Site icon Janayugom Online

കേന്ദ്രത്തിന്റെ അലംഭാവം: ദേശീയപാത നിര്‍മ്മാണം ഇഴയുന്നു

NH Periya

കേന്ദ്രത്തിന്റെ അവഗണനമൂലം സംസ്ഥാനത്തെ ദേശീയപാതാ നിര്‍മ്മാണം ഇഴഞ്ഞുനീങ്ങുന്നു. കാസര്‍കോട് തലപ്പാടി മുതല്‍ തിരുവനന്തപുരം കളിയിക്കാവിള വരെയുള്ള 692.03 കിലോമീറ്റര്‍ പാതയില്‍ പല മേഖലകളിലും ഏഴ് മുതല്‍ 15 ശതമാനം വരെ മാത്രമാണ് ഇതുവരെ പണി പൂര്‍ത്തിയായത്. ഇക്കണക്കിനു പോയാല്‍ നാഷണല്‍ ഹെെവേ 66ന്റെ പണി പത്ത് വര്‍ഷം കഴിഞ്ഞാലും പൂര്‍ത്തിയാകില്ലെന്നാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്കുകളില്‍ നിന്നും വ്യക്തമാവുന്നത്.
ഇതുവരെ നിര്‍മ്മിച്ച പാതകളും പാലങ്ങളുമാകട്ടെ ഗുണനിലവാരം തുലോം കുറഞ്ഞവയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ദേശീയപാതയുടെ പെരിയഭാഗത്തെ മേല്‍പ്പാലം തകര്‍ന്നുവീണത് ഉദാഹരണം. ഹെെദരാബാദിലെ മേഘാ കണ്‍സ്ട്രക്ഷന്‍സ് എന്ന കമ്പനിക്കാണ് ഈ മേഖലയിലെ നിര്‍മ്മാണ കരാര്‍. ഇതര സംസ്ഥാനങ്ങള്‍ കരിമ്പട്ടികയില്‍പ്പെടുത്തിയ കരാര്‍ കമ്പനികളെ കൂട്ടത്തോടെ സംസ്ഥാനത്തേക്കു കൊണ്ടുവന്ന് നിര്‍മ്മാണ ചുമതലകള്‍ നല്കുന്ന കേന്ദ്ര ദേശീയപാതാ അതോറിറ്റിയുടെ നടപടികള്‍ ആശങ്ക വളര്‍ത്തുന്നു. അടുത്ത വര്‍ഷം നിര്‍മ്മാണം പൂര്‍ത്തിയാകേണ്ട പത്ത് മേഖലകളില്‍ ഏതാനും മാസം മുമ്പാണ് കരാര്‍ നല്കിയത്. രണ്ട് മേഖലകളില്‍ കരാര്‍പോലും നല്കിയിട്ടില്ലെന്നും വിവരാവകാശ രേഖ വ്യക്തമാകുന്നു.
ദേശീയപാത 66ലെ നിര്‍മ്മാണ ചെലവുകള്‍ക്ക് നീക്കിവച്ചിട്ടുള്ളത് 31,727 കോടിയാണ്. പണി പൂര്‍ത്തിയായ വകയില്‍ നല്കിയത് 3804 കോടി രൂപ മാത്രം. മൊത്തം അടങ്കല്‍ തുകയുടെ 12 ശതമാനം മാത്രം. കഴക്കൂട്ടം-മുക്കോല ബെെപ്പാസിലെ 26.798 കിലോമീറ്റര്‍ മാത്രമാണ് ഇതിനകം പൂര്‍ത്തിയായത്. മുക്കോല‑കളിയിക്കാവിള, കഴക്കൂട്ടം-ടെക്നോപാര്‍ക്ക്, പള്ളിക്കര മേല്‍പ്പാലം, പാലൊളി-മൂരാട്, തലശേരി-മാഹി ബെെപ്പാസ് എന്നിവ പൂര്‍ത്തീകരണ ഘട്ടത്തിലാണ്. ബാക്കി എല്ലാ മേഖലകളിലും നിര്‍മ്മാണം 15 ശതമാനത്തിനു താഴെ മാത്രം. മലപ്പുറത്തെ കാപ്പിരിക്കാടു മുതല്‍ കൊല്ലം ജില്ലയിലെ കടമ്പാട്ടുകോണം വരെയുള്ള 256 കിലോമീറ്ററിലെ പണി തുടങ്ങിയിട്ടു പോലുമില്ല. ഏപ്രിലില്‍ പണി പൂര്‍ത്തിയാകേണ്ട നീലേശ്വരം-തളിപ്പറമ്പ് മേഖലയില്‍ ആറ് ശതമാനം പണിയേ പൂര്‍ത്തിയായിട്ടുള്ളു. തളിപ്പറമ്പ്-മുഴുപ്പിലങ്ങാട് പാത അടുത്ത ജനുവരിയിലാണ് പൂര്‍ത്തിയാകേണ്ടത്. പണി തീര്‍ന്നത് 11.59 ശതമാനം. വെങ്ങളം-രാമനാട്ടുകര ബെെപാസും ജനുവരിയില്‍ പൂര്‍ത്തിയാകേണ്ടതാണ്. പക്ഷെ ഇതുവരെ പൂര്‍ത്തിയായത് 13 ശതമാനം. പാലൊളി, മൂരാട് പാലങ്ങളുടെയും അപ്രോച്ച് റോഡുകളുടെയും പണിയും എങ്ങുമെത്താറായില്ല. അഴിയൂര്‍-വെങ്ങളം റീച്ചിലെ നാല് ശതമാനം പണി മാത്രമാണ് നടന്നത്. രാമനാട്ടുകര-വളാഞ്ചേരി 8.9 ശതമാനം, വളാഞ്ചേരി-കാപ്പിരിക്കാട് 8.8 ശതമാനം. അരൂര്‍-തുറവൂര്‍ തെക്ക്, തുറവൂര്‍ തെക്ക്-പരവൂര്‍, കോട്ടുകുളങ്ങര-പരവൂര്‍, കൊല്ലം-കടമ്പാട്ടുകോണം ബെെപാസ്, കടമ്പാട്ടുകോണം-കഴക്കൂട്ടം എന്നീ മേഖലകളില്‍ കരാര്‍പോലും നല്കിയിട്ടില്ല.
കരാര്‍ ഏറ്റെടുക്കുന്ന കരിമ്പട്ടികയില്‍പ്പെടുന്ന കമ്പനികള്‍ ഉപകരാറുകള്‍ നല്കിയിട്ട് സ്ഥലംവിടുകയാണ് ചെയ്യുന്നത്. കരാര്‍ കമ്പനിയുടെ മേല്‍നോട്ടവും നിര്‍മ്മാണത്തിനുണ്ടാകാറില്ല. പെരിയയില്‍ മേല്‍പ്പാലം തകര്‍ന്നപ്പോഴും മേല്‍നോട്ടക്കാരായി ഉണ്ടായിരുന്നത് ഏഴ് തൊഴിലാളികള്‍ മാത്രം. ദേശീയപാതാ അതോറിറ്റി പ്രോജക്ട് ഡയറക്ടര്‍ പുനിബ്കുമാര്‍ പെരിയ അത്യാഹിതത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയപ്പോഴും സാങ്കേതിക മേല്‍നോട്ടത്തിന് ആളില്ലാതെ നടക്കുന്ന നിര്‍മ്മാണങ്ങളെക്കുറിച്ച് പ്രതികരിച്ചതേയില്ല. മേല്‍നോട്ടമില്ലാതെ ഒരു പണിയും നടത്തരുതെന്ന ദേശീയ ഹെെവേ അതോറിറ്റിയുടെ മാനദണ്ഡം കാറ്റില്‍പറത്തുന്നതുകൊണ്ടാണ് പെരിയപോലുള്ള അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നത്. ദേശീയപാതാ അതോറിറ്റി ഇടയ്ക്കിടെ നിര്‍മ്മാണ മേഖലകളില്‍ പരിശോധന നടത്തി ഗുണനിലവാരം ഉറപ്പുവരുത്താത്തതിനാല്‍ സംസ്ഥാനത്തെ ദേശീയപാതകള്‍ ആപത്തിന്റെ പാതകളായി മാറുന്നുവെന്നാണ് ആശങ്ക.

Eng­lish Sum­ma­ry: Cen­tre’s neg­li­gence: High­way con­struc­tion slows

You may also like this video

Exit mobile version