Site iconSite icon Janayugom Online

എസ്ഐആര്‍ നടപടികള്‍ക്ക് വിദ്യാര്‍ത്ഥികളെ സഹായികളാക്കാൻ സിഇഒയുടെ നിര്‍ദേശം

വേണ്ടത്ര ഒരുക്കമോ പരിശീലനമോ ഇല്ലാതെ തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് പ്രത്യേക വോട്ടര്‍ പട്ടിക പരിഷ്കരണം (എസ്ഐആര്‍) പ്രഖ്യാപിച്ച് ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ കടുത്ത സമ്മര്‍ദത്തിലാക്കിയ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ (സിഇഒ), വിതരണം ചെയ്ത എന്യൂമറേഷൻ ഫോമുകള്‍ തിരിച്ചുവാങ്ങാൻ വിദ്യാര്‍ത്ഥികളെ ഉപയോഗിക്കാൻ നിര്‍ദേശിച്ചത് വിവാദമായി. യാതൊരു തത്വദീക്ഷയുമില്ലാതെ ആരംഭിച്ച എസ്ഐആര്‍ നടപടികള്‍ അമ്പേ പരാജയപ്പെട്ടതിന്റെ ജാള്യത മറയ്ക്കാൻ കൂടിയാണ്, ബിഎല്‍ഒമാര്‍ വിതരണം ചെയ്ത ഫോമുകള്‍ ശേഖരിക്കുന്നതിന് പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികളായ എൻഎസ്എസ്, എൻസിസി, സ്കൗട്ട് & ഗൈഡ്സ്, സഹൃദയ വോളന്റിയർമാരെ നിയോഗിക്കാൻ തഹസില്‍ദാര്‍മാര്‍ക്ക് സിഇഒ നിര്‍ദേശം നല്‍കിയത്. ഇക്കാര്യം ആവശ്യപ്പെട്ട് തഹസില്‍ദാര്‍മാര്‍ സ്കൂളുകള്‍ക്ക് കത്ത് നല്‍കുകയും ചെയ്തു. ഞായറാഴ്ച വരെയാണ് ഇവരുടെ സേവനം ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാല്‍, പരീക്ഷാസമയത്തെ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നീക്കത്തില്‍ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ഒരുപോലെ ആശങ്കയിലായിട്ടുണ്ട്. ഡിസംബർ 15 മുതലാണ് ക്രിസ്മസ് പരീക്ഷകള്‍ തുടങ്ങുക. മാത്രമല്ല, ജില്ലാകലോത്സവങ്ങളും നടക്കുന്ന സമയമാണ്. അതിനാല്‍ തന്നെ കേന്ദ്രത്തിന്റെ രാഷ്ട്രീയതാല്പര്യം സംരക്ഷിക്കുന്നതിനായുള്ള നീക്കമാണ് കമ്മിഷന്റേതെന്നാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എസ്ഐആര്‍ നടപടികള്‍ നീട്ടിവയ്ക്കണമെന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും കമ്മിഷൻ ചെവിക്കൊണ്ടിരുന്നില്ല. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരും രാഷ്ട്രീയപാര്‍ട്ടികളും നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. സംസ്ഥാനത്തെ 2,78,50,855 വോട്ടർമാർക്ക് എന്യൂമറേഷൻ ഫോം നൽകാനാണ് തീരുമാനിച്ചിട്ടുള്ളത്. എന്നാല്‍, 2,70, 80,135 പേർക്ക് മാത്രമാണ് ഫോം നൽകിയത്. ശേഷിക്കുന്ന 7,70,720 ഫോമുകൾ വിതരണം ചെയ്യാത്തതിന് കമ്മിഷൻ ഇതുവരെ വിശദീകരണം നല്‍കിയിട്ടുമില്ല. എസ്ഐആറിന്റെ രണ്ടാംഘട്ടമായ പൂരിപ്പിച്ച ഫോമുകൾ തിരിച്ചുവാങ്ങി വിവരങ്ങൾ മൊബൈൽ ആപ് വഴി ഓൺലൈനായി അപ്‍ലോ‍ഡ് ചെയ്യുന്നതും പ്രതിസന്ധിയിലാണ്. 76,37,216 ഫോമുകളാണ് ഇതുവരെ ഡിജിറ്റൈസ് ചെയ്തത്. വിതരണം ചെയ്ത ആകെ ഫോമുകളുടെ 27.42 ശതമാനമാണിത്.

നിര്‍ബന്ധമല്ല, സ്വമേധയാ സന്നദ്ധരാവുന്നവര്‍ മതി: രത്തൻ കേല്‍ക്കര്‍

അതേസമയം, എന്യൂമറേഷൻ ഫോം ശേഖരിക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതില്ലെന്നും സ്വമേധയാ സന്നദ്ധരാവുന്നവര്‍ മാത്രം മതിയെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ രത്തൻ യു കേല്‍ക്കര്‍ പറഞ്ഞു. പഠനത്തെ ബാധിക്കാതെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാവാൻ താല്പര്യമുള്ള കുട്ടികൾക്ക് നൽകുന്ന അവസരമാണിത്. അധ്യാപകരുടെ സമ്മതത്തോടെ പഠനത്തിന് തടസമുണ്ടാവാതെ സ്വമേധയാ തയ്യാറാവുന്ന കുട്ടികളുടെ സേവനം ഉപയോഗപ്പെടുത്താനാണ് ഉദ്ദേശിച്ചിരുന്നതെന്നും മറിച്ചുളള വാർത്തകൾ തെറ്റിദ്ധാരണ മൂലമാണെന്നും അദ്ദേഹം വിശദീകരിച്ചു.

Exit mobile version