12 June 2024, Wednesday

Related news

April 9, 2024
February 20, 2024
February 18, 2024
February 16, 2024
February 16, 2024
December 3, 2023
July 3, 2023
March 26, 2023
August 28, 2022
July 10, 2022

ശ്രേഷ്ഠമായ ഇന്ത്യൻ ഭരണഘടന

Janayugom Webdesk
July 10, 2022 5:15 am

ലോകരാഷ്ട്രങ്ങളുടെ ഭരണഘടനകളിൽ ഏറ്റവും ബൃഹത്തും ശ്രേഷ്ഠവുമായ ഒന്നാണ് ഇന്ത്യൻ ഭരണഘടന. ഡോക്ടർ രാജേന്ദ്ര പ്രസാദ് ചെയർമാനായും പണ്ഡിറ്റ് ജവഹർലാൽ നെഹ്രു, ഡോ. ബി ആർ അംബേദ്കർ, വല്ലഭ്ഭായ് പട്ടേൽ, ജെ ബി കൃപലാനി, വി രാജഗോപാലാചാരി, എൻ ജി രംഗ, കെ എം മുൻഷി, സർവേപ്പള്ളി രാധാകൃഷ്ണൻ തുടങ്ങി 389 അംഗങ്ങളുള്ള കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയാണ് 1946 നവംബറിൽ രൂപീകരിച്ചത്. 1946 ഡിസംബർ ഒന്‍പതിന് ഭരണഘടനാ നിർമ്മാണസഭയുടെ ആദ്യയോഗം ചെയർമാൻ ഡോ. രാജേന്ദ്ര പ്രസാദിന്റെ അധ്യക്ഷതയിൽ ചേർന്നു. ആകെയുള്ളതിൽ 211 അംഗങ്ങൾ ആദ്യ സമ്മേളനത്തിൽ പങ്കെടുത്തു. നെഹ്രു മന്ത്രിസഭയിലെ നിയമമന്ത്രിയായ ഡോ. ബി ആർ അംബേദ്കർ ചെയർമാനായും കെ എം മുൻഷി, മുഹമ്മദ് സാദുള്ള, അല്ലാടി കൃഷ്ണസ്വാമി അയ്യർ, ഗോപാല സ്വാമി അയ്യങ്കാർ, എൽ മാധവറാവു (ബി എൽ മിത്തലിനു പകരം) ടി ടി കൃഷ്ണമാചാരി എന്നിവർ അംഗങ്ങളായുമുള്ള ഡ്രാഫ്റ്റിങ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. ബി എൻ റാവു ഭരണഘടന ഉപദേഷ്ടാവും ആയിരുന്നു. 1947ലെ ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് പാസാവുകയും ഇന്ത്യ എന്നും പാകിസ്ഥാൻ എന്നും രണ്ടു രാജ്യങ്ങൾ രൂപീകരിക്കപ്പെടുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ പാകിസ്ഥാൻ, ഈസ്റ്റ് പാകിസ്ഥാൻ (ബംഗ്ലാദേശ്) മേഖലയിലെ അംഗങ്ങളെ ഒഴിവാക്കി 299 അംഗ ഭരണഘടനാ നിർമ്മാണസഭ പുനഃസംഘടിപ്പിച്ചു. പുനഃസംഘടിപ്പിച്ച ഭരണഘടനാ നിർമ്മാണസഭ ഇന്ത്യാ വിഭജനത്തിനു ശേഷം 1947 ഡിസംബർ 31ന് സമ്മേളിച്ചു. ഭരണഘടനാ നിർമ്മാണസഭയുടെ ചെയർമാൻ ഡോ. രാജേന്ദ്രപ്രസാദും വൈസ് ചെയർമാൻ പശ്ചിമ ബംഗാളിൽ നിന്നുള്ള ക്രിസ്ത്യൻ മതവിഭാഗത്തിൽപ്പെട്ട ഹരേന്ദ്ര കൂമർ മുഖർജിയും ആയിരുന്നു. പിന്നീട് ടി ടി കൃഷ്ണമാചാരിയെക്കൂടി വൈസ് ചെയർമാനായി തിരഞ്ഞെടുത്തു.


ഇതുകൂടി വായിക്കൂ: ഭരണഘടന നേരിടുന്ന വെല്ലുവിളികളെ യോജിച്ച് ചെറുക്കണം


ഡോ. ബി ആർ അംബേദ്കർ, ഡോ. രാജേന്ദ്ര പ്രസാദ്, പണ്ഡിറ്റ് ജവഹർലാൽ നെഹ്രു, ജെ ബി കൃപലാനി, വല്ലഭ്ഭായ് പട്ടേൽ, കെ എം മുൻഷി, പട്ടാഭി സീതാരാമയ്യ തുടങ്ങിയവർ ചെയർമാന്മാരായുള്ള 22 വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ചാണ് ഭരണഘടനയുടെ രൂപകല്പന സുഗമമാക്കിയത്. 1946 ഡിസംബർ ഒൻപതു മുതൽ 1950 ജനുവരി 24 വരെയുള്ള ദിവസങ്ങളിലായി രണ്ടു വർഷവും പതിനൊന്നു മാസവും 18 ദിവസങ്ങളും എടുത്താണ് 395 ആർട്ടിക്കിളുകളും എട്ട് പട്ടികകളും 22 ഭാഗങ്ങളുമുള്ള ഇന്ത്യൻ ഭരണഘടന പൂർത്തിയാക്കുന്നത്. ഭരണഘടനാ നിർമ്മാണസഭയിലെ 284 അംഗങ്ങളുടെ ഒപ്പോടുകൂടിയാണ് 1950 ജനുവരി 24ന് സഭയുടെ അവസാന സമ്മേളനത്തിൽ വച്ച് ഭരണഘടന അംഗീകരിക്കുന്നത്. ജനുവരി 26 മുതൽ അത് പ്രാബല്യത്തിൽ വരികയും ചെയ്തു. ലോകത്താകെയുള്ള 60 രാഷ്ട്രങ്ങളുടെ ഭരണഘടനകൾ ഇതിലേക്ക് രൂപീകരിച്ച വിവിധ കമ്മിറ്റികൾ പരിശോധിക്കുകയും പഠിക്കുകയും ചെയ്തിട്ടുണ്ട്. അതിൽ യുഎസ്, യുകെ, സോവിയറ്റ് യൂണിയൻ തുടങ്ങിയവയെല്ലാം ഉൾപ്പെടും.
ഇത്രയും ശ്രമകരമായ ജോലി ചെയ്ത ഭരണഘടനാ നിർമ്മാണസഭയുടെ ചരിത്രപരമായ മറ്റൊരു പശ്ചാത്തലം കൂടിയുണ്ട്. ഇന്ത്യയിലാദ്യമായി ഭരണഘടനയുടെ സ്വഭാവമുള്ള ഒരു റിപ്പോർട്ട് തയാറാക്കപ്പെടുന്നത് 1928 ഓഗസ്റ്റ് 15 നാണ്. ‘നെഹ്രു റിപ്പോർട്ട്’ എന്നറിയപ്പെടുന്ന ആ റിപ്പോർട്ട് തയാറാക്കിയത് മോത്തിലാൽ നെഹ്രുവിന്റെ അധ്യക്ഷതയിൽ കൂടിയ ‘ഓൾ പാർട്ടി മീറ്റിങ്’ അംഗീകരിച്ച ഒരു കമ്മിറ്റിയാണ്. അതിന്റെ ചെയർമാൻ മോത്തിലാൽ നെഹ്രുവും സെക്രട്ടറി ജവഹർലാൽ നെഹ്രുവും ആയിരുന്നു. സുഭാഷ്ചന്ദ്രബോസ് ഉൾപ്പെടെ പതിനൊന്ന് അംഗങ്ങൾ അടങ്ങുന്നതായിരുന്നു ആ കമ്മിറ്റി. ഡൊമിനിയൽ പദവിയും സ്ത്രീ-പുരുഷ തുല്യ അവകാശങ്ങളുമായിരുന്നു 1928ലെ ആ ഭരണഘടനയുടെ സവിശേഷത.


ഇതുകൂടി വായിക്കൂ: ഇന്ത്യന്‍ ജുഡീഷ്യറിയുടെ രണ്ടു മുഖങ്ങള്‍


എന്നാൽ ഭരണഘടനാ നിർമ്മാണത്തിനായി ഒരു ഭരണഘടനാ നിർമ്മാണസഭ (കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി) വേണമെന്ന ആവശ്യം ആദ്യമായി ഉന്നയിക്കുന്നത് താഷ്ക്കന്‍ഡിലെ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പിന്റെ നേതാവും കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ 1920ലെ രണ്ടാം കോൺഗ്രസില്‍ പങ്കെടുത്ത ഇന്ത്യക്കാരനായ എം എൻ റോയി ആണ്, 1931ൽ ഇന്ത്യയിൽ തിരിച്ചെത്തിയ റോയ് 1934ൽ ആണ് ഇങ്ങനെയൊരാവശ്യം മുന്നോട്ടുവയ്ക്കുന്നത്. ഇന്ത്യയിൽ വന്നതിനുശേഷം പണ്ഡിറ്റ് നെഹ്രുവുമായും സുഭാഷ്ചന്ദ്രബോസുമായും ഉറ്റബന്ധം സ്ഥാപിച്ചിരുന്ന എം എൻ റോയിയുടെ ഭരണഘടനാ നിർമ്മാണസഭയെന്ന ആവശ്യം 1935ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസും ഏറ്റെടുത്തു. 1936 ഡിസംബറിലെ എഐസിസി സമ്മേളനത്തിൽ നെഹ്രുവിന്റെ ക്ഷണപ്രകാരം റോയ് പങ്കെടുത്ത് പ്രസംഗിക്കുകയും ചെയ്തു.
ഇന്ത്യൻ ഭരണഘടനയെ ഏറ്റവും മഹത്തരമാക്കുന്നത്, ഇന്ത്യൻ പൗരന്മാർക്ക് അവരുടെ മൗലികാവകാശങ്ങളെ സംബന്ധിച്ചുള്ള ഉറപ്പും പാർലമെന്ററി വ്യവസ്ഥയിൽ നിയമനിർമ്മാണസഭ, എക്സിക്യുട്ടീവ്, ജുഡീഷ്യറി എന്നിവയ്ക്ക് മുകളിലായി ഭരണഘടനയെ പ്രതിഷ്ഠിച്ചതും ഭരണഘടനയുടെ ഉദ്ദേശലക്ഷ്യങ്ങൾ വ്യക്തമാക്കുന്ന ആമുഖ­(പ്രീയാമ്പിൾ)വും ആണ്.
ഇന്ത്യയിലെ ജനങ്ങൾ, ജനങ്ങൾക്കായി സമർപ്പിച്ച ഭരണഘടന ഇന്ത്യയെ ഒരു പരമാധികാര‑സോഷ്യലിസ്റ്റ്, മതനിരപേക്ഷ‑ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുകയും രാജ്യത്തെ എല്ലാ പൗരന്മാർക്കും സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയും ചിന്ത, ആവിഷ്കാരം, വിശ്വാസം, ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യവും പദവിക്കും അവസരത്തിനുമുള്ള തുല്യതയും സുരക്ഷിതമാക്കുന്നു എന്നതു തന്നെ എത്രയോ മഹത്തരമാണ്.
നിയമത്തിന്റെ മുമ്പിൽ എല്ലാവരും തുല്യരാണെന്നും ജാതി, മതം, വംശം, ലിംഗം, ജന്മസ്ഥലം എന്നിവയുടെ പേരിലുള്ള ഒരു വിവേചനവും പാടില്ലായെന്നും അഭിപ്രായങ്ങൾ പറയുന്നതിനും പ്രകടിപ്പിക്കുന്നതിനും ഒരുമിച്ചു കൂടുന്നതിനും സംഘടന രൂപീകരിക്കുന്നതിനും സഞ്ചരിക്കുന്നതിനും താമസിക്കുന്നതിനും തൊഴിൽ ചെയ്യുന്നതിനും അന്തസായി ജീവിക്കാനും സംരക്ഷണം നൽകുന്നത് മൗലികാവകാശമായി ഉൾപ്പെടുത്തിയിട്ടുള്ളതാണ് ഇന്ത്യൻ ഭരണഘടന.


ഇതുകൂടി വായിക്കൂ: ഭരണഘടനയ്ക്ക് 71 വര്‍ഷം തികയുമ്പോള്‍


നിർബന്ധിത തൊഴിലെടുപ്പിക്കലും മനുഷ്യക്കടത്തും ബാലവേലയും നിരോധിച്ചിട്ടുള്ള ഭരണഘടന ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും അത് അനുവര്‍ത്തിക്കാനും പ്രചരിപ്പിക്കാനും ജനങ്ങൾക്ക് അവകാശം നൽകുന്നു. ഭരണഘടനാ ലംഘനമുണ്ടായാൽ അതിനുള്ള പരിഹാരത്തിനുള്ള മാർഗങ്ങളും നിർദ്ദേശിച്ചിട്ടുള്ള ഇന്ത്യൻ ഭരണഘടന എന്തുകൊണ്ടും ശ്രേഷ്ഠമാണ്.
മൗലികാവകാശങ്ങളോടൊപ്പം ജനാധിപത്യ മതേതര മൂല്യങ്ങളെ അടിസ്ഥാന പ്രമാണങ്ങളായി കാണുന്ന ഇന്ത്യൻ ഭരണഘടനയിൽ ചില മാറ്റങ്ങൾ കൂടി ഉണ്ടാകേണ്ടതായിട്ടുണ്ട് എന്നതിൽ രണ്ടുപക്ഷമില്ല. അത് ഇന്ത്യൻ ജനാധിപത്യത്തെയും മറ്റടിസ്ഥാന മൂല്യങ്ങളെയും കൂടുതൽ സമ്പുഷ്ടീകരിക്കാനാകണം എന്നു മാത്രം.
ഹിന്ദുരാഷ്ട്ര നിർമ്മാണത്തിനുവേണ്ടി ഈ ഭരണഘടനയെ തകർക്കുന്നതിനാണ് സംഘപരിവാർ ശക്തികൾ ശ്രമിക്കുന്നത്. ഈ ഭരണഘടനയെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് ഇന്ത്യയിലെ ഇടതു ജനാധിപത്യ മതേതര ശക്തികൾ ശ്രമിക്കേണ്ടത്. ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള പോരാട്ടമാണ് ഇന്ത്യയുടെ ഭാവി നിർണയിക്കാൻ പോകുന്നത്.


ഇതുകൂടി വായിക്കൂ: പ്രശ്നം ഭരണഘടനാ തത്വങ്ങളുടെയും നിയമ വാഴ്ചയുടേതും


കോൺസ്റ്റിറ്റുവെന്റ് അസംബ്ലിയും കമ്മ്യൂണിസ്റ്റുകാരും

സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടന തയാറാക്കുന്നതിനുവേണ്ടി കോൺസ്റ്റിറ്റുവെന്റ് അസംബ്ലി രൂപീകരിക്കണമെന്ന ആവശ്യം ആദ്യമായി മുന്നോട്ടുവച്ചത് ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന എം എൻ റോയ് ആണ്. അത് ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ അനിഷേധ്യ വസ്തുതയാണ്. 1935ലാണ് അത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഔദ്യോഗിക ആവശ്യമായി മാറുന്നത്.
ബംഗാൾ പ്രവിശ്യാ അസംബ്ലിയിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് സോംനാഥ് ലാഹിരി കോൺസ്റ്റിറ്റുവെന്റ് അസംബ്ലിയുടെ പ്രവർത്തനത്തിൽ സജീവ പങ്കാളി ആയിരുന്നു. ഭരണഘടനയിലെ മൗലികാവകാശങ്ങളുടെ പരിമിതികളെ സംബന്ധിച്ചു രൂക്ഷ വിമർശനമാണ് അസംബ്ലി ചർച്ചകളിൽ അദ്ദേഹം ഉന്നയിച്ചത്.
‘ഒരു പൊലീസ് കോൺസ്റ്റബിളിന്റെ വീക്ഷണകോണിലൂടെയാണ് മൗലികാവകാശങ്ങൾ ഭരണഘടനയിൽ പരാമർശിക്കപ്പെട്ടിരിക്കുന്നത് എന്ന് ഞാൻ കരുതുന്നു. വളരെ പരിമിതമായ അവകാശങ്ങൾ അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവയ്ക്കെല്ലാം നിബന്ധനകളും നിർദ്ദേശിക്കുന്നു. ഏതാണ്ട് എല്ലാ അനുച്ഛേദത്തിലും നിർദ്ദേശിക്കപ്പെട്ടിട്ടുള്ള നിബന്ധനകൾ ഫലത്തിൽ അവകാശങ്ങൾ നിഷേധിക്കുന്നവയാണ്. മൗലിക അവകാശങ്ങൾ സംബന്ധിച്ചു നമ്മുടെ കാഴ്ചപ്പാട് എന്താണ്? ജനത ആഗ്രഹിക്കുന്ന എല്ലാ അവകാശങ്ങളും ഭരണഘടനയിൽ ഞങ്ങൾ ആവശ്യപ്പെടുന്നു’. (കോൺസ്റ്റിറ്റുവെന്റ് അസംബ്ലി രേഖകൾ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.