൂലധന നിക്ഷേപങ്ങൾക്ക് കേന്ദ്രസർക്കാർ നൽകുന്ന പ്രത്യേക സഹായ പദ്ധതിയുടെ ഭാഗമായി നിയന്ത്രണ നടപടികൾ (ഡിറഗുലേഷൻ) കുറയ്ക്കുന്നതിനും ചട്ടങ്ങൾ ലളിതമാക്കുന്നതിനുമായി കൈക്കൊണ്ട പരിഷ്കരണങ്ങൾക്കുള്ള അംഗീകാരമായി കേരളത്തിന് 360 കോടി രൂപ അനുവദിച്ചു. ഈ തുക ഒറ്റത്തവണയായി സംസ്ഥാനത്തിന് ലഭിക്കും. വ്യവസായങ്ങൾക്കും നിക്ഷേപങ്ങൾക്കും അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി സംസ്ഥാനത്ത് നടപ്പാക്കിയ നിയന്ത്രണ ലഘൂകരണ നടപടികളും ഭരണപരമായ പരിഷ്കരണങ്ങളുമാണ് ഈ അംഗീകാരത്തിന് അടിസ്ഥാനമായത്. സംസ്ഥാനതലത്തിൽ നിയന്ത്രണ നടപടികൾ കുറയ്ക്കുകയും ചട്ടങ്ങൾ ലളിതമാക്കുകയും ചെയ്യുന്ന പദ്ധതി കഴിഞ്ഞ ഒമ്പത് മാസമായി ഏകോപിപ്പിച്ചത് കേരള സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (കെഎസ്ഐഡിസി) ആണ്. 

നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനുള്ള ഈ പ്രധാന പരിഷ്കരണ പ്രവർത്തനങ്ങളിലൂടെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായി (എംഎസ്എംഇ) ഭൂമി, തൊഴിലാളി, യന്ത്രസാമഗ്രികൾ, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ വിഭവങ്ങൾ സങ്കീർണമായ അനുമതി പ്രക്രിയകളില്ലാതെ ഉപയോഗിക്കാൻ സാധിച്ചു. സംസ്ഥാന ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ഈ പരിഷ്കരണ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോയത്. സംരംഭങ്ങളുടെ വളർച്ച പ്രോത്സാഹിപ്പിക്കുക, ഭരണനടപടികളുടെ കാര്യക്ഷമത വർധിപ്പിക്കുക, സംസ്ഥാനത്തിന്റെ സാമ്പത്തിക മത്സരക്ഷമത ശക്തിപ്പെടുത്തുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങൾ. കേന്ദ്ര മന്ത്രിസഭ സെക്രട്ടേറിയറ്റിലെ കോർഡിനേഷൻ സെക്രട്ടറിയായ ഡോ. മനോജ് ഗോവിൽ ആണ് ഈ പരിപാടിയുടെ സംസ്ഥാനതല പുരോഗതി മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള ടാസ്ക് ഫോഴ്സ് അംഗം. 

വ്യവസായ‑വാണിജ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് വിവിധ വകുപ്പുകളുടെ പുരോഗതി കേന്ദ്ര മന്ത്രിസഭ സെക്രട്ടേറിയറ്റുമായി സഹകരിച്ച് നിരന്തരം വിലയിരുത്തുകയും അവലോകനം നടത്തുകയും ചെയ്ത് പരിഷ്കരണങ്ങൾ നടപ്പിലാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. അനുവദിച്ച 360 കോടി സഹായം കേരള റോഡ് ഫണ്ട് ബോർഡ്, കേരള വാട്ടർ അതോറിറ്റി, റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ ഓഫ് കേരള, കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എന്നിവ ഉൾപ്പെടെയുള്ള പ്രധാന പൊതുമേഖലാ സ്ഥാപനങ്ങൾ നടപ്പിലാക്കുന്ന 13 മൂലധന നിക്ഷേപ പദ്ധതികൾക്ക് പിന്തുണ നൽകും. ഈ പദ്ധതികൾ സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തെയും നിക്ഷേപ സൗഹൃദ ശേഷിയെയും കൂടുതൽ ശക്തിപ്പെടുത്തും. 

കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ ഇളവുകൾ, മാസ്റ്റർപ്ലാൻ നടപടിക്രമങ്ങൾ ലളിതമാക്കൽ, വ്യവസായ ഭൂമി ബാങ്കുകളുടെ രൂപീകരണം, കെട്ടിട നിർമ്മാണത്തിനും ഉപയോഗത്തിനുമുള്ള അനുമതികൾ ലളിതമാക്കൽ എന്നിവ ഉൾപ്പെടെയുള്ള നിരവധി നിയന്ത്രണ പരിഷ്കരണങ്ങൾ സംസ്ഥാനത്ത് നടപ്പിലാക്കിയിട്ടുണ്ട്. ഇതിലൂടെ സംരംഭകർക്കും നിക്ഷേപകർക്കും കൂടുതൽ അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാനായി. ഭൂമി, തൊഴിൽ, കെട്ടിട നിർമ്മാണം, അടിസ്ഥാന സൗകര്യ സേവനങ്ങൾ, അനുമതികൾ എന്നീ അഞ്ച് പ്രധാന മേഖലകളിലാണ് നിയന്ത്രണ ലഘൂകരണ പരിപാടി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ മേഖലകൾ 11 വകുപ്പുകളിലായി വ്യാപിച്ച 23 ഉപപരിഷ്കരണ മേഖലകളായി ക്രമീകരിച്ചിരിക്കുന്നു. നിയമനടപടികൾ ലളിതമാക്കുകയും ആവർത്തിച്ചുള്ള നടപടികൾ ഒഴിവാക്കുകയും സംരംഭങ്ങൾക്ക് വേഗത്തിലും സുതാര്യവുമായ അനുമതി സംവിധാനം ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം. 

Exit mobile version