ചന്ദ്രയാൻ‑3 ന്റെ ലാൻഡർ മൊഡ്യൂൾ രൂപകൽപ്പന ചെയ്തതായി അവകാശപ്പെട്ട് ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞനായി വേഷമിടുകയും മാധ്യമങ്ങൾക്ക് അഭിമുഖം നൽകുകയും ചെയ്ത അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. സൂറത്തിൽനിന്നുള്ള മിതുൽ ത്രിവേദിയാണ് തന്റെ ട്യൂഷൻ ക്ലാസുകളിലേക്ക് കൂടുതൽ വിദ്യാർത്ഥികളെ ആകർഷിക്കാനായി ശാസ്ത്രജ്ഞനായി വേഷംമാറിയത്. ചൊവ്വാഴ്ചയാണ് സൂറത്തിൽവെച്ച് ഇയാളെ അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 23 ന് വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാന്റിങ് നടത്തിയതിന് ശേഷം പ്രാദേശിക മാധ്യമങ്ങൾക്ക് ഇയാൾ അഭിമുഖം നൽകുകയായിരുന്നു.
ഇതിനുശേഷമാണ് ത്രിവേദിക്കെതിരെ പരാതി ലഭിച്ചതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. അന്വേഷണത്തിൽ ഇയാൾക്ക് ഐ.എസ്.ആർ.ഒയുടെ ചന്ദ്രയാൻ‑3 ദൗത്യവുമായി ഒരു ബന്ധവുമില്ലെന്നും തെറ്റായ അവകാശവാദം ഉന്നയിക്കുകയായിരുന്നുവെന്നും പോലീസ് പ്രസ്താവനയിൽ അറിയിച്ചു. ആൾമാറാട്ടം വഴിയുള്ള വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ വകുപ്പുകൾ പ്രകാരം സൂറത്ത് സിറ്റി ക്രൈംബ്രാഞ്ച് പ്രതിക്കെതിരെ എഫ്.ഐ.ആർ ഫയൽ ചെയ്തു. ത്രിവേദി ഒരു സ്വകാര്യ അദ്ധ്യാപകനാണെന്നും കൂടുതൽ വിദ്യാർത്ഥികളെ തന്റെ ട്യൂഷൻ ക്ലാസുകളിലേക്ക് ആകർഷിക്കുന്നതിനായി മാധ്യമങ്ങൾക്ക് മുന്നിൽ ശാസ്ത്രജ്ഞനായി വേഷം കെട്ടുകയായിരുന്നെന്നും അഡീഷണൽ പോലീസ് കമ്മീഷണർ ശരദ് സിംഗാൽ പറഞ്ഞു.
English summary; Chandrayaan‑3 Mission Scientist Fake Interview: Teacher Arrested
you may also like this video;