ചന്ദ്രയാൻ 3 സോഫ്റ്റ് ലാന്‍ഡിങ് വിജയകരം. ആദ്യമായി ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് ചെയ്യുന്ന നാലാമത്തെ രാജ്യമായി ഇതോടെ ഇന്ത്യ മാറി. 690 സെക്കന്‍ഡ് സഞ്ചരിച്ചാണ് 7.9 കിലോമീറ്റര്‍ അടുത്തെത്തിയത്. സോഫ്റ്റ് ലാൻഡിംഗിന്റെ ആദ്യ രണ്ട് ഘട്ടവും വിജയകരമായി പൂര്‍ത്തിയായ ശേഷം 19 മിനിറ്റ് കൊണ്ട് വിവിധ ഘട്ടങ്ങളിലൂടെയാണ് ലാൻഡിംഗ് പൂർത്തിയായത്.
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ മാൻസിനസ് സി, സിംപിലിയസ് എൻ ഗർത്തങ്ങളുടെ ഇടയിലാണ് ചന്ദ്രയാൻ മൂന്ന് ഇറങ്ങിയത്. നാല് കിലോമീറ്റർ വീതിയും 2.4 കിലോമീറ്റർ നീളവുമുള്ള പ്രദേശമാണ് ലാൻഡിങ്ങിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ചന്ദ്രയാൻ രണ്ട് ഓർബിറ്ററിൽ നിന്നുള്ള ചിത്രങ്ങൾ വച്ചാണ് ലാൻഡിങ്ങ് സ്ഥാനം തെരഞ്ഞെടുത്തത്.
ബെംഗളൂരു ഇസ്ട്രാക്കിലെ മിഷൻ ഓപ്പറേഷൻസ് കോംപ്ലക്സിൽ നിന്നാണ് നിയന്ത്രണം. ഐഎസ്ആർഒയുടെ കൂറ്റൻ ആന്റിനകൾക്കൊപ്പം അമേരിക്കയുടെയും യൂറോപ്യൻ സ്പേസ് ഏജൻസിയുടെയും ഡീപ്പ് സ്പേസ് നെറ്റ്വർക്കുകൾ ചന്ദ്രയാനിൽ നിന്നുള്ള സിഗ്നലുകൾക്കായി കാതോർത്തിരിക്കുകയാണ്.