Site iconSite icon Janayugom Online

ഭരണഘടന നേരിടുന്ന വെല്ലുവിളികൾ

രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യസമര വാർഷിക വേളയിൽ ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ സൃഷ്ടിയായ ഭരണഘടനയുടെ സംരക്ഷണം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും മറ്റ് ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങളുടെയും മുഖ്യ അജണ്ടകളിലൊന്നാണ്. ഇന്ത്യക്ക് വളരെ സവിശേഷമായ ഒരു ഭരണഘടനാ ചരിത്രമുണ്ട്. 1946ലെ ക്യാബിനറ്റ് മിഷൻ പ്ലാനിന് ശേഷം സ്ഥാപിതമായ ഭരണഘടന അസംബ്ലി ഏകദേശം മൂന്ന് വർഷത്തിന് അടുത്ത് ചർച്ചകളും സംവാദങ്ങളും നടത്തിയാണ് ഭരണഘടനയ്ക് രൂപം നൽകിയത്. മറ്റ് രാജ്യങ്ങളുടെ ഭരണഘടനയിൽ പ്രകടമായ ചില വിശേഷതകൾ ഇന്ത്യൻ ഭരണഘടനയിൽ കാണാൻ സാധിക്കും. എന്നാൽ കേവലം അനുകരണങ്ങൾ അല്ല ഇവയൊന്നും. ഏറ്റവും അനുയോജ്യമെന്ന് തോന്നിയ ഘടകങ്ങളെ ഇന്ത്യക്ക് അനുകൂലമായ രീതിയിൽ സംയോജിപ്പിക്കാനായിരുന്നു ഭരണഘടന അസംബ്ലിയുടെ ശ്രമം. അംബേദ്കർ, നെഹ്രു, ബി എൻ റാവു, വല്ലഭഭായ് പട്ടേൽ, സോമനാഥ് ലാഹിരി തുടങ്ങി അനേകം മികവുറ്റ അംഗങ്ങൾ ഈ സഭയിൽ ഉണ്ടായിരുന്നു. ഭരണഘടനയുടെ കരട് രേഖ തയാറാക്കിയത് അംബേദ്കർ ആയിരുന്നു. വെറും 14 ശതമാനം വരുന്ന സമ്പന്നരായ വിഭാഗങ്ങൾ മാത്രം വോട്ട് ചെയ്ത അസംബ്ലി തെരഞ്ഞെടുപ്പിൽ സിപിഐയുടെ സോമനാഥ് ലാഹിരി മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത്. പ്രവിശ്യാ അസംബ്ലിയിൽ നിന്ന് എസ് എ ഡാങ്കെയും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും സഖാവ് സോമനാഥ് ഭരണഘടന നിർമ്മാണ സഭയുടെ എക്സിക്യൂട്ടീവിൽ അംഗമാവുകയും നിർണായക സംഭാവനകൾ നൽകുകയും ചെയ്തു.

ഭരണഘടന വിഭാവനം ചെയ്ത ശേഷം 1950ൽ അസംബ്ലിയിലെ അവസാന പ്രസംഗത്തിൽ സാമൂഹിക ജനാധിപത്യമില്ലെങ്കിൽ നമ്മൾ സൃഷ്ടിച്ച ഈ രാഷ്ട്രീയ ജനാധിപത്യം പാഴായി പോവുമെന്ന് അംബേദ്കർ പറഞ്ഞിരുന്നു. സാമൂഹിക ജനാധിപത്യം മാത്രമല്ല സാമ്പത്തിക ജനാധിപത്യം കൂടി ഇല്ലാതായതോടെ രാഷ്ട്രീയ ജനാധിപത്യത്തിന്റ അടിത്തറയായ ഭരണഘടനയും വലിയ ഭീഷണി നേരിടുകയാണ്. ഭരണഘടനയ്ക്ക് പകരം മനുസ്മൃതിയും ത്രിവർണ പതാകയ്ക് പകരം കാവി പതാകയും വേണമെന്ന് 1947ൽ തന്നെ ആഹ്വാനം ചെയ്ത ആർഎസ്എസ് നേതൃത്വം നൽകുന്ന സവർണ ഹിന്ദുത്വ ഫാസിസത്തിൽ നിന്നാണ് ഇന്ത്യൻ ഭരണഘടന ഭീഷണി നേരിടുന്നത്. ത്രിവർണ പതാക കത്തിക്കണം എന്ന് അലറിവിളിച്ചവർ ദേശീയ പതാകയുടെ മഹത്വം പഠിപ്പിക്കാൻ വരുന്നത് ഒരു വലിയ വിരോധാഭാസമാണ്. ജുഡീഷ്യറി, എക്സിക്യൂട്ടീവ്, ലെജിസ്ലേചര്‍ എന്നിങ്ങനെ മൂന്നായി തിരിച്ച് ഫെഡറൽ തത്വങ്ങൾ പാലിച്ചും സാമ്പത്തിക സാമൂഹിക ജനാധിപത്യവും വ്യക്തി സ്വാതന്ത്യവും ഉറപ്പാക്കുന്ന ഒരു ഭരണഘടനയാണ് നമുക്കുള്ളത്. എങ്ങനെയാണ് ഇവയെല്ലാം അട്ടിമറിക്കാൻ ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നത് എന്ന് പരിശോധിക്കാം. ജുഡീഷ്യൽ റിവ്യു എന്നൊരു ഭരണഘടനാ സാധ്യതയുണ്ട്. റെെറ്റ് ടു കോണ്‍സ്റ്റിറ്റ്യൂഷണല്‍ റെമെഡീസ് എന്ന ഭരണഘടനാ അവകാശം വഴി മൗലിക അവകാശങ്ങൾ റദ്ദ് ചെയ്യപ്പെടുന്ന പൗരന് അവസാന ആശ്വാസമായി കോടതികൾ നിലകൊള്ളുകയും ഇത്തരം വിഷയങ്ങളിൽ കോടതികൾ സ്വമേധയാ ഇടപെടാം എന്നുമുണ്ട്. ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്നാണ് ഈ മൗലിക അവകാശത്തെ അംബേദ്കർ വിശേഷിപ്പിച്ചത്. കോടതികൾക്ക് നിഷ്പക്ഷമായ രീതിയിൽ ഇടപെടാനും സർക്കാരുകൾ തെറ്റായ കാര്യങ്ങൾ ചെയ്യുമ്പോൾ അതിനെ നിശിതമായി തിരുത്താനും ഭരണഘടനാപരമായി ചുമതലകളുണ്ട്. എന്നാൽ ഇതിന്റെ പരസ്യമായ ലംഘനമാണ് ഇന്ന് സംഭവിച്ചു കൊണ്ടിരിക്കുന്നത്.


ഇതുകൂടി വായിക്കൂ: ശ്രേഷ്ഠമായ ഇന്ത്യൻ ഭരണഘടന


ബാബരി മസ്ജിദ് കേസിലെ സുപ്രീം കോടതി വിധി, ഈയെടുത്തായി വന്ന വാരാണസി കോടതിയുടെ ഗ്യാൻവ്യാപി പള്ളിയെ സംബന്ധിച്ചുള്ള വിധി ഹിന്ദുത്വം കാർന്ന് തിന്നുന്ന നീതിന്യായ വ്യവസ്ഥയുടെ നേര്‍‌ക്കാഴ്ചയാണ്. സംഘ്പരിവാർ വേദികളിൽ പ്രത്യക്ഷപ്പെടുന്ന ജഡ്ജിമാർ, വേദങ്ങളിൽ നിന്നും മനുസ്മൃതിയിൽ നിന്നും പീനൽകോഡും ഭരണഘടനയും സ്വീകരിച്ചില്ല എന്ന് വിലപിക്കുന്ന ജഡ്ജിമാർ, ഇതൊന്നും ഈ ഫാസിസ്റ്റു വാഴ്ചയിൽ നമ്മെ അത്ഭുതപ്പെടുത്തുന്ന കാഴ്ചയൊന്നുമല്ല. വിരമിച്ച ജഡ്ജിമാർ ബിജെപിയിൽ കൂടുകൂട്ടുന്നത് ഒട്ടും യാദൃച്ഛികമല്ല. ഏറ്റവും ഒടുവിൽ റിട്ട. ജസ്റ്റിസ് ഇന്ദു മൽഹോത്ര നടത്തിയ പ്രസ്താവന ജുഡീഷ്യറിയിലെ ഹിന്ദുത്വ ജ്വരത്തിന്റെ പുത്തൻ തെളിവാണ്. ക്ഷേത്രങ്ങൾ കമ്മ്യൂണിസ്റ്റുകാർ തട്ടിയെടുക്കാതെ താൻ രക്ഷിച്ചു എന്ന് ഇന്ദു മൽഹോത്ര പരസ്യമായി പറയുമ്പോൾ മനുവാദികൾ എത്രത്തോളം നീതിന്യായ വ്യവസ്ഥയെ വിഴുങ്ങി എന്ന വസ്തുത വളരെ അലോസരപ്പെടുത്തുന്നതാണ്. പല രീതിയിലും ഹിന്ദുത്വ ഫാസിസത്തിന്റെ ആയുധമായി ജുഡീഷ്യറി മാറുന്നുണ്ട്. അനേകം നിരപരാധികൾ ഇന്നും വിചാരണ തടവുകാരായി തുടരുന്നു. അവരുടെ വിചാരണകൾ വൈകുന്നതിന് നടപടി ക്രമങ്ങളുടെ സാങ്കേതികത്വത്തെ പഴിക്കുന്നവർ എന്തുകൊണ്ട് അർണബ് ഗോസ്വാമിക്ക് ശരവേഗത്തിൽ ജാമ്യം ലഭിച്ചുവെന്നും അതിന്റെ ഒരു അംശം വരുന്ന നീതി സ്റ്റാൻ സ്വാമിക്ക് ലഭിച്ചില്ല എന്ന വൈരുധ്യത്തെ‌യും കുറിച്ച് മൗനത്തിലാണ്. പാർക്കിൻസൺസ് രോഗിയായ സ്റ്റാൻ സ്വാമിക്ക് ഒരു സ്പൂൺ അനുവദിക്കാൻ അദ്ദേഹം മരിക്കുന്നതുവരെയും തയാറാകാത്ത ജുഡീഷ്യറി ബിജെപിയുടെ വിശ്വസ്തരായ അർണബ് ഗോസ്വാമി, കങ്കണ റണൗട്ട് എന്നിവരുടെ വിഷയത്തിൽ ത്വരിത ഇടപെടലാണ് നടത്തിയത്.

രാജ്യസഭയിൽ നിന്ന് ലഭിച്ച കണക്കുകൾ പ്രകാരം യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട 24,134 പേരിൽ ശിക്ഷിക്കപ്പെട്ടത് 212 പേരും നിരപരാധികൾ എന്ന് വിധിച്ചത് 386 പേരെയും. ബാക്കിയുള്ളവർ ഇന്നും വിചാരണ തടവുകാരാണ്. കൊല്ലങ്ങളോളം നീണ്ടു നിൽക്കുന്ന വിചാരണ തടവുകാരായി തുടരുന്നവരുടെ ഉള്ളിൽ ഭീതിയും അരക്ഷിതാവസ്ഥയും നിറയുകയാണ്. ഭയപ്പെടുത്താനും ജീവിതങ്ങൾ നശിപ്പിക്കാനും കഴിയുന്ന ഒരു ഉത്തമ ഫാസിസ്റ്റ് ഭരണവും അതിനെ പരിപോഷിപ്പിക്കുന്ന നീതിപീഠവും ഇന്നിവിടെ ഉണ്ട്. ജയിലിൽ തടവുകാരായി കഴിയുന്നവരിൽ ഏറിയ പങ്കും ദളിത് മുസ്‌ലിം ആദിവാസി വിഭാഗങ്ങളാണ്. അതോടൊപ്പം കമ്മ്യൂണിസ്റ്റുകാരെയും ഭരണകൂടം തിരഞ്ഞു പിടിച്ചു ഇരുമ്പഴിക്കുള്ളിലാക്കുന്നുണ്ട്. ഇതിൽ നിന്ന് തന്നെ വ്യക്തമാണ് ഹിന്ദുരാഷ്ട്രത്തിൽ ആർക്കൊക്കെ സ്ഥാനമില്ലായെന്ന്. ഇപ്പോൾ ജുഡീഷ്യറി ഒരു പുതിയ യജ്ഞത്തിലാണ്. നോട്ട് നിരോധനം ജിഎസ്‌ടി മുതലായ സാമ്പത്തിക പരാജയങ്ങളും കോവിഡ് സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യവുംമൂലം ഇന്ത്യയിലെ ജനങ്ങളാകെ ദുരവസ്ഥയിലാണ്. ജനക്ഷേമത്തിന് മുൻഗണന നൽകുന്ന കേരളത്തിലെ എൽഡിഎഫ് സർക്കാരും തമിഴ്‌നാട്ടിലെ ഡിഎംകെ സർക്കാരും ഒരുപാട് ജനക്ഷേമ പദ്ധതികൾ കൊണ്ടുവന്ന് ജനജീവിതം സുഖകരമാക്കി. എന്നാൽ ഇവയെ ഫ്രീബീസ് എന്ന് വിളിച്ച് അസ്ഥിരപ്പെടുത്താൻ ആണ് ജുഡീഷ്യറിയുടെ ശ്രമം. കേന്ദ്ര സർക്കാരിനും ഇതേ ഭാഷ്യം തന്നെ. എന്നാൽ കേന്ദ്ര സർക്കാർ സുപ്രീം കോര്‍ട്ട് ജഡ്ജസ് (സാലറീസ് ആന്റ് കണ്ടിഷന്‍സ് ഓഫ് സര്‍വീസ്) ആക്ട് 1958 ഭേദഗതി ചെയ്ത് വിരമിച്ച ജഡ്ജിമാർക്ക് കൂടുതൽ അലവൻസുകളും സൗകര്യങ്ങളും അനുവദിച്ചപ്പോൾ നികുതിദായകരുടെ പണമെടുത്ത് നടത്തുന്ന ഫ്രീബീസ് ആയി ആർക്കും തോന്നിയില്ല. ഭരണഘടനാപരമായ ഫെഡറലിസത്തെ അട്ടിമറിക്കാൻ ഭരണഘടനയുടെ കാവൽക്കാർ തന്നെ കൂട്ടുനിൽക്കുന്നു.


ഇതുകൂടി വായിക്കൂ: സംസ്ഥാനങ്ങളില്‍ വിലനിലവാരം വ്യത്യസ്തമാകുന്നതെങ്ങനെ?


ഇന്ത്യൻ പാർലമെന്റിന്റെ ഇരു സഭകളും ബിൽ ഉല്പാദന ഫാക്ടറിയായി മാറിക്കഴിഞ്ഞു. ചർച്ചകൾക്ക് അധികം സമയം അനുവദിക്കാതെ കോർപറേറ്റ് ശക്തികൾ എഴുതി കൊടുക്കുന്നത് അങ്ങനെ തന്നെ പാസാക്കുക എന്നത് മാത്രമാണ് ബിജെപി എംപിമാരുടെ തൊഴിൽ. ആധാർ വിഷയംപോലും മണി ബിൽ ആയി അവതരിപ്പിക്കുന്ന കുതന്ത്രങ്ങൾ ചെന്നുനില്ക്കുന്നത് അപഹാസ്യമായ രീതിയിൽ ശബ്ദ വോട്ടോടെ കാർഷിക ബിൽ 2020 പാസാക്കുന്നതിലാണ്. 2021ൽ പുറത്തിറങ്ങിയ പാർലമെന്റ് സ്റ്റാറ്റിസ്റ്റിക്സ് ഹാൻഡ്ബുക്ക് പരിശോധിച്ചാൽ പാർലമെന്ററി കമ്മിറ്റികൾക്ക് പരിശോധനയ്ക്ക് നൽകിയ ബില്ലുകളിൽ 71 ശതമാനം ഇടിവുണ്ടായി. 2014 മുതൽ 80 ഓർഡിനൻസുകളാണ് കേന്ദ്രം ഇറക്കിയത്. ലോക് സഭയുടെ റൂൾ 55 പ്രകാരവും രാജ്യസഭയുടെ റൂൾ 60 പ്രകാരവുമുള്ള അരമണിക്കൂർ ചർച്ചകൾ 2004 മുതൽ 2009 വരെ 113 ആയിരുന്നു. എന്നാൽ 2014 മുതൽ ഇപ്പോൾ വരെ 42 ചർച്ചകളാണ് ആകെ നടന്നത്. 2004 മുതൽ 2014 വരെ 152 ശ്രദ്ധ ക്ഷണിക്കൽ പ്രമേയങ്ങളാണ് അനുവദിക്കപ്പെട്ടത്. 2014 മുതലിങ്ങോട്ട് 17 എണ്ണം മാത്രമേ അനുവദിക്കപ്പെട്ടുള്ളു. ലോക്‌സഭയിൽ ശരാശരി പത്ത് മിനിറ്റും രാജ്യസഭയിൽ ഒരു മണിക്കൂറിനും താഴെയുമാണ് ബില്ലുകൾ പാസാക്കാനെടുക്കുന്ന സമയം. സിപിഐ എംപി ബിനോയ് വിശ്വത്തിന്റെ ചോദ്യം അനുവദിക്കരുത് എന്ന് രാജ്യസഭ സെക്രട്ടേറിയറ്റിന് കേന്ദ്ര സർക്കാർ കത്തെഴുതിയതും പ്രതികാര നടപടിയായി സസ്പെൻഷൻ കൊടുത്തതും ജനാധിപത്യ വിശ്വാസികൾ മറന്നുപോകരുത്.

സംവാദരഹിത പാർലമെന്റ് എന്നാൽ കോർപറേറ്റ് അനുകൂല കടലാസുകൾ പാസാക്കുന്ന ഓഫീസ് മാത്രമാണ്. ചിലിയിലും ഗ്വാട്ടിമാലയിലും ഭരണഘടന മാറ്റി എഴുതിയാണ് ഫാസിസ്റ്റു വാഴ്ചകൾ കോർപറേറ്റുകൾക്ക് ദാസ്യവേല ചെയ്തത്. ഇന്ത്യയെ അതേ പാതയിൽ ഒരു ബനാന റിപ്പബ്ലിക്കാക്കി മാറ്റുവാനാണ് ശ്രമം. അഗ്നിപഥ് പദ്ധതിയെ പിന്തുണച്ചു കോർപറേറ്റ് മുതലാളിമാർ രംഗത്ത് വന്നത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഭരണഘടനാ സ്ഥാപനമായ സിഎജി, ദേശീയ അന്വേഷണ ഏജൻസികൾ എന്നിവയെ ബിജെപി ഇതര പാർട്ടികൾക്കും നേരെ അഴിച്ചു വിടുകയാണ് കേന്ദ്ര സർക്കാർ. കേരളത്തിൽ കിഫ്ബിയെ തകർക്കാൻ ശ്രമിക്കുന്നതും സ്വർണക്കടത്ത് എന്ന നാടകം ഉപയോഗിച്ച് വിവാദങ്ങൾ സൃഷ്ടിക്കുന്നതും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കൊണ്ടാണ്. ഫെഡറലിസത്തെ സംരക്ഷിക്കാൻ ശ്രമിക്കുന്ന ഏതൊരു സംസ്ഥാന സർക്കാരിനെയും തങ്ങളുടെ അധികാരം ഉപയോഗിച്ച് തകർക്കും എന്ന തീരുമാനം ബിജെപി കൈക്കൊണ്ട് കഴിഞ്ഞു. അന്വേഷണ ഏജൻസികൾ പരാജയപ്പെടുമെന്ന് ഉറപ്പുള്ളിടത്ത് അടുത്ത ഭരണഘടനാ പദവി വച്ചുള്ള ഒളിപ്പോര് കേന്ദ്ര സർക്കാർ ആരംഭിക്കും. അത് ഗവർണറെ ഉപയോഗിച്ചുള്ള മ്ലേച്ഛമായ നാടകമാണ്. ഭരണഘടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും സവർണ ഹിന്ദുത്വ ഫാസിസത്തിൽ നിന്ന് രക്ഷിക്കേണ്ടത് ജനാധിപത്യവാദികളുടെ ചുമതലയാണ്. ഭരണഘടനയുടെ ആമുഖത്തെ പോലും വെറുതെ വിടാൻ ഹിന്ദുത്വം തയാറല്ല. ആമുഖത്തിൽ നിന്ന് സോഷ്യലിസവും മതേതരത്വവും എടുത്ത് മാറ്റണം എന്നൊരു ഹർജി സുബ്രഹ്മണ്യൻ സ്വാമി സുപ്രീം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. മിനി കോൺസ്റ്റിറ്റ്യൂഷൻ എന്നറിയപ്പെടുന്ന 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ മാത്രം വന്ന വാക്കുകൾ അല്ല സോഷ്യലിസവും മതേതരത്വവും.


ഇതുകൂടി വായിക്കൂ: ഗാന്ധിജിയെ ഭയക്കുന്നതാരാണ് ?


ഈ രണ്ട് ആശയങ്ങൾ ഭരണഘടനാ അസംബ്ലിയിൽ അംബേദ്കറും നെഹ്രുവും മറ്റനേകം മഹത് വ്യക്തിത്വങ്ങളും ഉയർത്തിപ്പിടിച്ചവയും മറ്റ് പല രീതിയിലും ഭരണഘടനയിൽ ഉൾച്ചേർക്കണം എന്നാവശ്യപ്പെട്ടവയുമാണ്. ബാങ്ക് ദേശസാല്ക്കരണവും ഭൂപരിഷ്കരണവും നടപ്പിലായപ്പോൾ അതിനെ എതിർത്ത എം എസ് ഗോൾവാള്‍ക്കറുടെ പിൻഗാമിയായ സുബ്രഹ്മണ്യൻ സ്വാമിക്ക് ഇത്തരം കാര്യങ്ങളോട് എതിർപ്പ് ഉണ്ടാവുക സ്വാഭാവികമാണ്. സോഷ്യലിസത്തോട് ചേർന്ന് നിൽക്കുന്ന പല കാര്യങ്ങളും ഭരണഘടനയിലുണ്ട് എന്ന വസ്തുത സംഘ്പരിവാറിന്റെ ഉറക്കം കെടുത്തുന്നുണ്ട്. മതേതരത്വത്തിന് ഇന്ത്യന്‍ ദേശീയതയുമായി അഭേദ്യമായ ബന്ധമുണ്ട്. ദേശീയതയുടെ ഉള്ളടക്കം മതേതരബോധത്തിലാണ്. ഭരണഘടന അസംബ്ലിയിൽ വലതുപക്ഷ ശക്തികൾ മതേതരത്വത്തിനെതിരെ രംഗത്തു വന്നപ്പോൾ അതിനെതിരെ ജവഹർലാൽ നെഹ്രുവും കമ്മ്യൂണിസ്റ്റ് അംഗങ്ങളും വലിയ പ്രതിരോധം സൃഷ്ടിച്ചാണ് മതേതരത്വം എന്ന സങ്കല്പനം ഭരണഘടനയിൽ ശക്തമായ ഇടം നേടിയത്. ഫ്യൂഡൽ അന്ധകാരത്തിൽ ലയിച്ചു കഴിയുന്ന സംഘ്പരിവാര്‍ ഭരണകൂടത്തിന് ജന്മി വ്യവസ്ഥ ഇല്ലാതാക്കാം എന്ന് പറയുന്ന അനുച്ഛേദം 31 എയും 31 ബിയും ഒൻപതാം ഷെഡ്യൂളും അടങ്ങുന്ന ഭരണഘടനയെ ഭയമാണ് എന്നു മനസിലാക്കി അതിനെ തകർക്കാനുള്ള അവരുടെ ശ്രമങ്ങൾക്ക് എതിരെ ജനകീയമായ ചെറുത്തുനിൽപ്പുകൾ ഉണ്ടാകണം.

Exit mobile version