Site iconSite icon Janayugom Online

ചണ്ഡീഗഢ് മേയര്‍ തെരഞ്ഞെടുപ്പ് വരണാധികാരി വിചാരണ നേരിടണം: സുപ്രീം കോടതി

ചണ്ഡീഗഢ് മേയര്‍ തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചെന്ന് സമ്മതിച്ച വരണാധികാരി അനില്‍ മസീഹ് വിചാരണ നേരിടണമെന്ന് സുപ്രീംകോടതി. തെരഞ്ഞടുപ്പില്‍ ജനാധിപത്യം കശാപ്പ് ചെയ്യപ്പെട്ടതായും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നീരിക്ഷിച്ചു. കുതിരക്കച്ചവടം ഗൗരവമേറിയ വിഷയമാണെന്നും ബാലറ്റ് പേപ്പറുകള്‍ ഇന്ന് ഹാജരാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വരണാധികാരിയെ കോടതി ക്രോസ് വിസ്താരം ചെയ്യുന്നതെന്നും വരണാധികാരി ബാലറ്റ് പേപ്പറില്‍ കൃത്രിമം നടത്തിയ വീഡിയോ ദൃശ്യം കോടതി കണ്ടുവെന്നും ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. ക്രോസ് വിസ്താരത്തിനിടെ ചീഫ് ജസ്റ്റിസിന്റെ ചോദ്യങ്ങള്‍ക്കെല്ലാം എല്ലാം അനില്‍ മസീഹ് ഉത്തരം നല്‍കി.

ബാലറ്റ് പേപ്പറില്‍ കൃത്രിമം നടത്തിയെന്നും അദ്ദേഹം സമ്മതിച്ചു. തുടര്‍ന്നാണ് വരണാധികാരിയെ വിചാരണ ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയെ അറിയിച്ചത്. ഇതിനിടെ കേസിലെ സുപ്രധാന വിധി വരാനിരിക്കെ ബിജെപി മേയര്‍ മനോജ് സോങ്കര്‍ രാജിവെച്ചു. അതേസമയം ആം ആദ്മി പാര്‍ട്ടി കൗണ്‍സിലര്‍മാരായ നേഹാ മൂസാവത്, പൂനം ദേവി, ഗുരുചരണ്‍ കല എന്നിവര്‍ ബിജെപിയില്‍ ചേര്‍ന്നു. ഇതോടെ ബിജെപി അംഗങ്ങളുടെ എണ്ണം 17 ആയി.

Eng­lish Summary:Chandigarh may­oral elec­tion offi­cial should face tri­al: Supreme Court
You may also like this video

Exit mobile version