Site iconSite icon Janayugom Online

അജ്മീർ ദർഗയിലെ ചാദർ സമർപ്പണം: സുപ്രീം കോടതിയില്‍ ഹര്‍ജി

അജ്മീർ ഷെരീഫ് ദർഗയിൽ പ്രധാനമന്ത്രിയുടെ ഓഫിസ് ആചാരപരമായ ചാദർ സമർപ്പിക്കുന്നതിനെതിരെയുള്ള ഹർജി അടിയന്തരമായി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി. ഇന്നലെ അവധിക്കാല ബെഞ്ചിന് മുന്നിലായിരുന്നു ഹർജി എത്തിയത്. ഹര്‍ജിയില്‍ ഇപ്പോൾ ഇടപെടേണ്ട സാഹചര്യമില്ലെന്ന് കോടതി നിരീക്ഷിച്ചു.

അജ്മീർ ദർഗ സ്ഥിതി ചെയ്യുന്നത് അതിപുരാതനമായ ‘ശ്രീ സങ്കടമോചന മഹാദേവ ക്ഷേത്രത്തിന്’ മുകളിലാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സിവിൽ കേസ് നിലവിൽ രാജസ്ഥാൻ കോടതിയുടെ പരിഗണനയിലാണ്. ഹിന്ദു സേന പ്രസിഡന്റ് വിഷ്ണു ഗുപ്ത നൽകിയ ഈ കേസിൽ വിധി വരാനിരിക്കെ, സർക്കാർ ഔദ്യോഗികമായി അവിടെ ചാദർ സമർപ്പിക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ സ്വതന്ത്രമായ പ്രവർത്തനത്തെ ബാധിക്കുമെന്നും തെറ്റായ സന്ദേശം നൽകുമെന്നും ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. എന്നാൽ, ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഈ വാദങ്ങൾ തള്ളി.

സൂഫി വര്യൻ ഖ്വാജ മൊയ്നുദ്ദീൻ ചിഷ്തിയുടെ 814-ാമത് ഉറൂസ് ചടങ്ങുകളോടനുബന്ധിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് വേണ്ടി കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജു ഇന്നലെ ദർഗയിൽ ചാദർ സമർപ്പിച്ചത്. സ്വാതന്ത്ര്യാനന്തരം ജവഹർലാൽ നെഹ്‌റു മുതൽ എല്ലാ പ്രധാനമന്ത്രിമാരും പിന്തുടരുന്ന ഒരു കീഴ്വഴക്കമാണിതെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടിയിരുന്നു. 

Exit mobile version