Site iconSite icon Janayugom Online

ചാണ്ടി ഉമ്മന്‍ സ്ഥാനാര്‍ത്ഥി

പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ചാണ്ടി ഉമ്മന്‍ മത്സരിക്കും. ഇതുസംബന്ധിച്ച പ്രഖ്യാപനം കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ നടത്തി. എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഇക്കാര്യം സ്ഥിരീകരിച്ചു. പിന്നീട് എഐസിസി ജനറല്‍ സെക്രട്ടറി മുഗള്‍ വാസ്‌നിക് വാര്‍ത്താക്കുറിപ്പും പുറത്തിറക്കി.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനായത് ഒരു ചരിത്രമാണെന്നും വേണുഗോപാല്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തിനുശേഷം നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മനെയല്ലാതെ മറിച്ചാരെയും ആലോചിക്കാനില്ല. അച്ഛന്‍ രോഗശയ്യയില്‍ കിടക്കുമ്പോഴും രാഹുല്‍ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്ത് ത്യാഗം ചെയ്ത നേതാവാണ് ചാണ്ടി ഉമ്മന്‍ എന്നും വേണുഗോപാല്‍ പറഞ്ഞു. അത്യന്തം വികാരപരമായ തെരഞ്ഞെടുപ്പാകും ഇതെന്നും കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി പ്രസ്താവിച്ചു.

വലിയ ഉത്തരവാദിത്തമാണ് തന്നെ ഏല്‍പ്പിച്ചിരിക്കുന്നതെന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. സ്ഥാനാര്‍ത്ഥി തീരുമാനം പാര്‍ട്ടി ഒറ്റക്കെട്ടായി എടുത്തതാണെന്ന് വി ഡി സതീശനും പറഞ്ഞു.

സെപ്തംബർ അഞ്ചിനാണ് ഉപതെരഞ്ഞെടുപ്പ്. മാതൃകാപെരുമാറ്റചട്ടം നിലവിൽ വന്നു. വോട്ടെണ്ണൽ സെപ്തംബർ എട്ടിന് നടക്കും. വ്യാഴാഴ്ച  വിഞ്ജാപനം പുറത്തിറക്കും. നാമനിർദേശപത്രിക സമർപ്പിക്കേണ്ട അവസാന തിയതി ഓഗസ്റ്റ് 17 ആണ്. 21നകം പിൻവലിക്കാം.

Eng­lish Sam­mury: Chandy Oom­men puthup­pal­ly by elec­tion udf Candidate

Exit mobile version