Site icon Janayugom Online

കേരളത്തിലുണ്ടായത് ജനകീയ പങ്കാളിത്തത്തിന്റെ മാറ്റങ്ങള്‍: മുഖ്യമന്ത്രി

നാടിന്റെ സമഗ്ര മുന്നേറ്റത്തിലും നാടിനെ നേർവഴിക്ക് നയിക്കുന്നതിലും നിർണായക പങ്കാണ് റസിഡന്റ്സ് അസോസിയേഷനുകൾക്കുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റസിഡന്റ്സ് അസോസിയേഷനുകളുമായുള്ള മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കഴിഞ്ഞ ഏഴര വർഷത്തിനിടെ കേരളത്തിൽ സംഭവിച്ചിട്ടുള്ള മാറ്റങ്ങളൊക്കെ വലിയ ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കിയ പദ്ധതികളുടെ ഫലമായി ഉണ്ടായതാണ്. നവകേരള കർമ്മപദ്ധതിയുടെ ഭാഗമായി ആവിഷ്കരിച്ച ഹരിതകേരളം, ലൈഫ്, ആർദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നീ മിഷനുകൾ അതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

റസിഡന്റ്സ് അസോസിയേഷനുകൾ എന്നത് നിയമപരമായിത്തന്നെ വ്യവസ്ഥ ചെയ്യപ്പെടുന്ന ഒരു ഘട്ടത്തിലാണ് ആധുനികസമൂഹം. നിലവിലുള്ള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിട്ടിയുടെ നിയമം തന്നെ റസിഡന്റ്സ് വെൽഫെയർ അസോസിയേഷനുകൾ വേണം എന്നു വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇത് സമൂഹത്തിൽ വ്യാപകമായാൽ ഇന്നുള്ള പല ദുഷിപ്പുകളും അവസാനിപ്പിക്കാൻ സാധിക്കും. കുട്ടികൾ വഴിതെറ്റിപ്പോകുന്നത്, അവർ മയക്കുമരുന്നിന് അടിമയാകുന്നത്, ചെറുപ്പക്കാർ തന്നെ മയക്കുമരുന്നിന്റെ വാഹകരാകുന്നത്, പെൺകുഞ്ഞുങ്ങൾ ഉപദ്രവിക്കപ്പെടുന്നത് തുടങ്ങിയവയൊക്കെ വലിയൊരളവിൽ ഒഴിവാക്കുന്നതിനു വേണ്ടി ഇടപെടാൻ റസിഡന്റ്സ് അസോസിയേഷനുകൾക്ക് കഴിയും. 

അടിയന്തര സന്ദർഭങ്ങളിൽ ആവശ്യമായിവരുന്ന നമ്പറുകൾ ഓരോ വീടിന്റെയും ചുമരുകളിൽ തന്നെയുണ്ട് എന്നുറപ്പുവരുത്താൻ റസിഡന്റ്സ് അസോസിയേഷനുകൾക്ക് കഴിയും. അടിയന്തര രക്ഷാപ്രവർത്തനം വേണ്ട സന്ദർഭങ്ങളിൽ റസിഡന്റ്സ് അസോസിയേഷനുകൾക്ക് നേതൃത്വപരമായ പങ്കുവഹിക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Eng­lish Summary:Changes in pub­lic par­tic­i­pa­tion in Ker­ala: Chief Minister
You may also like this video

Exit mobile version