കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ഉഡുപ്പി ജില്ലയിലെ ബൈന്തൂര്‍ മണ്ഡലം വാഗ്ദാനം ചെയ്ത് വ്യവസായിയില്‍നിന്ന് കോടികള്‍ കോഴ വാങ്ങി വഞ്ചിച്ചെന്ന കേസിലെ മൂന്നാം പ്രതി അറസ്റ്റില്‍.
കര്‍ണാടക ഹൊസ്പേട്ട ജില്ലയില്‍ ഹിറേഹഡഗളി ലിംഗായത്ത് മഠത്തിലെ സ്വാമി ഹാലശ്രീ ഒഡീഷയില്‍നിന്നാണ് പിടിയിലായത്. മുഖ്യപ്രതി സംഘ്പരിവാര്‍ നേതാവ് ചൈത്ര കുന്ദാപുരയും ഏതാനും കൂട്ടാളികളും നേരത്തെ അറസ്റ്റിലായിരുന്നു.
ഒഡീഷ പൊലീസ് സഹായത്തോടെ ബംഗളൂരു ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്ത പ്രതിയെ ബംഗളൂരുവില്‍ എത്തിച്ച് ചോദ്യം ചെയ്യും. സ്വാമി സമര്‍പ്പിച്ച മുൻകൂര്‍ ജാമ്യ ഹര്‍ജിയില്‍ കോടതി വിധി വരും മുമ്പാണ് ട്രെയിൻ യാത്രക്കിടെ ഒഡീഷയിലെ കട്ടക്കില്‍നിന്ന് പിടിയിലായത്.
ഹാലശ്രീ സ്വാമി അകത്താവുന്നതോടെ സീറ്റിന് കോഴ കേസിനു പിന്നിലെ വൻതോക്കുകളുടെ വിവരങ്ങള്‍ പുറത്തുവരുമെന്ന് ചൈത്ര കുന്ദാപുര മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ചൈത്ര പൊലീസ് ചോദ്യം ചെയ്യലിനിടെ ബോധം കെട്ട് വീണതിനെത്തുടര്‍ന്ന് ബംഗളൂരു വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
പത്ത് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ചൈത്രക്കെതിരെ ഇന്നലെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വസ്ത്രവ്യാപാരത്തിന് സൗകര്യമൊരുക്കിത്തരാമെന്ന പേരില്‍ അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് ബിജെപി പ്രവര്‍ത്തകന്റെ പരാതി.
English summary;Chaitra Kundapura Fraud; Halashree Swamy arrested in Odisha
you may also like this video;