Site icon Janayugom Online

സംസ്ഥാനത്ത് മിന്നല്‍ പ്രളയ സാധ്യത; ഇന്നുമുതല്‍ തീവ്രമഴ

സംസ്ഥാനത്ത് തീവ്രമഴയ്ക്കുള്ള സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളിലാകും ഇന്ന് മഴ കനക്കുക. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. വയനാടും കാസര്‍കോടും മാത്രമാണ് ഇന്ന് അലര്‍ട്ടില്ലാത്തത്. ഇടിമിന്നലോടുകൂടി തുടര്‍ച്ചയായി മഴ പെയ്യുന്നതിനാല്‍ പ്രദേശികമായി ചെറു മിന്നല്‍ പ്രളയമുണ്ടാകാമെന്നും കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഒരു ഇടവേളയ്ക്ക് ശേഷമാണ് കേരളത്തില്‍ മഴ കനക്കുന്നത്. ഇന്ന് കൂടുതല്‍ മഴ കിട്ടുക മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലുമാകും. പിന്നിടുള്ള ദിവസങ്ങളില്‍ വടക്കന്‍ കേരളത്തിലാകും മഴ കനക്കുക. ചൊവ്വാഴ്ച മുതല്‍ മഴ ഒന്നുകൂടി കനക്കാനാണ് സാധ്യത. ചൊവ്വാഴ്ച തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെയുള്ള 8 ജില്ലകളില്‍ തീവ്ര മഴ മുന്നറിയിപ്പ് ഉണ്ട്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ 10 ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തീരദേശ മേഖലകളിലും മലയോരമേഖലകളിലും അതിതീവ്ര മഴയെ കരുതിയിരിക്കണമെന്ന് കുസാറ്റ് കാലാവസ്ഥാ വിഭാഗത്തിലെ ഡോ.മനോജ് കുമാര്‍ വ്യക്തമാക്കി.

കുറഞ്ഞ സമയത്തിനുള്ളയില്‍ കൂടുതല്‍ മഴ മേഘങ്ങള്‍ എത്താമെന്നതിനാല്‍ മണ്ണിടിച്ചിലിനും വെള്ളക്കെട്ടിനും സാധ്യത വളരെ കൂടുതലാണ്. വനമേഖലയില്‍ ഉരുള്‍പൊട്ടലിനും സാധ്യതയുണ്ട്. വ്യാഴാഴ്ചയ്ക്ക് ശേഷം മഴയുടെ ശക്തി കുറഞ്ഞേക്കും. മധ്യ തെക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ നിലനില്‍ക്കുന്ന ചക്രവാതചുഴിയാണ് മഴ സജീവക്കുന്നത്. ഇത് ന്യൂനമര്‍ധമായി മാറിയേക്കും. കര്‍ണാടക തമിഴ്‌നാട് തീരത്തായി ഒരു ന്യൂനമര്‍ദ്ദപാത്തിയും ഉണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ കാറ്റിന്റെ ഗതിയും ശക്തിയും മഴയ്ക്ക് അനുകൂലമാണ് ഈ സാഹചര്യം. ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാല്‍ കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ട്. ട്രോളിംഗ് അര്‍ധരാത്രി അവസാനിച്ചെങ്കിലും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് മുന്നറിയിപ്പ്.

കാലാവസ്ഥ വകുപ്പിന്റെ മഴസാധ്യത പ്രവചനം

ഓറഞ്ച് അലര്‍ട്ട്

01-08-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി

02-08-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍

03-08-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

04-08-2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 എംഎം മുതല്‍ 204.4 എംഎം വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

യെല്ലോ അലര്‍ട്ട്

01-08-2022: തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍
02-08-2022: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
03-08-2022: കണ്ണൂര്‍, കാസര്‍കോട്
04-08-2022: തിരുവനന്തപുരം, കൊല്ലം
എന്നീ ജില്ലകളില്‍ ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട് പ്രഖ്യാപിച്ചിരിക്കുന്നു. 24 മണിക്കൂറില്‍ 64.5 എംഎം മുതല്‍ 115.5 എംഎം വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ചില ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലേര്‍ട്ട് ആണ് നല്‍കിയിരിക്കുന്നതെങ്കിലും മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളില്‍ ഓറഞ്ച് അലെര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.

Eng­lish sum­ma­ry; Chance of light­ning flood in the state; Heavy rain from today

You may also like this video;

Exit mobile version