ലോകസിനിമ തിരുവനന്തപുരത്തേക്ക് ചുരുങ്ങിയ ഒമ്പത് ദിനരാത്രങ്ങൾക്ക് ശേഷം കേരളത്തിന്റെ 30-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് ഔപചാരിക സമാപനമാകുകയാണ്. 12ന് തിരിതെളിഞ്ഞ മേള രാജ്യത്തിനകത്തും പുറത്തും നിന്നുള്ള ശ്രദ്ധേയരായ ചലച്ചിത്ര പ്രവർത്തകരുടെയും ആയിരക്കണക്കിന് പ്രേക്ഷകരുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയവുമായി. യഥാർത്ഥത്തിൽ കക്ഷിഭേദങ്ങളോ ജാതി — മത വ്യത്യാസങ്ങളോ ഇല്ലാതെ ഒരുനാടിന്റെ ഉത്സവമാകുന്നതാണ് കേരളത്തിന്റെ ചലച്ചിത്രമേള. സിനിമ ആസ്വദിക്കാനെത്തിയവർ മറ്റെല്ലാ ലോകോത്തര മേളകളോടും താരതമ്യം ചെയ്ത്, മികച്ചതെന്ന് പ്രകീർത്തിക്കുന്നതാണ് ഇതിന് മുമ്പുള്ളവയെപ്പോലെ 30-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയും. പ്രതിരോധം, സ്ത്രീപക്ഷ നിലപാടുകൾ, മതേതര കാഴ്ചപ്പാട്, യുദ്ധവിരുദ്ധത, പ്രവാസ ജീവിതത്തിന്റെയും സാധാരണമനുഷ്യരുടെയും ധർമ്മ സങ്കടങ്ങൾ, അവസാനിക്കാത്ത പ്രതീക്ഷകളുമായി ജീവിക്കുന്ന അഭയാർത്ഥി മനുഷ്യരുടെ ദുരിതങ്ങൾ എന്നിവയുടെ പ്രതിഫലനങ്ങളാണ് ചലച്ചിത്രമേളയിലെത്തുന്ന സിനിമകളുടെ പ്രത്യേകത. ഇതിലൂടെ കേരളത്തിന്റെ പുരോഗമന നിലപാടുകളുടെ പ്രഖ്യാപനവുമാകുന്നു. ഇതിവൃത്തത്തിന്റെ പ്രാധാന്യത്തോടൊപ്പം സാങ്കേതികത്തികവും സമ്പൂർണതയും കലാമേന്മയുമെല്ലാം ഒരുപോലെ പരിഗണിച്ചാണ് മേളയിലേക്കുള്ള സിനിമകളുടെ തെരഞ്ഞെടുപ്പ്. അതുകൊണ്ടുതന്നെയാണ് 30 വർഷം തുടർച്ചയായി മുന്നേറുന്ന മേള ഇതര മേളകളിൽ നിന്ന് വേറിട്ട് നിൽക്കുന്നത്.
80ലധികം രാജ്യങ്ങളിൽ നിന്നുള്ള 200ലധികം ചിത്രങ്ങളാണ് വിവിധ വിഭാഗങ്ങളിലായി മേളയിൽ പ്രദർശിപ്പിക്കാൻ തീരുമാനിച്ചത്. ലോകമെമ്പാടുമുള്ള 57 സിനിമകൾ ഉൾപ്പെടുന്ന ലോക സിനിമ, ആഗോളവൽക്കരണം, പലായനം, സ്വത്വം എന്നീ വിഷയങ്ങൾ കേന്ദ്രീകരിച്ചുള്ളത്, പഴയകാലം, സമകാലികം, സമാന്തരം എന്നിങ്ങനെ വിവിധ വിഭാഗങ്ങളായി തിരിച്ചാണ് ചിത്രങ്ങൾ പ്രദർശനത്തിനെത്തിയത്. മലയാളം, ഇന്ത്യ, സാർവദേശീയം എന്നിങ്ങനെ വിവിധ വിഷയങ്ങളായി തിരിച്ചുള്ള സംവാദങ്ങളും മേളയുടെ ഭാഗമായി. മത്സരവിഭാഗത്തിലെത്തിയ ചിത്രങ്ങൾ ഒന്നിനൊന്ന് മെച്ചമായിരുന്നു. വിവിധ പ്രമേയങ്ങളെ മുൻനിർത്തി ‘ഫീമെയിൽ ഫോക്കസ്’, ‘ലാറ്റിൻ അമേരിക്കൻ പാക്കേജ്’, ‘കൺട്രി ഫോക്കസ്: വിയറ്റ്നാം’, ‘ഫെസ്റ്റിവൽ ഫേവറൈറ്റ്സ്’, ‘കലൈഡോസ്കോപ്പ്’ തുടങ്ങിയ പാക്കേജുകൾ പ്രേക്ഷകർക്കായി ഒരുക്കി. പ്രമുഖ ചലച്ചിത്ര പ്രവർത്തകർക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കുന്ന ‘ഹോമേജ്’ വിഭാഗവുമുണ്ടായി. ചലച്ചിത്രരംഗം കൈവരിച്ച വളർച്ച — തളർച്ചകളുടെ സൂക്ഷ്മപരിശോധനയ്ക്കും ഭാവിയിൽ കൈവരിക്കുന്ന മുന്നേറ്റത്തെയും പ്രതിസന്ധികളെയും അനാവരണം ചെയ്യുന്ന ചർച്ചകളും എല്ലാമായപ്പോൾ കേരള അന്താരാഷ്ട്ര ചലച്ചിത്രമേള വേറിട്ട അനുഭവമായെന്നാണ് ആസ്വാദകർ ഒരുപോലെ സമ്മതിക്കുന്നത്.
അതേസമയം കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന സർക്കാരിനുകീഴിലെ സാംസ്കാരിക വിഭാഗങ്ങളുടെ തടസങ്ങളും ചില സിനിമകൾക്ക് പ്രദർശനാംഗീകാര നിഷേധവുമെല്ലാം മേളയെ വിവാദത്തിലുമാക്കി.
അടുത്തിടെ നടന്ന ഗോവ ചലച്ചിത്രമേളയെ ശ്രദ്ധേയമാക്കിയത് അതിന്റെ പിന്തിരിപ്പൻ സ്വഭാവമായിരുന്നു. കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന കക്ഷിയുടെ പതിപ്പ് തന്നെയാണ് ഗോവയിലുമെന്നതിനാൽ മതേതരത്വം, ജനാധിപത്യം, സ്ത്രീപക്ഷം എന്നിവയെല്ലാം അവിടെ മേളയുടെ അജണ്ടയ്ക്ക് പുറത്തായി. പ്രദർശനത്തിന് തെരഞ്ഞെടുത്ത സിനിമകൾ തങ്ങളുടെ രാഷ്ട്രീയ അജണ്ടയുടെയും മാനദണ്ഡങ്ങളുടെയും പരിധിയിൽ വരുന്നവ ആകണമെന്ന അധികാരവാശി സിനിമകളുടെ ഗുണനിലവാരത്തെ ബാധിക്കുകയും ചെയ്തു. മേളയെ തങ്ങളുടെ ആശയപ്രചരണത്തിനുള്ള ഉപാധിയാക്കിയപ്പോൾ നല്ല സിനിമകൾ കാണാനെത്തിയവർ നിരാശരായി. അതുകൊണ്ടുതന്നെ മുൻവർഷങ്ങളെ അപേക്ഷിച്ച് പങ്കാളിത്തവും മോശമായി. പങ്കെടുക്കുക വലിയ കടമ്പകൾ കടന്നുവേണം എന്നതുതന്നെ ആസ്വാദകരെയും സിനിമാ പ്രവർത്തകരെയും അകറ്റുന്നതാണ്. ഇതിൽനിന്നെല്ലാം വ്യത്യസ്തമായ കേരള മേളയിൽ ചില പ്രത്യേക സിനിമകൾക്ക് പ്രദർശനാംഗീകാരം നൽകില്ലെന്ന കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ നിലപാടാണ് വിവാദത്തിനിടയാക്കിയത്.
പലസ്തീൻ വിഷയം, കേന്ദ്രസർക്കാരിനെതിരെ വിമർശനമുന്നയിക്കുന്നത് എന്നിങ്ങനെ സിനിമകൾക്കാണ് അനുമതി നൽകാതിരുന്നത്. നാല് പലസ്തീൻ ഉൾപ്പെടെ 19 ലോകസിനിമകൾക്ക് പ്രദർശനാനുമതി നിഷേധിച്ചു. ലോകത്തെ പ്രമുഖ മേളകളിലും എന്തിന് കേരള മേളയിൽത്തന്നെയും പ്രദർശിപ്പിച്ചവയും അനുമതി നിഷേധിച്ചവയിൽ ഉൾപ്പെട്ടുവെന്നത് വിചിത്രമാണ്. ശക്തമായ സമ്മർദമുണ്ടായപ്പോൾ ചിലതിന് പിന്നീട് അനുമതി നൽകുകയായിരുന്നു. സാംസ്കാരിക രംഗമെന്നത് തങ്ങളുടെ ആശയപ്രചരണത്തിന് മാത്രമുള്ള ഉപാധിയാണെന്ന പിടിവാശിയാണ് കേന്ദ്രം പിന്തുടരുന്നതെന്നത് ലോകോത്തര മേളകളുടെ ശോഭകെടുത്താൻ മാത്രമേ സഹായകമാകൂ. സങ്കുചിതമായ രാഷ്ട്രീയധാരണകളോടെ മേളകളെ സമീപിക്കുന്ന കേന്ദ്രസർക്കാരിന്റെ പിന്തിരിപ്പൻ സമീപനമാണ് ഇതിലൂടെ പ്രകടമായത്. ഇതിന്റെ ഫലമായി മേളയിലെ പ്രദര്‍ശനങ്ങള്‍ക്ക് നേരത്തെ നിശ്ചയിച്ച സമയക്രമങ്ങൾ മാറ്റിവയ്ക്കേണ്ടിവന്നു. ചിലവയ്ക്ക് നിശ്ചയിച്ച സമയക്രമം കഴിഞ്ഞ് അനുമതി ലഭിച്ചപ്പോൾ പുതിയ സമയക്രമം തീരുമാനിക്കുന്നതിനും പ്രയാസങ്ങളുണ്ടായി. എങ്കിലും പോരായ്മകളില്ലാതെ മേള മുന്നോട്ടുകൊണ്ടുപോകുന്നതിന് സംഘാടകർക്ക് സാധിച്ചു.

