Site icon Janayugom Online

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് വെടിയേറ്റു

ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിന് വെടിയേറ്റു. ഉത്തര്‍പ്രദേശിലെ സഹറന്‍പൂരില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനുള്ള യാത്രക്കിടെയാണ് ആക്രമണമുണ്ടായത്.
കാറില്‍ സഞ്ചരിക്കവെ ദേവ്ബന്ദില്‍ വച്ച് ആസാദിന് നേരെ അജ്ഞാതസംഘം രണ്ടുതവണ വെടിയുതിര്‍ക്കുകയായിരുന്നു. ഹരിയാന രജിസ്‌ട്രേഷനിലുള്ള കാറിലാണ് അക്രമികള്‍ എത്തിയത്. ആദ്യത്തെ വെടിയുണ്ട ചന്ദ്രശേഖര്‍ ആസാദിന്റെ ഇടുപ്പില്‍ മുറിവേല്‍പ്പിച്ച ശേഷം കാറിന്റെ പിൻസീറ്റില്‍ തുളച്ചുകയറി. രണ്ടാമത്തെ വെടിയുണ്ട തലനാരിഴ വ്യത്യാസത്തില്‍ കാറിന്റെ പിൻഭാഗത്തെ ഡോറില്‍ തുളച്ചു കയറി. 

പരിക്കേറ്റ ആസാദിനെ ഉടന്‍ ദേവ്ബന്ദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതരും അറിയിച്ചു.
ആക്രമണ സമയത്ത് ആസാദിന്റെ ഇളയ സഹോദരൻ ഉള്‍പ്പെടെ അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്. പാര്‍ട്ടിപ്രവര്‍ത്തകന്റെ വീട്ടില്‍ നടന്ന “തെര്‍ഹാവി’ ചടങ്ങില്‍ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് ആക്രമണം. വെടിയുതിര്‍ത്തതിനു പിന്നാലെ അക്രമികള്‍ കടന്നുകളഞ്ഞു.

സംഭവത്തെകുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. പ്രതിപക്ഷനേതാവ് അഖിലേഷ് യാദവ് ഉള്‍പ്പെടെയുള്ളവര്‍ സംഭവത്തെ അപലപിച്ചു. സംസ്ഥാനത്ത് ജംഗിള്‍ രാജാണ് നിലവിലുള്ളതെന്ന് അഖിലേഷ് ആരോപിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ചന്ദ്രശേഖര്‍ ആസാദിന് സുരക്ഷ നല്‍കണമെന്നും ഭീം ആര്‍മി ആവശ്യപ്പെട്ടു. 

Eng­lish Summary:Chandrasekhar Azad was shot

You may also like this video

Exit mobile version