Site iconSite icon Janayugom Online

ജന്മഭൂമിയിൽ അച്ചടിച്ച് വന്നത് ചന്ദ്രികയുടെ എഡിറ്റോറിയൽ; പരിഹാസവുമായി സമൂഹ മാധ്യമം

ബിജെപിയുടെ മുഖപത്രം ജന്മഭൂമിയിൽ അച്ചടിച്ച് വന്നത് മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയുടെ എഡിറ്റോറിയൽ. പ്രിന്റിങ്ങിലെ അബദ്ധമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ എഡിറ്റോറിയൽ പേജിൽ ഇടതു മുന്നണിക്കെതിരെ ശക്തമായ വിമർശനങ്ങളുണ്ടെങ്കിലും ബിജെപിക്കെതിരായ പരാമർശങ്ങൾ ഒന്നും തന്നെയില്ല. ഇതാണ് സമൂഹ മാധ്യമങ്ങൾ ആഘോഷമാക്കുന്നത്. ജന്മഭൂമിയുടെ ഇന്നത്തെ കണ്ണൂര്‍ എഡിഷന്‍ പേജിലാണ് പേജ് മാറിവന്നത്.

 

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളുടെയും എം കെ മുനീറിന്റെയും ലേഖനം ഉള്‍പ്പെടെ എഡിറ്റോറിയല്‍ പേജിലുണ്ട്. ‘അലകും പിടിയും ഇടതുമുന്നണി’ എന്ന തലക്കെട്ടിലാണ് എഡിറ്റോറിയൽ. ജന്മഭൂമിയില്‍ ചന്ദ്രികയുടെ എഡിറ്റ് പേജ് അച്ചടിച്ചു വന്നിട്ടും ബിജെപിയുടെ രാഷ്ട്രീയത്തെ ഒന്ന് തൊട്ടു തൊട്ടുനോക്കുക എങ്കിലും ചെയ്യുന്ന ഒരു വരി ആ എഡിറ്റോറിയല്‍ പേജില്‍ കാണുന്നില്ലല്ലോ എന്നതാണ് അത്ഭുതമെന്ന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജ് ഫേസ്ബുക്കിൽ കുറിച്ചു. ”അതായത് ചന്ദ്രികയുടെ എഡിറ്റോറിയല്‍ പോളിസി ബിജെപിക്ക് പരിപൂര്‍ണ്ണമായി ഏറ്റെടുക്കാവുന്ന ഒന്നാണ് എന്നര്‍ത്ഥം! ഇതിനെയല്ലേ അന്തര്‍ധാര, അന്തര്‍ധാര എന്ന് പറയുന്നത്?”-പി എം മനോജ് പറഞ്ഞു.

Exit mobile version