Site icon Janayugom Online

പ്രായമേറുന്ന കേരളം; വെല്ലുവിളികള്‍ നിരവധി

കേരള മാനേജ്മെന്റ് അസോസിയേഷന്‍ ‘മാനേജിംഗ് എ ജെറിയാട്രിക്ക് കേരള’ എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ച നടത്തി. പാലിയം ഇന്ത്യ ചെയര്‍മാന്‍ ഡോ എം ആര്‍ രാജഗോപാല്‍, ടെറുമോ പെന്‍പോള്‍ മുന്‍ എം ഡി സി ബാലഗോപാല്‍, ബ്ലസ് റിട്ടയര്‍മെന്റ് ലിവിങ് ചെയര്‍മാന്‍ ബാബു ജോസഫ്, ടി സി എസ്- ഐ ടി ആര്‍ക്കിടെക്ട് അരുണ്‍ വിജയകുമാര്‍, ഭാരതീയ വിദ്യാഭവന്‍ ഉപദേശക മീന വിശ്വനാഥന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രമായി ഭാരതം നിലകൊള്ളുമ്പോഴും ദേശീയ ശരാശരിയേക്കാള്‍ വളരെ കൂടിയ പ്രായത്തിലേക്ക് കേരളം നീങ്ങുകയാണെന്ന് ചര്‍ച്ചക്ക് തുടക്കം കുറിച്ച് കെ എം എ പ്രസിഡന്റ് ആര്‍ മാധവ് ചന്ദ്രന്‍ പറഞ്ഞു. ശാരീരികമായി നല്ല ആരോഗ്യവും അവരുടേതായ നിരവധി ആവശ്യങ്ങളുള്ള മനസ്ഥിതിയും ഉള്ള ഗണ്യമായ ഒരു വയോധിക ജനസമൂഹം നമ്മുടെ സംസ്ഥാനത്തുയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ നമ്മള്‍ സജ്ജരാകേണ്ട ആവശ്യകത തിരിച്ചറിയാനാണ് ഈ ചര്‍ച്ച രൂപപ്പെടുത്തിയതെന്ന് പ്രോഗ്രാം ചെയര്‍മാനും കെ എം എ മുന്‍ പ്രസിഡന്റുമായ എസ് ആര്‍ നായര്‍ ആമുഖമായി പറഞ്ഞു.

പ്രായമാകുന്നവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളുമൊക്കെ പലപ്പോഴും വളരെകുറച്ചു പേര്‍ക്കു മാത്രമേ ലഭ്യമാകാറുള്ളുവെന്ന് പത്മശ്രീ ഡോ. എം ആര്‍ രാജഗോപാല്‍ പറഞ്ഞു. പോസിറ്റീവാകുക, സ്വതന്ത്രമാകുക തുടങ്ങിയ മുദ്രാവാക്യങ്ങളൊക്കെ സമൂഹം മുഴക്കുമെങ്കിലും അതിനാവശ്യമായ കാര്യങ്ങളൊന്നും ഉണ്ടാകാറില്ലെന്നതാണ് സത്യമെന്നും അദ്ദേഹം പറഞ്ഞു.

പ്രായമാവുകയെന്നത് ജീവിതത്തിലെ യാഥാര്‍ഥ്യമാണെന്നും പ്രായം മുതിരുന്നത് മെഡിക്കല്‍ കാര്യങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രശ്നമല്ലെന്നും സി ബാലഗോപാല്‍ പറഞ്ഞു. മുതിര്‍ന്നവരുടെ പ്രശ്നങ്ങളും അവര്‍ക്ക് ഒരുക്കേണ്ട സൗകര്യങ്ങളും വ്യക്തിയുടേയോ കുടുംബത്തിന്റേയോ പ്രശ്നമായി പരിഗണിക്കാതെ സമൂഹത്തിന്റേതായാണ് പരിഗണിക്കേണ്ടത്. തങ്ങള്‍ സുരക്ഷിതമായിരിക്കുന്നെന്ന് മുതിര്‍ന്നവര്‍ തിരിച്ചറിയുന്നത് സമൂഹത്തിന്റെ സുരക്ഷയ്ക്ക് ഗുണകരമായിരിക്കും. ഇത്തരം സൗകര്യങ്ങള്‍ ഭരണകൂടം ഒരുക്കുന്നതാണ് നന്നാവുക. ഭരണകൂടത്തിന്റെ ഉത്തരവാദിത്വമായി ഇത് തിരിച്ചറിയപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തങ്ങളുടെ നല്ല പ്രായത്തില്‍ സമൂഹത്തിന് വേണ്ടി നല്ല രീതിയില്‍ പ്രവര്‍ത്തിച്ച മുതിര്‍ന്ന പൗരന്മാരെ അവര്‍ അര്‍ഹിക്കുന്ന രീതിയില്‍ പരിഗണിക്കാനാണ് ആദ്യം ശ്രമിക്കേണ്ടതെന്ന് ബാബു ജോസഫ് പറഞ്ഞു. മുതിര്‍ന്ന പൗരന്മാരില്‍ പലരും കൂടുതല്‍ അര്‍ഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ പരിഹാരത്തിലെത്തണമെന്നു പറഞ്ഞ ബാബു ജോസഫ് വയോധിക സംരക്ഷണ പദ്ധതിക്ക് തുടക്കമിടുന്നതിനെ കുറിച്ച് ആലോചിക്കണമെന്നും പറഞ്ഞു.

പ്രായമാകുമ്പോള്‍ ഒറ്റപ്പെടുന്ന അവസ്ഥ നമ്മുടെ രാജ്യത്തും വന്നുതുടങ്ങിയതിനാല്‍ പ്രായമായവര്‍ക്ക് താമസിക്കാന്‍ പ്രത്യേക സ്ഥലം വേണമെന്ന ചിന്തയും ഉണ്ടായിത്തുടങ്ങിയിട്ടുണ്ടെന്ന് അരുണ്‍ വിജയകുമാര്‍ പറഞ്ഞു. കുടുംബത്തോടൊപ്പം കഴിയണമെന്ന തീരുമാനം കുടുംബം സ്വീകരിക്കുകയാണെങ്കില്‍ അതായിരിക്കും ഏറ്റവും നല്ലത്.

താന്‍ ഒറ്റയ്ക്കാണ് ജീവിക്കുന്നതെന്നും അതുകൊണ്ടുതന്നെ ഭാവിയെ കുറിച്ചുള്ള ഭയപ്പാടുണ്ടെന്നും പറഞ്ഞ മീന വിശ്വനാഥന്‍ ഒറ്റയ്ക്ക് ജീവിക്കുന്നവര്‍ സൗഹൃദങ്ങളും ബന്ധങ്ങളും എപ്പോഴും നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ടു. ഒറ്റയ്ക്കുള്ള മുതിര്‍ന്നവരെ സുഹൃത്തുക്കളോ ബന്ധുക്കളോ അന്വേഷിച്ചില്ലെങ്കിലും അവരുമായി ബന്ധം പുലര്‍ത്താന്‍ ശ്രമിക്കണമെന്നും മീന ആവശ്യപ്പെട്ടു.
മുതിര്‍ന്നവരുടെയോ കുടംബത്തിന്റെയോ സ്വകാര്യതകളില്‍ കടന്നു കയറാതെ വയോധികരുടെ സംരക്ഷണവും അവര്‍ക്കു വേണ്ട സഹായങ്ങളും സാങ്കേതികമായി ചെയ്യുവാന്‍ ഐ ടി ഇന്ന് സജ്ജമാണെന്ന് ടി സി എസ്സിലെ ഐ ടി ആര്‍കിടെക്ട് കൂടിയായ അരുണ്‍ വിജയകുമാര്‍ പറഞ്ഞു. പല വികസിത രാജ്യങ്ങളും ഈ സാങ്കേതിക പുരോഗതികള്‍ അവരുടെ വ്യക്തിജീവിതത്തിന്റെ ഭാഗമായി മാറ്റിക്കഴിഞ്ഞുവെന്നു അരുണ്‍ പറഞ്ഞു.

കേരള മാനേജ്മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍ മാധവ് ചന്ദ്രന്‍ അധ്യക്ഷത വഹിച്ച ചര്‍ച്ചയില്‍ എസ് ആര്‍ നായര്‍ ചോദ്യോത്തരങ്ങള്‍ നിയന്ത്രിച്ചു. ജോയിന്റ് സെക്രട്ടറി അല്‍ജിയേഴ്സ് ഖാലിദ് നന്ദി പ്രകാശിപ്പിച്ചു.

You may also like this video:

Exit mobile version