Site iconSite icon Janayugom Online

ചന്ദ്രയാൻ 3 ഇന്ന് കുതിച്ചുയരും

ഇന്ത്യയുടെ മൂന്നാം ചാന്ദ്ര ദൗത്യം ഇന്ന്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ നിലയത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്ന് ഉച്ചകഴിഞ്ഞ് 2.35 ന് എല്‍വിഎം-3 റോക്കറ്റിലേറി ചന്ദ്രയാൻ‑3 കുതിച്ചുയരും. വിക്ഷേപണത്തോടനുബന്ധിച്ചുള്ള കൗണ്ട്ഡൗണ്‍ ഇന്നലെ ഉച്ചയ്ക്ക് 1.05 ന് ആരംഭിച്ചു. 25 മണിക്കൂര്‍ 30 മിനിറ്റാണ് കൗണ്ട്ഡൗണ്‍. 3.84 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ച് ചന്ദ്രയാൻ‑3 അടുത്ത മാസം 23 നോ 24നോ ചന്ദ്രോപരിതലത്തിലെത്തുമെന്നാണ് പ്രതീക്ഷ.

ചന്ദ്രയാൻ‑3ന് മൂന്ന് ഘടകങ്ങളാണ് ഉള്ളത്. ലാന്‍ഡര്‍ മൊഡ്യൂള്‍ ചന്ദ്രനിലേക്ക് ഇറങ്ങുമ്പോള്‍ റോവര്‍ ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിക്കും. ലാൻഡര്‍, റോവര്‍ എന്നിവയെ ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തിക്കുകയെന്നതാണ് പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിന്റെ ചുമതല.
ലാൻഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറക്കിയ ശേഷം റോവര്‍ അതിന്റെ പര്യവേക്ഷണം തുടരും. പ്രൊപ്പല്‍ഷൻ മോഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പേലോഡിന്റെ ആയുസ് മൂന്ന് മുതല്‍ ആറ് മാസം വരെയാണ്. 

എന്നാല്‍ ലാൻഡറിന് ഒരു ചാന്ദ്ര ദിനം അല്ലെങ്കില്‍ 14 ഭൗമ ദിനമായിരിക്കും ആയുസ്. ദൗത്യം വിജയിച്ചാല്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാൻഡിങ് നടത്തുക, ചന്ദ്രനില്‍ റോവറിന്റെ ചലനശേഷി നിരീക്ഷിക്കുക, ചന്ദ്രന്റെ ഘടന മനസിലാക്കുന്നതിനായി ഉപരിതലത്തിലെ രാസ, പ്രകൃതിമൂലകങ്ങള്‍, മണ്ണ്, വെള്ളം എന്നിവയില്‍ ശാസ്ത്രീയ പരീക്ഷണങ്ങള്‍ നടത്തുക എന്നിവയാണ് ചന്ദ്രയാൻ‑3ന്റെ ലക്ഷ്യം. ചന്ദ്രയാൻ‑2ന്റെ പിന്തുടര്‍ച്ചയായിട്ടാണ് ചന്ദ്രയാൻ‑3 വിക്ഷേപിക്കുന്നത്. 2019ല്‍ വിക്ഷേപിച്ച ചന്ദ്രയാൻ‑2 പൂര്‍ണ വിജയമായിരുന്നില്ല. അന്ന് ലാൻഡര്‍ ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയതോടെ ബന്ധം നഷ്ടപ്പെടുകയായിരുന്നു.

Eng­lish Summary:Chandrayaan 3 will lift off today

You may also like this video

Exit mobile version